കൊവിഡ്: വിദേശത്തു മരിച്ച മലയാളികളുടെ എണ്ണമെത്ര ? കണക്കില്ലാതെ സര്‍ക്കാര്‍
ടി. മുഹമ്മദ്
തിരുവനന്തപുരം: വിദേശത്തുവച്ച് കൊവിഡ് ബാധിച്ച് എത്ര മലയാളികള്‍ മരിച്ചുവെന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ കണക്കില്ല. നിയമസഭയില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് കലക്ടര്‍മാര്‍ മുഖേന കണക്കുകള്‍ ശേഖരിച്ചുവരുന്നുവെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന മറുപടി.
കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍, അതില്‍ വിദേശത്തു മരിച്ചവരും ഉള്‍പ്പെടുമോയെന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കേയാണ് കണക്കുകള്‍ പോലും ലഭ്യമല്ലെന്ന മറുപടി.
കഴിഞ്ഞ മാസം കേന്ദ്രം രാജ്യസഭയില്‍ നല്‍കിയ കണക്ക് അനുസരിച്ച് ഇതുവരെ 3,570 ഇന്ത്യക്കാരാണ് വിദേശത്തുവച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 1,154 പേര്‍ സഊദിയിലും 894 പേര്‍ യു.എ.ഇയിലുമാണ് മരിച്ചത്.
കുവൈത്തില്‍വച്ച് 546 പേരും ഒമാനില്‍ 384 പേരും ബഹ്‌റൈനില്‍ 196 പേരും ഖത്തറില്‍ 106 പേരും മരിച്ചു. എന്നാല്‍ ഇതില്‍ എത്ര മലയാളികള്‍ ഉണ്ട് എന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തതയില്ലാത്ത സ്ഥിതിയാണ്. മരിച്ചവരില്‍ പകുതിയും മലയാളികള്‍ ആണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്.കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്ന സുപ്രിംകോടതി വിധിയില്‍ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളും ഉള്‍പ്പെടുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്.
ഈ ആവശ്യം വിവിധ തലങ്ങളില്‍ നിന്ന് ശക്തമായി ഉയരുന്നുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും അപകടകമരണങ്ങള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക കൊവിഡ് മരണങ്ങള്‍ക്ക് ലഭിക്കാത്തതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം മാത്രമാണ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ഏക ആശ്രയം.
കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് നോര്‍ക്ക മുഖേന നല്‍കുന്ന 25,000 രൂപയുടെ ഒറ്റത്തവണ ധനസഹായം മാത്രമാണ് നിലവില്‍ കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."