തെരുവുവിളക്കുകള്‍ ശരിയാക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: നഗരത്തിലെ കേടായ തെരുവുവിളക്കുകള്‍ ശരിയാക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
എന്നാല്‍ തെരുവുവിളക്കുകള്‍ ശരിയാക്കാന്‍ ടെന്റര്‍ വിളിച്ചതുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി വിജിലന്‍സിന് പരാതി നല്‍കി. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്ന ഒരു കമ്പനിയുടെ മാത്രം ടെണ്ടര്‍ അംഗീകരിച്ച് ഉപകരണങ്ങള്‍ വാങ്ങാന്‍ കൈക്കൊള്ളാനുള്ള്യുതീരുമാനം സ്റ്റോര്‍ പര്‍ച്ചേസ് മാന്യൂവല്‍ പ്രകാരം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യവ്യക്തി വിജിലന്‍സിന് ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുന്നത്.
2016-17 കാലത്തേക്കുള്ള ടെന്റര്‍ ആണ് നഗരസഭ ക്ഷണിച്ചിരുന്നത്. മൂന്ന് ടെണ്ടറുകള്‍ മാത്രമാണ് ഇതുസംബന്ധിച്ച് ലഭിച്ചതെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് മറ്റ് ടെണ്ടറുകള്‍ വേണ്ടെന്നു വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞതവണയും യുണൈറ്റഡ് ഇലക്ട്രിക്കല്‍സിനാണ് ടെണ്ടര്‍ നല്‍കിയിരുന്നത്. ആറ്റുകാല്‍പൊങ്കാലയ്ക്കും ഇവരാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.എന്നാല്‍ രണ്ടു പ്രാവശ്യവും ഇവര്‍ സ്ഥാപിച്ച ലൈറ്റുകള്‍ക്ക് അധികനാള്‍ ആയുസുണ്ടായിരുന്നില്ലെന്നും ഇവര്‍ക്കു തന്നെ ടെണ്ടര്‍ നല്‍കിയതില്‍ വിയോജിപ്പുണ്ടെന്നും അത് മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം, ഓണത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ടെണ്ടര്‍ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം ഉത്തരവായിറങ്ങി വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാനാകുമോ എന്ന ആശങ്ക മുന്നണി വ്യത്യാസമില്ലാതെ കൗണ്‍സലര്‍മാര്‍ യോഗത്തില്‍ ഉന്നയിച്ചു. ഉപകരണങ്ങള്‍ വാങ്ങാനുള്ള അനുമതി നല്‍കിയാല്‍തന്നെ അത് യഥാസമയം കിട്ടുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ഉപകരണങ്ങള്‍ കിട്ടിയാലും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ ഇവ എത്തിച്ച് ആവശ്യാനുസരണം വിതരണം ചെയ്യണം. കേടുപാടുകള്‍ പരിശോധിച്ചക്കണം. തുടങ്ങി ഒട്ടേറെ കടമ്പകള്‍ പൂര്‍ത്തിയാക്കാനുമുണ്ട്. ഓണത്തിനു മുമ്പ് നഗരത്തെ പ്രകാശപൂരിതമാക്കുവാന്‍ കഴിയുമേയെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല.
പര്‍ച്ചേസ് കമ്മിറ്റി പല തവണ ചര്‍ച്ചചെയ്ത ശേഷമാണ് ടെണ്ടര്‍ കമ്പനിക്കുനല്‍കിയതെന്ന് മറുപടി പ്രസംഗത്തില്‍ മേയര്‍ പറഞ്ഞു. പൊതുമേഖലാസ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒന്നിന് ടെണ്ടര്‍ ഏല്‍പ്പിക്കാമായിരുന്നു എന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ അഭിപ്രായം ഉന്നയിച്ചിരുന്നു. എന്നാല്‍ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണെന്ന് പര്‍ച്ചേസ് കമ്മിറ്റി അംഗം കൂടിയായ കെ.ശ്രീകുമാറും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറും പറഞ്ഞു.ഈ സ്ഥാപനം നല്‍കുന്ന ഉപകരണങ്ങളെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അത് ഗൗരവമായി കാണേണ്ടതാണെന്നും കെ.ശ്രീകുമാര്‍ പ്രതികരിച്ചു. ഇത്തരം ആക്ഷേപങ്ങള്‍ പഠിക്കാന്‍ ഇലക്ട്രിസിറ്റി സപ്ലെ ഓഫീസ് ഉദ്യോഗസ്ഥരെകൂടി കമ്മിറ്റിയില്‍ ചേര്‍ത്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യത്തിലേറെ സമയം ഉണ്ടായിട്ടും തെരുവുവിളക്ക് കത്തിക്കുന്ന കാര്യത്തില്‍ കോര്‍പറേഷന്‍ കാലതാമസം വരുത്തിയെന്ന് യു.ഡി.എഫ് അംഗം ജോണ്‍സണ്‍ ജോസഫ് കുറ്റപ്പെടുത്തി. തെരുവുവിളക്കുകള്‍ സ്ഥാപിക്കുംമുമ്പ് ഉദ്യോഗസ്ഥ തലത്തില്‍ യോഗം വിളിക്കണമെന്നും സാധനങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പരിശോധനാ സംവിധാനം വേണമെന്നും എല്‍.ഡി.എഫ് അംഗം കാഞ്ഞിരംപാറ രവി ആവശ്യപ്പെട്ടു. നഗരസഭാ പരിധയിലുള്ള എല്ലാ വാര്‍ഡുകളിലും സമ്പൂര്‍ണ വൈദ്യുതീകരണത്തിനും കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."