സി.എച്ച് സാഗരം പോലെ ഒരു ജീവിതം
സി.എച്ച് സാഗരം പോലെ ഒരു ജീവിതം
1970കളുടെ അവസാനമാണ്. ഒരു ഞായറാഴ്ച. സി.എച്ച് നടക്കാവിലെ
വീട്ടിലുണ്ട്. അദ്ദേഹം അയല്‍വാസികളെയെല്ലാം ഫോണ്‍ ചെയ്തു.
'ഇന്നാരും പുറത്തിറങ്ങരുത്'… 'എന്തുപറ്റി, എന്താ കാര്യം…' എല്ലാവര്‍ക്കും ഉത്കണ്ഠ. ഗൗരവം വിടാതെ സി.എച്ച് പറഞ്ഞു:
'മുനീര്‍ ഡ്രൈവിങ് പഠിക്കുന്നുണ്ട്, കാറെടുത്ത് പുറത്തിറങ്ങിയിട്ടുണ്ട്
നവാസ് പൂനൂര്‍
സി.എച്ചിനെക്കുറിച്ച് പറയാന്‍ എനിക്കൊരു ജന്മം പോര. മഹാസമുദ്രത്തിന്റെ തീരത്തിരുന്ന് തിരമാലകള്‍ നോക്കി കടലിന്റെ ആഴമളക്കാന്‍ ശ്രമിക്കുന്നതുപോലെ വ്യര്‍ഥമാണ് ഇതുപോലൊരു ലേഖനത്തില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സംഭവബഹുലമായ ജീവിതംപറയാന്‍ ശ്രമിക്കുന്നത്. സി.എച്ചില്ലാതെ നാല്‍പത് നീണ്ട വര്‍ഷങ്ങള്‍ കടന്നുപോയി. പൊതുരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നതിനേക്കാള്‍ പത്തു വര്‍ഷം കൂടുതല്‍.
സി.എച്ചിന്റെ പ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, ഒരിക്കലെങ്കിലും കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവരാണ് ഇന്നുള്ളവരില്‍ ഏറെയും. എന്നിട്ടും അവര്‍ ഹൃദയത്തില്‍ കുടിയിരുത്തിയിരിക്കുന്നു ആ സൗമ്യദീപ്തരൂപം. അതുകൊണ്ടുതന്നെ ഇന്നും മധുരമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ നാം മത്സരിക്കുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കംനിന്ന സമുദായത്തിനു പ്രകാശമേകി മെഴുകുതിരിപോലെ ഉരുകിത്തീര്‍ന്നു, ആ ജീവിതം. മുസ്‌ലിം സമുദായത്തെ ഉശിരു പിടിപ്പിക്കുകയും ഉശിരു പഠിപ്പിക്കുകയും ചെയ്തു അദ്ദേഹം. എത്രപറഞ്ഞാലും തീരാത്തത്രയും വര്‍ണാഭമാണ് ആ ജീവിതം.
സി.എച്ച് എന്നു കേട്ടാല്‍ ലോകമലയാളികളുടെ മനസില്‍ ഒരുമുഖമേ തെളിയൂ, അതു സാക്ഷാല്‍ സി.എച്ച് മുഹമ്മദ് കോയയുടേതു തന്നെ. യഥാര്‍ഥത്തില്‍ സി.എച്ച് എന്നത് അദ്ദേഹത്തിന്റെ വീട്ടുപേരിന്റെ ചുരുക്കമല്ല. അതൊരു കൈതെറ്റിന്റെ ഭാഗ്യചിഹ്നമാണ്. ശരിക്കും സി.കെ മുഹമ്മദ് കോയ ആകേണ്ടിയിരുന്ന ചെറിയാരന്‍കണ്ടി മുഹമ്മദ് കോയ എന്ന ആള്‍ വെറും സി.എച്ച് ആയിത്തീരുന്ന കഥ കേള്‍ക്കട്ടെ. പയ്യം പുനത്തില്‍ ആലി മുസ്‌ലിയാരുടെ മകന്‍ ചെറിയാരന്‍കണ്ടി മുഹമ്മദ് കോയയെ വേളൂര്‍ ഹയര്‍ എലിമെന്ററി സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ഈസക്കുട്ടി മാസ്റ്റര്‍ എന്ന അധ്യാപകനു പറ്റിയ കൈപ്പിഴയാണിത്. ചെറിയാരന്‍കണ്ടി എന്ന വീട്ടുപേരിന്റെ ആദ്യ രണ്ട് അക്ഷരമായ 'സി.എച്ച്' എന്നത് വിദ്യാര്‍ഥിയുടെ ഇനീഷ്യലായി ചേര്‍ക്കുകയാണുണ്ടായത്. കോങ്ങന്നൂര്‍ എലിമെന്ററി സ്‌കൂളില്‍നിന്ന് ഒന്നാംക്ലാസ് കഴിഞ്ഞ മുഹമ്മദ് കോയയെ രണ്ടാം ക്ലാസില്‍ വേളൂര്‍ സ്‌കൂളില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വേളൂര്‍ എലിമെന്ററി സ്‌കൂളും പ്രധാനാധ്യാപകന്‍ ഈസക്കുട്ടി മാസ്റ്ററുമായിരുന്നു.
അധ്യാപകവൃത്തി ജീവിതോപാധിയായി കണ്ടില്ല മാസ്റ്റര്‍, ഒരനുഷ്ഠാനമായിരുന്നു ഈ മാതൃകാധ്യാപകനു ജോലി. കണ്ണൂരുകാരനായ മാസ്റ്റര്‍ ഇവിടെ പ്രധാനാധ്യാപകനായി വന്നതോടെ സ്‌കൂളിന്റെ മാത്രമല്ല, അത്തോളിയുടെ തന്നെ മുഖച്ഛായ മാറാന്‍ തുടങ്ങി. മുസ്‌ലിം സമുദായത്തെ ആധുനിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. വീടുകള്‍തോറും കയറിയിറങ്ങി കുട്ടികളെ സ്‌കൂളിലെത്തിച്ചു. സി.എച്ചിന്റെ ഉല്‍കൃഷ്ടമായ കഴിവുകള്‍ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതില്‍ പ്രധാനിയായിരുന്നു ഈസക്കുട്ടി മാസ്റ്റര്‍. ഇവിടുത്തെ സാഹിത്യ സമാജങ്ങളായിരുന്നു സി.എച്ചിന്റെ പ്രസംഗക്കളരി. സമകാലിക സംഭവങ്ങളോട് ക്രിയാത്മകമായി സംവദിക്കാനും മുന്നില്‍ കാണുന്നത് സ്വാദിഷ്ടമായ സാഹിത്യാനുഭൂതിയാക്കി മാറ്റാനുമുള്ള സര്‍ഗസിദ്ധി ആ കുരുന്നുമനസില്‍ മുളപൊട്ടിയത് ഇവിടെ നിന്നായിരുന്നു. 'അത്തോളിയിലെ സര്‍ സയ്യിദ്' എന്നാണ് സി.എച്ച് ഈസക്കുട്ടി മാസ്റ്റര്‍ക്കിട്ട പേര്. പയ്യം പുനത്തില്‍ ആലി മുസ്‌ലിയാരുടെയും ചെറിയാരന്‍കണ്ടി മറിയമ്മയുടെയും മൂത്ത പുത്രനായി 1927 ജൂലൈ 15നു ജനിച്ച മുഹമ്മദ് കോയ പഠിക്കാന്‍ മിടുക്കനായിരുന്നു.
പ്രൈമറി സ്‌കൂള്‍ കഴിഞ്ഞ് കൊയിലാണ്ടി ഹൈസ്‌കൂളിലാണു പഠിച്ചത്. പത്താം ക്ലാസും കഴിഞ്ഞ് സാമൂതിരി കോളജിലെത്തിയപ്പോള്‍ ഈ പിശക് കണ്ടുപിടിച്ചു. പ്രൊഫസര്‍ കെ.എസ് കൃഷ്ണയ്യര്‍ എന്ന അധ്യാപകന്‍ മുഹമ്മദ് കോയയോട് തമാശയായി പറഞ്ഞു: 'ചെറിയാരന്‍കണ്ടി എന്ന വീട്ടുപേരുള്ളവനെ സി.എച്ച് എന്ന ഇനീഷ്യലുമായി നടക്കാന്‍ അനുവദിക്കില്ല. താന്‍ ചെറിയാരന്‍കണ്ടി എന്ന വീട്ടുപേര് മാറ്റണം. അല്ലെങ്കില്‍ തന്റെ ഇനീഷ്യല്‍ സി.കെ എന്നാക്കണം.
കമ്പാനിയന്‍ ഓഫ് ഹോണര്‍ എന്ന ബഹുമതി ഇംഗ്ലണ്ടിലുണ്ടെന്ന് ഇതിനകം മനസിലാക്കിവച്ച ആ വിദ്യാര്‍ഥി ചാടിയെഴുന്നേറ്റ് വിനയപൂര്‍വം പറഞ്ഞു: 'പറ്റില്ല സര്‍, ഇത് കമ്പാനിയന്‍ ഓഫ് ഹോണര്‍ എന്നതിന്റെ ചുരുക്കമാണ്. മിടുക്കനായ ശിഷ്യന്റെ ബുദ്ധിശക്തിയില്‍ പ്രൊ
ഫസര്‍ കൃഷ്ണയ്യര്‍ക്ക് അഭിമാനം തോന്നി. ആ കുട്ടിയുടെ നാവു പൊന്നായി, അയാള്‍ ഏറെ വൈകാതെത്തന്നെ ജനഹൃദയങ്ങളില്‍ കമ്പാനിയന്‍ ഓഫ് ഹോണര്‍ ആയി മാറി. ജനം ആ രണ്ടക്ഷരങ്ങളെ നെഞ്ചേറ്റി ആദരിച്ചു. ജനങ്ങള്‍ മാത്രമല്ല, സി.എച്ച് പോലും ആ ഇനീഷ്യലിനെ വല്ലാതെ പ്രണയിച്ചു എന്നതാണു സത്യം. കത്തെഴുതി ഒപ്പിടുമ്പോള്‍ അദ്ദേഹം സി.എച്ച് എന്നേ എഴുതാറുള്ളൂ. ഫോണില്‍ സംസാരിക്കുമ്പോഴും ഒരിക്കലും മുഹമ്മദ് കോയ ആയിട്ടില്ല, സി.എച്ച് എന്നേ പറയാറുള്ളൂ. 1965ല്‍ അദ്ദേഹം നടക്കാവില്‍ പണിത വീടിനു പേരിട്ടത് ക്രസന്റ് ഹൗസ് എന്നാണ്. അതിന്റെ ചുരുക്കവും സ.എച്ച് ആവുമല്ലോ. സ്വന്തം പേരിനെയും പാര്‍ട്ടി അടയാളമായ അര്‍ധചന്ദ്രനെയും വീടിനെയും ആത്മബന്ധിതമായ രണ്ടക്ഷരത്തിന്റെ കുമ്പിളില്‍ ഒരുക്കിയെടുക്കാന്‍ കഴിഞ്ഞു എന്നതും സത്യം.
സി.എച്ചിന്റെ മക്കളുടെ ഇനീഷ്യലൊന്നും സി.എച്ച് അല്ല. എം.കെ ആണ്. അതു മുഹമ്മദ് കോയ എന്നതിന്റെ ചുരുക്കവുമല്ല. അത്തോളിയിലെ അവരുടെ വീടായ മനത്താംകണ്ടി എന്നതിന്റെ ചുരുക്കമാണ്. സി.എച്ചിന്റെ സഹോദരന്റെ പേര് സി.കെ അബ്ദുല്ല എന്നും സഹോദരിയുടേത് സി.കെ ഫാത്തിമ എന്നുമാണ്. സി.എച്ച് എന്ന ഇനീഷ്യല്‍ ഒരാള്‍ക്കുവേണ്ടി മാത്രം കൊത്തിവച്ചപോലെ ഇന്നും സമൂഹത്തില്‍ വേറിട്ടുനില്‍ക്കുന്നു.
കേവലം 56 വര്‍ഷമേ സി.എച്ച് ജീവിച്ചുള്ളൂ. അതിനിടയില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍, എം.എല്‍.എ, സ്പീക്കര്‍, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികളിലൊക്കെയെത്തി. യൂനിറ്റ് എം.എസ്.എഫ് ഭാരവാഹിയും ശാഖാ ലീഗ് ഭാരവാഹിയും മുതല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി വരെയായി. അതെ, ജീവിച്ചിരിക്കുന്ന വര്‍ഷങ്ങളല്ല, വര്‍ഷിക്കുന്ന ജീവിതമാണ് പ്രധാനമെന്ന് ആ ധന്യജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. സി.എച്ച് മുഖ്യപത്രാധിപരായ ചന്ദ്രികയില്‍ സഹപത്രാധിപരായി ചേരാനും 37 വര്‍ഷത്തിനു ശേഷം പത്രാധിപരായി വരമിക്കാനും കഴിഞ്ഞു എന്നത് ഭാഗ്യമായി കാണുന്നു. ഏഴുവര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യാനായി എന്നത് വലിയ അഭിമാനമായി മനസില്‍ സൂക്ഷിക്കുന്നു.
സി.എച്ച് ബംഗളൂരുവിലെ ജിന്താല്‍ പ്രകൃതി ചികിത്സാലയത്തിലാണ്. ഞാനന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ 'സി.എച്ചിന്റെ കഥ'യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സമയം. എം.എന്‍ കാരശ്ശേരിയുമൊത്ത് അദ്ദേഹത്തെ കാണാന്‍ പോയി. നിലത്തുകിടത്തി കറുത്ത ചെളിമണ്ണ് മേലാകെ പുരട്ടിയിരിക്കുന്നു.
'നിങ്ങള്‍ എന്നെ കാണാന്‍ ഇത്രയുംദൂരം വന്നോ…?'
സി.എച്ചിന്റെ സ്‌നേഹം നിറഞ്ഞ കുശലാന്വേഷണത്തിനു മറുപടി പറയാനായില്ല. ഞങ്ങള്‍ക്ക് ആ കിടപ്പു കണ്ടപ്പോള്‍ പ്രയാസമായി. അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിച്ചു.
'ഇതൊക്കെ ഈ പ്രകൃതിചികിത്സയുടെ ഭാഗമാണ്…'
ഞങ്ങളുടെ പ്രയാസം കണ്ട് വിഷയം മാറ്റാനായി അദ്ദേഹം ചോദിച്ചു: 'ഗംഗാനദി കുടിച്ചുവറ്റിച്ച ഒരു മഹര്‍ഷിയുടെ കഥയില്ലേ കാരശ്ശേരീ പുരാണത്തില്‍…'
'ഉണ്ട് ജഹ്‌നു മഹര്‍ഷി' കാരശ്ശേരി പറഞ്ഞു.
'അതുപോലെ ഒരു മഹര്‍ഷിയാകാന്‍ പോവുകയാണ് ഞാന്‍. കാവേരി ഞാന്‍ കുടിച്ചുവറ്റിക്കും…'
'ങെ, അതെന്തിനാ' ഞാന്‍ ചോദിച്ചു
'എനിക്കു കുടിക്കാന്‍ കാവേരിയിലെ പച്ചവെള്ളം മാത്രമേ ഇവിടെ തരുന്നുള്ളൂ…'
പ്രയാസത്തിനിടയില്യം ഞങ്ങള്‍ ചിരിച്ചുപോയി. കാര്യമായ ഭക്ഷണമൊന്നും കിട്ടുന്നില്ല എന്ന പരാതിയാണ് സി.എച്ച് പറഞ്ഞത്. പച്ചവെള്ളം, ഒരുഗ്ലാസ് ഇളനീര്‍, രണ്ടു കഷണം പപ്പായ ഇത്രയുമാണു ഭക്ഷണം.
പ്രധാന ചികിത്സ സി.എച്ചിന് ആയിരുന്നെങ്കിലും ഭാര്യ ആമിനയും ചെറിയ ചികിത്സയ്ക്കു വിധേയയായിരുന്നു. അവര്‍ക്കും ഭക്ഷണനിയന്ത്രണമുണ്ട്. ഒരുദിവസം രാത്രി ഭാര്യ കുളിക്കാന്‍ പോയതാണ്. ഭക്ഷണവുമായി പയ്യന്‍ വന്നു. ഓരോ ഗ്ലാസ് ഇളനീരും ഈരണ്ടു കഷണം പപ്പായയും. ഭാര്യയെ കാത്തിരിക്കാതെ സി.എച്ച് കഴിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ഭാര്യക്ക് വച്ച പപ്പായയിലായി നോട്ടം. വിശപ്പു സഹിക്കാന്‍ പറ്റുന്നില്ല. ഒന്നുമറിയാത്തപോലെ സി.എച്ച് ആ പപ്പായയും കഴിച്ചു. ഭാര്യ കുളികഴിഞ്ഞ് വന്ന് തിരക്കി.
'എന്റെ പപ്പായ എവിടെ?'
'നീ ഇന്ന് ഇളനീര്‍ മാത്രം കുടിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്…' ഗൗരവത്തോടെ സി.എച്ച് പറഞ്ഞു.
ഒരിക്കലും ഒരു കാര്യത്തിനും പരിഭവിച്ചിട്ടില്ലാത്ത ഭാര്യ ഇളനീര്‍ വെള്ളം എടുത്തു കുടിച്ചു. നിഷ്‌കളങ്കയായി അവരതു കുടിക്കുന്നതുകണ്ടു സി.എച്ച് ചിരിച്ചുപോയി. അപ്പോഴേ ഭര്‍ത്താവിന്റെ കുസൃതി അവര്‍ അറിഞ്ഞുള്ളൂ.
സി.എച്ചിന്റെ വിവാഹജീവിതത്തിന്റെ ആദ്യനാളുകളില്‍ ദുഃഖത്തിന്റെ കരിനിഴല്‍ വീഴ്ത്തിയ സംഭവമുണ്ടായി. സന്താനദുഃഖമായിരുന്നു അത്. വളരെ വൈകിയാണ് അവര്‍ ഗര്‍ഭിണിയായത്. ആദ്യ പ്രസവത്തിലെ നാലു കുട്ടികളും മരിച്ചുപോയി. ആമിനയെ മൊഴിചൊല്ലാനും മറ്റൊരു വിവാഹം കഴിക്കാനും സ്വാഭാവികമായും പലരും നിര്‍ബന്ധിച്ചു. ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല സി.എച്ചിന് വിവാഹമോചനം.
'എന്നാല്‍ അവള്‍ ഇരുന്നോട്ടെ, മറ്റൊരു കല്യാണംകൂടി കഴിക്കാം' എന്നായി കാരണവന്മാര്‍. ഒരാലോചനയും സജീവമായി വന്നു. നല്ല കുടുംബം. കുട്ടി എം.ബി.ബി.എസ് ഡോക്ടറാണ്. ഈ നിര്‍ദേശവും സി.എച്ച് ചിരിച്ചുതള്ളി. പില്‍ക്കാലത്ത് ജില്ലാ മെഡിക്കല്‍ ഓഫിസറായ ഡോക്ടര്‍ റാബിയായിരുന്നു അത്.
'ഒരുപക്ഷേ, അവരത് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല' സി.എച്ച് ഒരിക്കല്‍ എന്നോടു പറഞ്ഞു.
'അതില്‍പിന്നെ എന്റെ ആമിന പെറ്റ മൂന്നുമക്കളെ പോറ്റുവളര്‍ത്താന്‍ ഞങ്ങള്‍ക്കു ഭാഗ്യമുണ്ടായി. ആ ഡോക്ടര്‍ വൈകാതെ വിവാഹിതയായി, പക്ഷേ, അവര്‍ക്കു കുട്ടികള്‍ ഉണ്ടായില്ലെന്നതാണു കഷ്ടം…'
1970കളുടെ അവസാനമാണ്. ഒരു ഞായറാഴ്ച. സി.എച്ച് നടക്കാവിലെ വീട്ടിലുണ്ട്. അദ്ദേഹം അയല്‍വാസികളെയെല്ലാം ഫോണ്‍ ചെയ്തു.
'ഇന്നാരും പുറത്തിറങ്ങരുത്…'
'എന്തുപറ്റി, എന്താ കാര്യം…'എല്ലാവര്‍ക്കും ഉത്കണ്ഠ.
ഗൗരവം വിടാതെ സി.എച്ച് പറഞ്ഞു: 'മുനീര്‍ ഡ്രൈവിങ് പഠിക്കുന്നുണ്ട്, കാറെടുത്ത് പുറത്തിറങ്ങിയിട്ടുണ്ട്…'
ഇതായിരുന്നു സി.എച്ചിന്റെ രീതി. ഭാര്യയോടും കുട്ടികളോടും സഹപ്രവര്‍ത്തകരോടുമൊക്കെ കുസൃതിയും തമാശയും പറയാനും കളിയാക്കാനും വലിയ താല്‍പര്യമായിരുന്നു. ഇങ്ങനെ ഓര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.
അവസാനമായി ഒരു വാചകംകൂടി. ഇന്ന് ഈ സമുദായമനുഭവിക്കുന്ന എല്ലാ നേട്ടങ്ങളുടെയും പിതൃത്വം സി.എച്ചിന് അവകാശപ്പട്ടതാണ്. അദ്ദേഹം വിതച്ച വിത്തിന്റെ ഗുണഫലമാണ് നാം കൊയ്‌തെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."