HOME
DETAILS

മായാവതിയും നൂറ് മുസ്‌ലിം സ്ഥാനാര്‍ഥികളും

  
backup
August 11 2021 | 02:08 AM

95656-2

 

എ. റശീദുദ്ദീന്‍


ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരമദയനീയമാംവിധം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു ശേഷമാണ് മായാവതിയുടെ പരിഹാസ്യമായ ബ്രാഹ്മണ വിധേയത്വ പ്രസ്താവനയും അയോധ്യയില്‍നിന്ന് മഥുരയിലേക്ക് പുറപ്പെട്ട ജനസമ്പര്‍ക്ക യാത്രയുമൊക്കെ രൂപംകൊണ്ടത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആരംഭിച്ച വാര്‍ഡുകളിലേക്കുള്ള ഏറ്റവും അടിസ്ഥാനപരമായ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് സമാജ്‌വാദി പാര്‍ട്ടിയാണെങ്കിലും ബ്ലോക്ക് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 825ല്‍ 635 സീറ്റും തങ്ങള്‍ക്കു ലഭിച്ചുവെന്നാണ് ബി.ജെ.പി പ്രചരിപ്പിച്ചത്. അഴിമതി മണക്കുന്ന അവകാശവാദമായിരുന്നു അത്. നേര്‍ക്കുനേരെയല്ലാത്ത വോട്ടിങ്ങിലൂടെയുള്ള ഈ രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പുകളാണ് ബി.ജെ.പി ജയിച്ചുകയറിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ശരിയായ അവലോകനങ്ങള്‍ വിരല്‍ചൂണ്ടുന്നത് സമാജ്‌വാദിയാണ് പാര്‍ട്ടി ടിക്കറ്റില്‍ ഏറ്റവുമധികം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് ജയിപ്പിച്ചതെന്നാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ മടിച്ചുനിന്ന ബി.ജെ.പി വിജയിച്ച സ്വതന്ത്രരെ ബ്ലോക്കിലേക്കും ജില്ലയിലേക്കും പിന്നില്‍നിന്ന് തുണച്ച് വിജയം മുഴുവന്‍ സ്വന്തം കണക്കില്‍ വരവുവയ്ക്കുകയാണ് ചെയ്തത്. ഈ ബഹളകോലാഹലങ്ങള്‍ക്കിടയിലായിരുന്നു മായാവതിയുടെ ബി.എസ്.പി കുടുങ്ങിപ്പോയത്. എടുത്തുപറയത്തക്ക ഒന്നുംതന്നെ ആനപ്പാര്‍ട്ടിക്ക് കിട്ടിയിരുന്നില്ല.


അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ നിസ്സംശയം സമാജ്‌വാദി മടങ്ങിയെത്തുമെന്നാണ് മിക്ക രാഷ്ട്രീയനിരീക്ഷകരും വിശ്വസിക്കുന്നത്. ചെറിയ വിജയം പോലുമല്ല സമാജ്‌വാദി മുന്നില്‍ കാണുന്നത്. ബി.ജെ.പി 50ല്‍ താഴെ സീറ്റിലൊതുങ്ങുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ബി.ജെ.പി സഹയാത്രികനായ സുബ്രഹ്മണ്യം സ്വാമിയുടെ വിവാദമായ ട്വീറ്റും ഈയൊരു സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നഗരകേന്ദ്രീകൃതമായ 46 സീറ്റുകള്‍ ബി.ജെ.പി 'തെരഞ്ഞെടുപ്പി'ല്ലാതെ ജയിക്കുമെന്ന ദുസ്സൂചനയോടെ സ്വാമി പറയുന്നത്, ശേഷിച്ച 357ല്‍ 243ഉം സമാജ്‌വാദി പാര്‍ട്ടി കൈയടക്കുമെന്നാണ്. 67 സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് ലഭിക്കൂ. അതായത്, 47 സീറ്റുകളാണ് കോണ്‍ഗ്രസിനും ബി.എസ്.പിക്കുമിടയില്‍ ബാക്കിയുണ്ടാവാന്‍ പോകുന്നത്. കോണ്‍ഗ്രസിനും സമാജ്‌വാദിക്കുമിടയില്‍ സഖ്യമോ ധാരണകളോ രൂപപ്പെടുകയാണെങ്കില്‍ ചിത്രം കുറെക്കൂടി തെളിഞ്ഞുവരും. എന്തായാലും ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വം ആസന്നമായ ഈ അപകടത്തെ പൂര്‍ണ ഗൗരവത്തില്‍ ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് വീരസ്യം പറയുന്നുണ്ടെങ്കിലും സത്യം അതല്ലെന്നു മനസിലാക്കിയാണ് ആദിത്യനാഥും കൂട്ടരും മുന്നോട്ടുനീങ്ങുന്നത്.


അയോധ്യ, വാരാണസി, മഥുര എന്നീ മൂന്ന് ഹിന്ദുത്വ ലാബോറട്ടറികള്‍ മാത്രം പരിശോധിക്കുക. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ 40 ജില്ലാ പരിഷത്ത് സീറ്റുകളില്‍ വെറും ഏഴെണ്ണത്തിലാണ് ബി.ജെ.പി ജയിച്ചത്. സമാജ്‌വാദിക്ക് 15ഉം കോണ്‍ഗ്രസിന് അഞ്ചും ബി.എസ്.പിക്ക് നാലും സീറ്റുകളില്‍ ഇവിടെ ജയിച്ചുകയറാനായി. അയോധ്യയിലെ 40ലും മഥുരയിലെ 33ലും എട്ടെണ്ണം വീതമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. മഥുരയില്‍ രാഷ്ട്രീയ ലോക്ദളിനൊപ്പമായിരുന്നു ബി.ജെ.പിയുടെ സീറ്റുനില. അയോധ്യയില്‍ ബി.ജെ.പിക്ക് കിട്ടിയതിന്റെ മൂന്നിരട്ടിയാണ് സമാജ്‌വാദി പാര്‍ട്ടിക്കു ലഭിച്ചത്. വാരാണസിയടക്കം ക്ഷേത്രനഗരങ്ങളില്‍ എന്തുകൊണ്ട് തകര്‍ന്നടിഞ്ഞുവെന്ന ചോദ്യം ബി.ജെ.പിയെ കുറച്ചൊന്നുമല്ല അലട്ടുക. പ്രധാനമന്ത്രിയുടെ മണ്ഡലം എന്നതിനേക്കാളുപരി യു.പിയുടെ മതകീയ ടൂറിസം പദ്ധതികളുടെ മാതൃകാകേന്ദ്രം കൂടിയായിരുന്നു വാരാണസി. നമാമി ഗംഗയുടെ ഭാഗമായും അല്ലാതെയും നിരവധി പ്രൊജക്ടുകളാണ് വാരാണസിയില്‍ നടന്നുവന്നത്. പുറമെ കൊട്ടിഘോഷിക്കുന്നതല്ല പൊതുജനത്തിന് അറിയുന്ന സത്യങ്ങളെന്നാണ് ഇതിന്റെയര്‍ഥം. അയോധ്യയിലെ ക്ഷേത്രംകൊണ്ട് യു.പിയും രാജ്യവും പിടിക്കാനിറങ്ങിയവര്‍ക്ക് നാലിലൊന്ന് ജനത്തിന്റെ പിന്തുണപോലും രാമനഗരിയില്‍ ഇല്ലെന്നല്ലേ വ്യക്തമായത്. ഹേമമാലിനിയുടെ താരപരിവേഷം കൊണ്ടോ അടുത്തുതന്നെ ഇറക്കിക്കളിക്കാന്‍ പോകുന്ന ക്ഷേത്രകാര്‍ഡിന്റെ ആസ്ഥാനമായതു കൊണ്ടോ മഥുരയിലെ ജനങ്ങളും ബി.ജെ.പിയെ പിന്തുണക്കുന്നുണ്ടായിരുന്നില്ല.


സംസ്ഥാനത്തെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലൂടെയും സമാജ്‌വാദി പാര്‍ട്ടി ഒരുവട്ടം പ്രചാരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ തികച്ചും ഇഴഞ്ഞ മട്ടിലാണ് ബി.എസ്.പിയുടെ നീക്കങ്ങള്‍. പോയകാലങ്ങളിലെ ചടുലതയോ ആസൂത്രിതമായ നീക്കങ്ങളോ കാണാനില്ല. മായാവതിക്കു വേണ്ടി സതീഷ്ചന്ദ്ര മിശ്ര അയോധ്യയില്‍നിന്ന് ജൂലൈ അവസാനവാരം ആരംഭിച്ച യാത്രയിലുടനീളം ഉയര്‍ന്നുകേട്ടത് ഉണ്ടയില്ലാ വെടികളാണ്. അയോധ്യയിലെ ക്ഷേത്രനിര്‍മാണം ബി.ജെ.പിക്കു പോലും വോട്ട് നേടിത്തരാതിരിക്കുമ്പോഴാണ് മായാവതിയുടെ പാര്‍ട്ടി രാമന്റെ പേരും പറഞ്ഞ് തേരുതെളിക്കുന്നത്. ബി.എസ്.പി ഒറ്റക്കു മത്സരിക്കുമെന്ന ഒരു 'നെടുങ്കന്‍' നിലപാടും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു മായാവതി ഇതിന് മുമ്പെപ്പോഴായിരുന്നു ഏറ്റവുമൊടുവില്‍ സഖ്യമുണ്ടാക്കി മത്സരിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയോട് ഉള്‍പ്പെടെ ആരുമായും സഖ്യമുണ്ടാക്കി ഭരിക്കുക എന്നല്ലാതെ കൃത്യമായ ഒരു മതേതര നിലപാട് എപ്പോഴെങ്കിലും അവര്‍ക്ക് ഉണ്ടായിട്ടുണ്ടോ. ബ്രാഹ്മണരും അയോധ്യയും മഥുരയുമൊക്കെ ബി.എസ്.പിയെ സഹായിക്കുമെന്നാണ് അവരുടെ ഇപ്പോഴത്തെ പ്രതീക്ഷ. ഈ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയെ സൂക്ഷ്മമായി വീക്ഷിക്കേണ്ടുന്ന മേഖല ഇതുതന്നെയാണെന്ന് തോന്നുന്നു. മുസ്‌ലിം വിഷയങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തിയും എന്നാല്‍ ഹിന്ദുത്വ അജന്‍ഡകളില്‍ അത്യുത്സാഹം കാണിച്ചുമാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. സി.എ.എ വിഷയത്തില്‍പോലും ഒരുതരം അഴകൊഴമ്പന്‍ നിലപാടായിരുന്നു മായാവതിയുടേത്. പൗരത്വനിയമ വിരുദ്ധ സമരങ്ങളെ അക്രമങ്ങളുമായി കൂട്ടിച്ചേര്‍ത്ത് എതിര്‍ക്കുകയാണ് പാര്‍ട്ടി ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ വോട്ട് ചെയ്തില്ലെന്നും എല്ലാ താടിക്കാരും പട്ടികളും ചതിയന്‍മാരുമാണെന്ന് മായാവതി അധിക്ഷേപിച്ചതായാണ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി നാസിമുദ്ദീന്‍ സിദ്ദീഖി കുറ്റപ്പെടുത്തിയത്. സിദ്ദീഖിയെ ബി.എസ്.പി പുറത്താക്കി. അതേസമയം തോറ്റ് തൊപ്പിയിട്ടാലും ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ ടിക്കറ്റ് കിട്ടിയാല്‍ മാത്രം മതിയെന്ന് വിശ്വസിക്കുന്ന 'താടി'ക്കാരാകട്ടെ, ഏറ്റവും കൂടുതലായി ചെന്നടിയുന്നത് ബഹുജന്‍ സമാജ് പാര്‍ട്ടിയിലാണെന്നതും വസ്തുതയാണ്.


അതേസമയം, നൂറു മുസ്‌ലിംകളെയെങ്കിലും ബി.എസ്.പി ഇത്തവണ മത്സരിപ്പിച്ചേക്കുമെന്നാണു സൂചന. ബി.ജെ.പിയെ അല്ല, സമാജ്‌വാദിയെ ആണ് പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നതെന്ന് വ്യക്തം. ബി.ജെ.പിയിലേക്ക് മടങ്ങിപ്പോയ യു.പിയിലെ സവര്‍ണ വോട്ടുബാങ്കിന്റെ ഒരു ശതമാനം പോലും ബി.എസ്.പിക്ക് തിരിച്ചുപിടിക്കാന്‍ കഴിയില്ല എന്നുമാത്രമല്ല, നഷ്ടപ്പെട്ട മുസ്‌ലിം വോട്ടുബാങ്കും തിരിച്ചെത്താന്‍ പോകുന്നില്ല. കോണ്‍ഗ്രസിന്റെ സവര്‍ണ വോട്ടുബാങ്കിനെയും അഖിലേഷിനൊപ്പമുള്ള മുസ്‌ലിം വോട്ടര്‍മാരെയും ആശയക്കുഴപ്പത്തിലാക്കുക മാത്രമാണ് ബി.എസ്.പി ചെയ്യുന്നത്. ഇതിനകം 40 ശതമാനത്തിന് അടുത്തെത്തിയ ബി.ജെ.പിയുടെ വോട്ടുബാങ്കിന്റെ മറുപുറത്ത് ശരാശരി 20 ശതമാനത്തില്‍ തട്ടിത്തിരിയുമ്പോഴാണ് ബി.എസ്.പിയുടെ ഈ ഞാണിന്‍മേല്‍ കളി. 2012നു ശേഷം ഏതാണ്ടെല്ലാ തെരഞ്ഞെടുപ്പിലും തകര്‍ന്നടിഞ്ഞ, ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ തകര്‍ച്ച പൂര്‍ണമായിത്തുടങ്ങിയ ബി.എസ്.പി അടിസ്ഥാന യാഥാര്‍ഥ്യങ്ങളെ പ്രായോഗികമായി സമീപിക്കുന്നതിനു പകരം കുറ്റകരമായ പുതിയ നിലപാടുകളിലേക്കാണ് എത്തിപ്പെടുന്നത്.


സമാജ്‌വാദിയിലേക്ക് കുറേക്കൂടി അടുത്ത മുസ്‌ലിം വോട്ടര്‍മാരും ആദിത്യനാഥിനെതിരേയുള്ള പൊതുവികാരവുമാണ് ആസന്നമായ യു.പി തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കാന്‍ പോകുന്നത്. ഗംഗയിലെ ചത്തുമലച്ച ശവങ്ങളും സംസ്ഥാനത്തെ കുത്തഴിഞ്ഞ നിയമവാഴ്ചയും വ്യാജഏറ്റുമുട്ടലുകളും കൊവിഡിനെ കണക്കുകളുടെ കളിയിലൂടെ മാത്രം നേരിട്ടതും ഇത്തവണ ഏതാണ്ടെല്ലാ സമുദായങ്ങളുടെയും വിഷയമാണ്. രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കലോ ഇനി അവസാനത്തെ ശ്രമമെന്ന നിലക്ക് വാരാണസിയില്‍ ഗ്യാന്‍വാപി മസ്ജിദ് പൊളിക്കാന്‍ ആളെക്കൂട്ടുന്നതോ ഒന്നുമായിരിക്കില്ല തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ പോകുന്നത്. കടുത്ത ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പിക്ക് നേരിടാനുള്ളത്. ആദിത്യനാഥിനെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടാലും അദ്ദേഹത്തെ പിന്നിലേക്ക് വലിച്ചാലും ബി.ജെ.പി വെട്ടിലാകുമെന്നുറപ്പ്. ഏറ്റവുമൊടുവിലായി മുഖ്യമന്ത്രി സ്ഥാനത്ത് ആദിത്യനാഥിനെ അവരോധിച്ചതിനെ ഹിന്ദുമത സങ്കല്‍പങ്ങളുമായി ചേര്‍ത്തുപിടിക്കുന്ന ഒരു പ്രചാരണവും ബി.ജെ.പിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തകര്‍ത്തോടുന്നുണ്ട്. സന്യാസിയാണ് നാടുഭരിക്കാന്‍ കൂടുതല്‍ ഉത്തമനെന്നും ഐഹികമായ ഇച്ഛകള്‍ വെടിഞ്ഞവര്‍ക്ക് സ്വകാര്യമായ താല്‍പര്യങ്ങളുണ്ടാവില്ലെന്നുമാണ് പുതിയ നമ്പര്‍. അതേസമയം, സമാജ്‌വാദിയും കോണ്‍ഗ്രസും മാത്രമാണ് ഈ ഭരണവിരുദ്ധ വികാരത്തെ മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടുന്നത്. ബി.എസ്.പിയുടേത് ഒരുതരം മൃദുലമായ വിമര്‍ശനം മാത്രമാണ്.
ബി.ജെ.പി ലക്ഷ്യമിടുന്നത് മുസ്‌ലിം വോട്ടുബാങ്കിനെ പലവഴി പിളര്‍ത്തുകയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടനകള്‍ യോഗം ചേര്‍ന്നത്. മായാവതിയുടെയും ഉവൈസിയുടെയുമൊക്കെ അജന്‍ഡകള്‍ കരുതലോടെയാണ് യോഗം വിലയിരുത്തിയത്. ബി.ജെ.പിയുടെ ട്രോജന്‍ കുതിരകള്‍ നയിക്കുന്ന ഇംപാറിനെ പോലുള്ള കൂട്ടായ്മകളും ഉവൈസി തന്നെ വിളിച്ചുചേര്‍ത്ത ഇത്തിഹാദെ മില്ലത്ത് യോഗങ്ങളുമൊക്കെ സമാന്തരമായും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. യു.പിയില്‍ വേരുകളുള്ള എസ്.ഡി.പി.ഐയുടെ നിലപാടും വ്യക്തമല്ല. അന്തിമമായി ഒരു യോജിപ്പിലേക്ക് ഡല്‍ഹി യോഗമോ ഉവൈസിയോ മുസ്‌ലിംകളെ എത്തിക്കുമെന്ന് ഇപ്പോള്‍ കരുതുക അസാധ്യമാണ്. യു.പിയിലെ ഏതാണ്ടെല്ലാ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും എം.ഐ.എമ്മും പീസ് പാര്‍ട്ടിയും ഉലമാ കൗണ്‍സിലുമൊക്കെ മത്സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്‍.ഡി.എയിലെ ജാതിപാര്‍ട്ടികളായ അപ്നാദളും നിഷാദ് പാര്‍ട്ടിയും സുഹല്‍ദേവ് നാഷനല്‍ പാര്‍ട്ടിയും ഹിന്ദുത്വപ്രഭയില്‍ 'അലിഞ്ഞില്ലാ'താവുമ്പോഴും ഇപ്പുറത്ത് ഉവൈസിമാരുടെ സ്വത്വബോധം കരുത്താര്‍ജിച്ച് വളരുന്നതില്‍ ധൃതംഗപുളകിതരാവുകയേ നിവൃത്തിയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago