'കാനഡ പോയാലെന്താ'? ഉപരിപഠനത്തിന്പുതുവഴി തേടി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള 10 രാജ്യങ്ങള്‍ ഇവയാണ്
'കാനഡ പോയാലെന്താ'? ഉപരിപഠനത്തിന്പുതുവഴി തേടി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള 10 രാജ്യങ്ങള്‍ ഇവയാണ്
ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധി കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തിയിട്ടുള്ളത്. യു.എസ്.എ, യു.കെ, ജര്‍മ്മനി എന്നിവരോടൊപ്പം തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ കുടിയേറ്റ രാജ്യമായിരുന്നു കാനഡ. ഇപ്പോഴും അങ്ങനെ തന്നെയാണ്. മലയാളികളടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് യുവാക്കളാണ് കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതിനോടകം പ്രവേശനം നേടി രാജ്യം വിട്ടത്. അവരില്‍ പലരെയും ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കാനഡയില്‍ നിന്ന് പുറത്തുവരുന്നത്.
അതേസമയം നിലവില്‍ കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ നല്‍കുന്ന സൂചന. നയതന്ത്ര പ്രതിസന്ധി വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കില്ലെന്നാണ് കണ്ടെത്തല്‍.
എങ്കിലും പുതുതായി വിദേശ ഉപരിപഠനത്തിന് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ പലരും കാനഡക്ക് പുറത്ത് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കാനഡ പ്രതിസന്ധി നിലവില്‍ വന്നതോടെ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും ഏഷ്യയിലേക്കുമൊക്ക അന്വേഷണം വ്യാപിപ്പിച്ചതായാണ് കണ്ടെത്തല്‍. അത്തരത്തില്‍ കാനഡക്ക് പുറമെ ഉപരിപഠനത്തിന് ഏറ്റവും മികച്ച സാധ്യതകള്‍ തുറന്നിടുന്ന 10 വിദേശ രാജ്യങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.
- യു.കെ
യു.കെയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍ നിന്ന് മെച്ചപ്പെട്ട ജോലിയും ജീവിതവും തേടി യു.കെയിലേക്ക് കുടിയേറിയയാളുകള്‍ നിരവധിയാണ്. മാറുന്ന കാലഘട്ടത്തില്‍ പഠനത്തിനായാണ് പലരും യു.കെയിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ യൂറോപ്പില്‍ തന്നെ ആദ്യ സ്ഥാനത്തുള്ള രാജ്യമാണ് യു.കെ. ലോകോത്തര നിലവാരമുള്ള പഠന സമ്പ്രദായവും നൂറ്റാണ്ടിന്റെ പഴമയും പ്രൗഢിയും അവകാശപ്പെടാനാവുന്ന കലാലയങ്ങളുമാണ് യു.കെയുടെ പ്രത്യേകത.
ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍ എന്നിങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളാണ് യു.കെ നിങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കാനഡയുമായുള്ള പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്രയിക്കാവുന്ന രാജ്യമായി യു.കെ മാറിയിരിക്കുകയാണ്.
2. യു.എസ്.എ
ഇന്ത്യന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അമേരിക്കയില്ലാതെ പറ്റുമോ?
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദേശ രാജ്യം അമേരിക്കയാണ്. 4,65,791 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. കാലാകാലങ്ങളായുള്ള കുടിയേറ്റവും ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, ജോലി സാധ്യതകളുമാണ് അമേരിക്കയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.
ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, എം.ഐ.ടി എന്നിവയാണ് യു.എസ്.എയിലെ പ്രധാന സര്‍വ്വകലാശാലകള്‍. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളും അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.
3. ആസ്‌ട്രേലിയ
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യത്തില്‍ പ്രശസ്തമാണ് ആസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍. പഠന ശേഷം ലഭിക്കുന്ന ജോലി അവസരങ്ങളിലും മെച്ചപ്പെട്ട സാധ്യതകളാണ് ആസ്‌ട്രേലിയ മുന്നോട്ട് വെക്കുന്നത്. വിദേശ വിദ്യാര്‍ഥികളുടെ രാജ്യത്തേക്കുള്ള കടന്ന് വരവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും വിസ പ്രോഗ്രാമുകളും ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. വിദേശ കാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 1,00,009 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിവിധ ആസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നത്. 2023 ലേക്കെത്തുമ്പോള്‍ ഈ കണക്കുകള്‍ വമ്പിച്ച വര്‍ധനവുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, ദി ആസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഓഫ് അഡ്‌ലെയ്ഡ് എന്നിവയാണ് ആസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍.
4. ന്യൂസിലാന്റ്
രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അത്ര പോപ്പുലറല്ലാത്ത സ്റ്റഡി ഡെസ്റ്റിനേഷനായിരുന്നു ഈയടുത്ത കാലം വരെ ന്യൂസിലാന്റ്. എന്നാല്‍ സമീപ കാലത്തായി വിദേശ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കാനായി ന്യൂസിലാന്റ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിശ്കരിച്ചിരുന്നു. അതുകൊണ്ട് തന്നെ ന്യൂസിലാന്റിലേക്കുള്ള കുടിയേറ്റം വലിയ രീതിയല്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ചും കാനഡയടക്കമുളള രാജ്യങ്ങളില്‍ നിന്നുണ്ടായ പ്രതിസന്ധികള്‍ മുതലെടുക്കാനുള്ള ശ്രമത്തിലുമാണ് ന്യൂസിലാന്റ്.
യൂണിവേഴ്‌സിറ്റി ഓഫ് ഓക് ലാന്റ്, ദി വിക്ടോറിയ യൂണിവേഴ്‌സിറ്റി ഓഫ് വെല്ലിങ്ടണ്‍ എന്നിവയടക്കം ലോകപ്രശസ്തമായ നിരവധി യൂണിവേഴ്‌സിറ്റികള്‍ ന്യൂസിലാന്റിലുണ്ട്.
5. അയര്‍ലാന്റ്
സമീപ കാലത്തായി വിദേശ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് അയര്‍ലാന്റ്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളും കുറഞ്ഞ ചെലവിലുള്ള കോഴ്‌സുകളുമാണ് അയര്‍ലാന്റ് വാഗ്ദാനം ചെയ്യുന്നത്. ഇതോടെ കുടിയേറ്റക്കാരുടെ പുതിയ മേച്ചില്‍ പുറമായി മാറിയിരിക്കുകയാണ് അയര്‍ലാന്റ്.
ഇന്ത്യന്‍ വിദ്യാര്‍ഥികളടക്കം നിരവധി വിദേശികള്‍ ഇതിനോടകം ജോലിക്കും പഠനത്തിനുമായി അയര്‍ലാന്റിലേക്ക് ചേക്കേറിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പഠനം നടത്തുന്നവര്‍ വ്യക്തമാക്കുന്നത്. ജീവിത സൗകര്യങ്ങള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം, പ്രകൃതി സൗന്ദര്യം, രാജ്യത്തിന്റെ സംസ്‌കാരം ഇവയെല്ലാമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ അയര്‍ലാന്റിന് ഡിമാന്‍ഡ് കൂട്ടുന്നത്. കൂട്ടത്തില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളും കൂടി വാഗ്ദാനം ചെയ്യുന്നതോടെ കാനഡക്ക് പുറത്ത് എന്തുകൊണ്ടും പരീക്ഷിക്കാവുന്ന സാധ്യതയായി മാറിയിരിക്കുകയാണ് അയര്‍ലാന്റ്. നിലവില്‍ 32,000 ലധികം വിദേശ വിദ്യാര്‍ഥികള്‍ വിവിധ ഐറിഷ് സര്‍വകലാശാലകളില്‍ പഠനം നടത്തി വരുന്നുണ്ട്.
യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍, മൈനൂത്ത് യൂണിവേഴ്‌സിറ്റി, ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി, ട്രിനിറ്റി കോളജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്, യൂണിവേഴ്‌സിറ്റി ഓഫ് ഗാല്‍വേ തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ അയര്‍ലാന്റിലുണ്ട്. അക്കാദമിക് മികവിന്റെയും ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഇവിടങ്ങളില്‍ പ്രവേശനം നേടാന്‍ സാധിക്കും.
6. ജര്‍മ്മനി
മലയാളി വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട പഠന കേന്ദ്രമാണ് ജര്‍മ്മനി. നഴ്‌സിങ്, എം.ബി.ബി.എസ് തുടങ്ങിയ മെഡിക്കല്‍ കോഴ്‌സുകളും, ടെക്, ബിസിനസ് മുതലായ കോഴ്‌സുകള്‍ക്കുമാണ് ജര്‍മ്മനി പ്രസിദ്ധം. കൂടാതെ മെഡിക്കല്‍ മേഖലകളിലെ തൊഴിലവസരങ്ങളിലും ജര്‍മ്മനി മുന്‍പന്തിയിലാണ്. മാത്രമല്ല ഈയടുത്താണ് ജര്‍മ്മനി തങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ ഇളവ് വരുത്തി നിയമം പാസാക്കിയത്.
വിദേശ കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ പൗരത്വ നിയമങ്ങളിലടക്കം ജര്‍മ്മനി ഇളവ് വരുത്തിയിരുന്നു. പുതിയ നിയമത്തിന് കീഴില്‍ വിദേശികള്‍ക്ക് പൗരത്വം ലഭിക്കാനുള്ള കാലപരിധി അഞ്ച് വര്‍ഷമായി കുറയ്ക്കാനാണ് തീരുമാനം. നേരത്തെ ഇത് എട്ട് വര്‍ഷമായിരുന്നു.
ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിച്ച്, ദി യൂണിവേഴ്‌സിറ്റി ഓഫ് സ്റ്ററ്റ്ഗാര്‍ട്ട്, യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ലിന്‍ തുടങ്ങിയവയാണ് ജര്‍മ്മനിയിലെ പ്രശസ്തമായ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍.
7. യു.എ.ഇ
തൊഴില്‍ തേടിയുള്ള കുടിയേറ്റമാണ് യു.എ.ഇയടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശസ്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യക്കാരുടെ സ്റ്റഡി ഡെസ്റ്റിനേഷന്‍ ലിസ്റ്റിലും യു.എ.ഇ ഇടംപിടിച്ചിരിക്കുന്നു. മെച്ചപ്പെട്ട ജോലി സാധ്യതകളും, കുറഞ്ഞ ചെലവില്‍ പഠനം പൂര്‍ത്തിയാക്കാമെന്നും യു.എ.ഇയെ മലയാളികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബുകളിലൊന്നായ യു.എ.ഇ തന്നെയാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യവും. റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ മാത്രം 1,64,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യു.എ.ഇയില്‍ പഠിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഈ വര്‍ഷത്തെ അക്കാദമിക് സൈക്കിള്‍ പൂര്‍ത്തിയാവുമ്പോള്‍ ഈ കണക്കുകള്‍ കൂടുമെന്നല്ലാതെ കുറയാന്‍ സാധ്യതയില്ല.
8. ഫ്രാന്‍സ്
ഇന്ത്യയുമായുള്ള ഉഭയ കക്ഷി ചര്‍ച്ചയുടെ ഫലമായി 2030 നുള്ളില്‍ ഫ്രാന്‍സിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശനം ഇരട്ടിയാക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ഥികളെ ലക്ഷമിട്ട് കൊണ്ട് പ്രത്യേക ഷെങ്കന്‍ വിസ പ്രോഗ്രാമിനും ഫ്രഞ്ച് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മാത്രമല്ല ഇന്ത്യക്കാര്‍ക്ക് മാത്രമായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിശ്കരിക്കുകയും പാഠ്യ പദ്ധതിയിലടക്കം മാറ്റം വരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വരും നാളുകളില്‍ ഫ്രാന്‍സിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ കണക്ക് കൂട്ടുന്നത്.
എഞ്ചിനീയറിങ്, ഫാഷന്‍ ഡിസൈനിങ്, ആര്‍ട്‌സ്, ബിസിനസ് മേഖലകളില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് വമ്പിച്ച സാധ്യതകളാണ് ഫ്രാന്‍സ് മുന്നോട്ട് വെക്കുന്നത്.
9. സഊദി അറേബ്യ
മെച്ചപ്പെട്ട തൊഴിലിടങ്ങളും പഠന സൗകര്യവുമാണ് സഊദിയെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശസ്തമാക്കിയത്.
സഊദിയിലെ യൂണിവേഴ്‌സിറ്റികള്‍ ലോക നിലവാരമുള്ള പ്രോഗ്രാമുകള്‍ക്കും സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും റിസര്‍ച്ച് പ്രോഗ്രാമുകള്‍ക്കും പേരുകേട്ടതാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായി 2022ല്‍ സഊദി മാറുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ജോലിയാവശ്യാര്‍ത്ഥം കുടിയേറിയ വലിയൊരു സംഖ്യ മലയാളികളും സഊദിയിലുണ്ട്. വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 65,800 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സഊദിയിലുള്ളത്.
കിങ് സൗദ് യൂണിവേഴ്‌സിറ്റി, കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി എന്നിവയൊക്കെ സഊദിയുടെ അഭിമാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
10. നെതര്‍ലാന്റ്
ബിസിനസ്, എകണോമിക്‌സ് വിഷയങ്ങളില്‍ പഠനം ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ് നെതര്‍ലാന്റ്‌സ്. ഈയടുത്ത കാലത്താണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നെതര്‍ലാന്റ്‌സിന് പ്രശസ്തമായത്. കാനഡയിലെ പ്രതിസന്ധി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ട് തന്നെ നെതര്‍ലാന്റ്‌സ് യൂണിവേഴ്‌സിറ്റികളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരിക്കുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാം, ദി ഇറാസ്മസ് യൂണിവേഴ്‌സിറ്റി ഓഫ് റോട്ടര്‍ഡാം എന്നിവയടക്കം ലോക പ്രശസ്തമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നെതര്‍ലാന്റ്‌സിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."