HOME
DETAILS

ജാതി സെൻസസ്: സർക്കാരിന്ഒഴിഞ്ഞുമാറാനാകില്ല

  
backup
September 30 2023 | 18:09 PM

caste-census-government-cant-walk-away

അഡ്വ.വി.കെ ബീരാൻ/ സുനി അൽഹാദി

?സാമൂഹിക നീതിക്കായി സംവരണം എന്ന ആശയം രൂപപ്പെട്ടത് എപ്പോഴാണ്

സംവരണം എന്ന ആശയം രാജ്യത്ത് ഉടലെടുത്തിട്ട് 100 വർഷം കഴിഞ്ഞിരുക്കുന്നു. 1920ൽ പഴയ മൈസൂർ സ്റ്റേറ്റിലാണ് രാജ്യത്ത് ആദ്യമായി സംവരണം തുടങ്ങിയത്. കേരളം രൂപീകൃതമാകുന്നതിനുമുമ്പ് തന്നെ ഇവിടെയും സംവരണം തുടങ്ങിയിരുന്നു. കൊച്ചി രാജ്യത്ത് ജസ്റ്റിസ് നോക്‌സ് അധ്യക്ഷനായുള്ള സംവരണ കമ്മിഷനെ 1936 ലാണ് തിരുവിതാംകൂർ മഹാരാജാവ് നിയമിച്ചത്. സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടില്ലെങ്കിലും കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് അന്നുമുതൽ സംവരണം ഏർപ്പെടുത്തിയിരുന്നു. അതിൽ പാകപ്പിഴകൾ ഉണ്ടായിരുന്നുവെങ്കിലും നല്ലൊരു ചുവടുവയ്പ്പായി മാറി.

?സംസ്ഥാനത്ത് സംവരണനയത്തിന്
നിയമപ്രാബല്യം ലഭിച്ചത്

മുൻ മുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ്‌കോയയുടെ പോരാട്ട വിജയമാണ് 1958 ഡിസംബർ 17ന് നിയമപരമായ പിന്തുണയോടെ സംവരണം നിലവിൽ വന്നത്. മുസ് ലിംകൾ, ഈഴവർ, ധീവരർ എന്നിങ്ങനെ 72 വിഭാഗക്കാരാണ് അന്ന് സംവരണ പട്ടികയിൽ ഉണ്ടായിരുന്നത്. അന്ന് 10 ശതമാനം സംവരണമാണ് മുസ് ലിംകൾക്ക് അനുവദിച്ചിരുന്നത്. 14ശതമാനം സംവരണം ഈഴവർക്കും അനുവദിച്ചിരുന്നു. ഈഴവർക്ക് സർക്കാർ ഉദ്യോഗ നിയമന പട്ടികകളിൽ റോസ്റ്ററിൽ ഒന്നാമത്തെ സ്ഥാനമായിരുന്നു. അതായത് രണ്ടാമത്തെ നിയമനം അവർക്ക് കിട്ടും. മുസ്ലിംകൾക്ക് ആറാമത് സ്ഥാനമാണ്. ആറ് ഒഴിവുകളുണ്ടെങ്കിലേ മുസ് ലിം സമുദായക്കാരന് നിയമനം കിട്ടുകയുള്ളൂ. ഈഴവർക്ക് ആകട്ടെ രണ്ട് ഒഴിവുകളുണ്ടായാലും നിയമനം കിട്ടും. 1958 ഡിസംബർ മുതൽ ഇത്തരത്തിലുള്ള സംവരണ രീതിയാണ് തുടർന്നുവന്നത്.

?സംവരണവിഷയത്തിൽ നിയമപോരാട്ടത്തിലേക്ക് എത്തുന്നത് എങ്ങനെ

യഥാർഥത്തിൽ അതിന് നിമിത്തമായി മാറിയത് മുൻമുഖ്യമന്ത്രി കെ. കരുണാകരനാണ്. 1991ൽ അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ എന്നെ അഡിഷണൽ അഡ്വ. ജനറലായി നിയോഗിക്കുകയായിരുന്നു. സുപ്രിംകോടതിയിൽ മണ്ഡൽ കമ്മിഷൻ കേസുകൾ സജീവമായി നിൽക്കുന്ന കാലമായിരുന്നു അത്.
വി.പി സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ 1990ലാണ് സുപ്രിംകോടതിയിൽ മണ്ഡൽ കേസ് വരുന്നത്. മറ്റ് പിന്നോക്കക്കാർക്ക് 27ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് അന്നുണ്ടായത്. ഇതിനെതിരേ രാജ്യവ്യാപക പ്രക്ഷോഭമുണ്ടായി. മുന്നോക്ക വിഭാഗം നടത്തിയ സമരത്തിൽ ആത്മാഹുതി വരെയുണ്ടായി. വലിയ രാഷ്ട്രീയ കോളിളക്കവും സൃഷ്ടിച്ചു. മണ്ഡൽ കമ്മിഷനെതിരേ നിരവധിപേരാണ് അന്ന് സുപ്രിംകോടതിയെ സമീപിച്ചത്. മണ്ഡൽ കേസിൻ്റെ ആരംഭത്തിൽ കേരളം ഭരിച്ചിരുന്നത് ഇടതുമുന്നണി സർക്കാരായിരുന്നു. കേരളത്തിനുവേണ്ടി ഹാജരാകാനായി ഇടതുമുന്നണി റിട്ട. ജസ്റ്റിസ് സുബ്രഹ്‌മണ്യൻ പോറ്റിയെയാണ് നിയോഗിച്ചത്. എന്നാൽ, 91ൽ യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ, മുഖ്യമന്ത്രിയായി ചുമതലയേറ്റ കെ. കരുണാകരന് സുബ്രഹ്‌മണ്യൻ പോറ്റി ഈ വിഷയത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നതിനോട് താൽപര്യമില്ലായിരുന്നു.
മുഖ്യമന്തിയുടെ ഈ താൽപര്യക്കുറവ് അന്നത്തെ അഡ്വ. ജനറലാണ് എന്നോട് പറഞ്ഞത്. പോറ്റിയെ മാറ്റണമെന്നായിരുന്നു നിർദേശം. എന്നാൽ, അത് ശരിയല്ലെന്ന് ഞാൻ തുറന്നുപറഞ്ഞു. ജഡ്ജിയായിരിക്കുമ്പോൾ സാമൂഹിക നീതിക്കായി കൂടുതൽ പോരാടിയ വ്യക്തിയും അത് എങ്ങനെയാണ് നടപ്പാക്കേണ്ടതെന്ന് അറിയാവുന്നയാളുമാണ് സുബ്രഹ്‌മണ്യൻ പോറ്റി. അദ്ദേഹത്തെ മാറ്റുന്നത് പിന്നോക്ക വിഭാഗങ്ങൾക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നും ഞാൻ പറഞ്ഞു, മുഖ്യമന്ത്രിയോടും ഇക്കാര്യം നേരിട്ട് പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രി എന്നോട് ആവശ്യപ്പെട്ടത്, എങ്കിൽ ഞാൻ കൂടി ആ കേസ് നോക്കണമെന്നായിരുന്നു. 'പോറ്റിയെ മാറ്റണമെന്നതാണ് എൻ്റെ അഭിപ്രായം, കേസിൽ എന്തെങ്കിലും തകരാർ പറ്റിയാൽ താങ്കളായിരിക്കും അതിന് ഉത്തരവാദി' എന്നും കെ. കരുണാകരൻ അന്ന് വ്യക്തമാക്കി. അങ്ങനെയാണ് ഞാൻ ഈ കേസ് ആഴത്തിൽ പഠിച്ചതും കോടതിയിൽ ഹാജരായി തുടങ്ങിയതും. വിശദമായി വാദം കേട്ടതിനുശേഷം 1000 പേജുള്ള ഉത്തരവാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. അത് പിന്നീട് പിന്നോക്ക സംവരണ സംരക്ഷണത്തിനുള്ള മാഗ്‌നകാർട്ടയായി മാറുകയും ചെയ്തു.

?മണ്ഡൽ കേസിലെ വിധിയും സർക്കാർ
നടപടികളും

1992 നവംബറിലാണ് മണ്ഡൽകേസിലെ വിധി വരുന്നത്. ആഴ്ചയിലെ മൂന്നുദിവസവും ഒമ്പതംഗ ജഡ്ജിമാർ വാദം കേട്ടാണ് വിധി പ്രസ്താവത്തിലേക്ക് എത്തിയത്. രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെപ്പറ്റി സമഗ്രമായി വിശകലനം ചെയ്ത കേസ് കൂടിയായിരുന്നു മണ്ഡൽ കേസ്. കേരളത്തിലെയും കർണാടകയിലെയും എല്ലാ മുസ് ലിംകളും മറ്റ് പിന്നോക്ക വിഭാഗത്തിൽപെട്ടതാണെന്ന് വിധിയിലുണ്ട്. കർണാടകയിലെ സംവരണം ശരിയല്ലെന്ന് അടുത്തകാലത്ത് അമിത്ഷാ പറയുമ്പോൾ ഈ വിധിപ്രസ്താവമാണ് അതിന് മറുപടിയായി ചൂണ്ടിക്കാണിക്കാനുള്ളത്. കേരളത്തിലും ഇത് ബാധകമാണ്. മണ്ഡൽ കേസിലെ വിധി ഇല്ലെങ്കിൽ മുമ്പ് തന്നെ കേരളത്തിലെ സംവരണം അടിച്ചുമാറ്റപ്പെട്ടേനെ. പല ദശാബ്ദങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംവരണം കൊണ്ട് യഥാർഥത്തിൽ പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് ഒരുഗുണവും ഉണ്ടായിട്ടില്ലെന്ന് ബോധ്യമായതുകൊണ്ടാണ് എല്ലാ 10 വർഷം കൂടുമ്പോഴും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംവരണം പുനഃപരിശോധിക്കണമെന്നും ആവശ്യത്തിന് സംവരണം കിട്ടിയിട്ടുള്ള വിഭാഗത്തെ സംവരണത്തിൽ നിന്ന് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും നിയമം നിർമിക്കണമെന്നും ഇതിനായി കമ്മിഷൻ പോലുള്ള സ്ഥിരം സംവിധാനമുണ്ടാക്കണമെന്നും ഈ സംവിധാനമായിരിക്കണം സംവരണം പുനഃപരിശോധിക്കാൻ നേതൃത്വം നൽകേണ്ടതെന്നും കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് 1993 മാർച്ച് 10ന് കേരള സംസ്ഥാന പിന്നോക്ക കമ്മിഷൻ ആക്ട് നടപ്പാക്കുന്നത്. എല്ലാസംസ്ഥാനങ്ങളും ഇത്തരത്തിൽ നിയമം പാസാക്കിയിട്ടുണ്ട്. 10 വർഷം കൂടുമ്പോൾ സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള അധികാരം സർക്കാരുകളിൽ നിക്ഷിപ്തമായിരുന്നു.
കെ. കരുണാകരൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്. മുസ് ലിം ലീഗ് പ്രധാനപ്പെട്ട പങ്കാളിയുമായിരുന്നു ഭരണത്തിൽ. എന്നാൽ, അന്ന് നടപ്പാക്കാൻ കഴിഞ്ഞില്ല. 2003ലും എ.കെ ആൻ്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരും പഠനം നടത്താനോ പട്ടിക പുതുക്കാനോ തയാറായില്ല. 2013ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു.ഡി.എഫ് സർക്കാരും മറിച്ച് ചിന്തിച്ചില്ല. മൂന്ന് സമയത്തും മുസ്ലിം ലീഗിൻ്റെ പങ്കാളിത്തമുണ്ടായിരുന്ന സർക്കാരാണ് പിന്നോക്കക്കാരുടെ അവസ്ഥയ്ക്ക് ഉതകുന്നരീതിയിൽ പ്രവർത്തിക്കാതിരുന്നത് എന്നതും ഖേദകരമാണ്.

?കോടതികളിലൂടെയല്ലാത്ത മറ്റു പോരാട്ട വഴികൾ

1991ന് മുമ്പ് തന്നെ ഞാൻ ഇടപെട്ടിരുന്നു. ജസ്റ്റിസ് എ.എം അഹമ്മദി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ഉടൻ എറണാകുളത്ത് വച്ച് കൺവൻഷൻ നടന്നിരുന്നു. അന്നും സംവരണവിഷയം ചർച്ചചെയ്തിരുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് നിവേദനം നൽകിയിരുന്നു. പട്ടിക പുതുക്കണമെന്നാവശ്യപ്പെട്ട് ഗവർണറെയും കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഭരണഘടനാപരമായ ബാധ്യത കേരളസർക്കാർ നിറവേറ്റുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഗവർണർക്ക് നിവേദനം കൊടുത്തത്. ഗവർണറുടെ ഓഫിസ് സർക്കാരിനോട് വിശദീകരണം ചോദിച്ചപ്പോൾ അവർക്ക് അധികാരമില്ലെന്നായിരുന്നു മറുപടി. സി.എച്ച് മുഹമ്മദ് കോയയുടെ കാലശേഷം ആരും തന്നെ മുസ് ലിംകളുടെ കാര്യങ്ങളിൽ ഇടപെടാൻ മുന്നോട്ട് വന്നിട്ടില്ല. കേരളത്തിൽ നിന്നുള്ള ഒരുമുസ് ലിം ആദ്യമായി ഹൈക്കോടതി ജഡ്ജിയാകുന്നത് 1968ലാണ്. സംവരണം കൊണ്ടാണ് മുസ് ലിംകൾക്ക് ഉദ്യോഗപ്രാതിനിധ്യം വരുന്നതെന്ന് ആരും മനസിലാക്കുന്നില്ല.

?പിന്നോക്ക വിഭാഗക്കാരെ സംവരണപോരാട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൻ്റെ കാരണം

അപകർഷതാബോധമാണ് പിന്നോക്കവിഭാഗക്കാരെ പിന്തിരിപ്പിക്കുന്ന ഘടകം. നേതാക്കളുടെ ചിന്തയും മറിച്ചല്ല. മറ്റുള്ളവർ എന്ത് വിചാരിക്കും, ഇങ്ങനെ അവകാശങ്ങൾ ചോദിച്ചാൽ അവർ എന്ത് കരുതും എന്നൊക്കെയുള്ള ചിന്തകളാണ്. സംവരണകാര്യത്തിൽ എൻ.എസ്.എസ് യോഗത്തിൽ സി.എച്ച് മുഹമ്മദ് കോയ പ്രസംഗിച്ചകാര്യമാണ് മുസ് ലിം ലീഗ് നിലനിർത്തേണ്ടത്. സാമ്പത്തിക സംവരണം വിവരക്കേടാണ് എന്നായിരുന്നു സി.എച്ചിൻ്റെ അന്നത്തെ പ്രസംഗത്തിലുണ്ടായിരുന്നത്. എത്ര പ്രഗൽഭരാണ് പിന്നോക്ക വിഭാഗങ്ങളിലുള്ളത് പക്ഷേ അവരൊന്നും മുന്നോട്ട് വരുന്നില്ല. സംവരണം എന്നത് അധികാരത്തിലേക്കുള്ള പിന്നോക്കക്കാരുടെ ഇടപെടലുകളാണ്. സാമൂഹികമായ ഒരു ബലം കൂടിയാണ്. സംവരണ സംവിധാനത്തിൽ സമൂലമായ മാറ്റം അനിവാര്യമാണ്. റോസ്റ്ററിൽ രണ്ടാമത്തെ നിയമനം മുസ് ലിംൾക്ക് വേണം. 12 ശതമാനം സംവരണം എന്നത് 15 ശതമാനം എന്നതാക്കണം. അങ്ങനെ വരുമ്പോൾ രണ്ട് ഒഴിവുണ്ടെങ്കിലും മുസ് ലിം വിഭാഗത്തിൽപ്പെട്ടയാൾക്ക് നിയമനം ലഭിക്കും.

?മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് രൂപീകരിക്കാൻ കാരണം

സംവരണകേസുമായി കോടതിയിൽ പോകുന്നതിന് ട്രസ്റ്റ് രജിസ്റ്റർ ചെയ്യണം എന്നുണ്ട്. തുടർന്നാണ് മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് രൂപീകരിച്ചത്. ഇന്ത്യൻ ട്രസ്റ്റ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടാണ് കോടതിയിൽ പോയത്. പിന്നോക്കക്കാരുടെ സംവരണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹരജി ഹൈക്കോടതിയിൽ ഇടയ്ക്ക് വന്നിരുന്നല്ലോ?
ഹിന്ദു സേവ കേന്ദ്രയാണ് ഇത്തരത്തിൽ ഹരജിയുമായി കോടതിയെ സമീപിച്ചത്. മുസ് ലിം, ലാറ്റിൻ കാത്തലിക്, ക്രിസ്ത്യൻ നാടാർ, ക്രിസ്ത്യൻ മതവിഭാഗങ്ങളിലേക്ക് മാറിയ പട്ടികജാതിക്കാർ മുതലായ സമുദായങ്ങളെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കമായി കണക്കാക്കരുത് എന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, ഹൈക്കോടതി ഈ ഹരജി തള്ളുകയായിരുന്നു.

?ആദിവാസി മേഖലകളിൽ സംവരണത്തിൻ്റെ ആവശ്യകത

ആദിവാസി മേഖലകളിലൊക്കെ കടുത്ത പിന്നോക്കാവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. പ്രസവിക്കാൻ സ്ത്രീകളെ ചാക്കിൽകെട്ടികൊണ്ടുപോകുന്ന അവസ്ഥയാണുള്ളത്. പിന്നോക്കാവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ സംവരണം മാത്രമേ വഴിയുള്ളു. അതാത് കാലത്തെ സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങൾക്കൊപ്പമാണ് നിന്നത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് കഴിഞ്ഞ എ.ഐ.സി.സിയിൽ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെടുമ്പോൾ സംസ്ഥാനനേതൃത്വം ഒന്നും മിണ്ടിയിട്ടില്ല.

?വരാനിരിക്കുന്ന ജാതി സെൻസസിനെ നോക്കികാണുന്നത്

ജാതി സെൻസസ് നടക്കുമ്പോൾ പിന്നോക്കവിഭാഗങ്ങൾ വളരെ ജാഗരൂകരായിരിക്കണം. സർവേ നടത്തുന്ന ഉദ്യേഗസ്ഥർക്ക് വേണ്ടത്ര വിവരങ്ങൾ നൽകി സഹകരിക്കണം. അല്ലാത്തപക്ഷം വൻ അട്ടിമറി നടക്കാൻ സാധ്യതയുണ്ട്. വളരെ പിന്നോക്കമുള്ള സമുദായങ്ങൾ മുന്നോക്കമാണെന്ന് വരാനും സാധ്യതയുണ്ട്. പിന്നോക്കസമുദായങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് മുസ് ലിം സമുദായത്തിലാണ്. അതുകൊണ്ട് മുസ് ലിം സമുദായമായിരിക്കണം ജാതി സർവേയ്ക്ക് മുൻപന്തിയിൽ നിൽക്കേണ്ടത്. ബോധവൽക്കരണമാണ് കൂടുതൽ നടക്കേണ്ടത്. പട്ടിക പുതുക്കുന്നതിലൂടെ എന്തൊക്കെനേട്ടമാണ് ഓരോർത്തർക്കും ലഭിക്കുന്നതെന്നും അറിഞ്ഞിരിക്കണം.

?കേസിനായി താങ്കളുടെ ഇഷ്ടവാഹനം വിൽപന നടത്തിയോ

ഏറെ ഇഷ്ടത്തോടെയാണ് ഒരു ബെൻസ് കാർ വാങ്ങിയത്. പക്ഷേ കേസ് നടത്താൻ എയർപോർട്ടിനടുത്തുള്ള ഭൂമി വിൽക്കാൻ താമസം നേരിട്ടപ്പോൾ ബെൻസ് വിൽക്കേണ്ടിവന്നു. പോരാട്ടം പിന്നോക്ക വിഭാഗക്കാർക്ക് വേണ്ടിയാണ്. 30 വർഷമായിട്ടും പുതുക്കാത്ത സംവരണ പട്ടിക പുതുക്കി അധികാരകേന്ദ്രങ്ങളിലും ഉദ്യോഗത്തിലുമൊക്കെ അവരുടെ പങ്കാളിത്തം ഉറപ്പിക്കാൻ വേണ്ടിയാണ്. സുപ്രിംകോടതിയുടെ ഇപ്പോഴത്തെ നീക്കത്തിൽ നിറപ്രതീക്ഷയാണ്. പിന്നോക്കവസ്ഥയിലുള്ളവരും വൈകാതെ മുന്നോട്ട് വരും തീർച്ച.

Content Highlights:Caste Census: Government Can't Walk Away



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago