വീടിന് നമ്പറില്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നിഷേധിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ആലപ്പുഴ: ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് വൈദ്യുതി എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വീട്ട് നമ്പര്‍ ലഭിച്ചില്ല എന്ന കാരണത്താല്‍ പാവപ്പെട്ടവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നിഷേധിക്കില്ലെന്നും വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ കൂടിയ എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആള്‍ താമസമുള്ള എല്ലാ വീടുകളിലും വൈദ്യുതി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. വീട്ട് നമ്പര്‍ ഇടാത്ത പാവപ്പെട്ടവരുടെ വീടിന്റെ കാര്യത്തില്‍ അവരുടെ വീട് നില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ ചെയര്‍മാനോ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അതുവച്ചുകൊണ്ട് വൈദ്യുതി കണക്ഷന്‍ നല്‍കും. കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് താമസം വരുത്തരുത്.
കൂടുതല്‍ സെക്ഷന്‍ ഓഫിസുകള്‍ പൊതുതത്വത്തിന് വിധേയമായി നല്‍കും. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത അംഗനവാടികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും. ലൈന്‍ വലിക്കാന്‍ പ്രയാസമുള്ള തീരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ സോളാര്‍ വൈദ്യുതി നല്‍കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിക്ക് വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പങ്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വരുന്ന മാര്‍ച്ച് 15 ന് കേരളം സമ്പൂര്‍ണ വൈദ്യുതി സംസ്ഥാനമായി മാറാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നതായി മന്ത്രി വ്യക്തമാക്കി. എല്ലാ പഞ്ചായത്തുകളും ഇതിനായി തുക നീക്കിവയ്ക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിധിയില്‍ കൂടുതല്‍ ഉപഭോക്താക്കളുടെ എണ്ണമുള്ള സെക്ഷന്‍ ഓഫിസുകള്‍ വിഭജിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ എം.എല്‍.എമാര്‍ ചൂണ്ടുക്കാട്ടി.
ഓരോ പഞ്ചായത്തിലേയും കണക്ഷന്‍ നല്‍കേണ്ടവര്‍ക്കുള്ള ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികളെ കൂടി കാണിക്കണമെന്ന് യോഗത്തില്‍ അവര്‍ വ്യക്തമാക്കി. ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരായ ആര്‍ രാജേഷ്, എ.എം ആരിഫ്, കെ.കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍, ജില്ലയില്‍ നിന്നുള്ള മറ്റ് എം.എല്‍.എമാരുടെ പ്രതിനിധികള്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."