കൊവിഡ് ദുരന്തനിവാരണ കമ്മിഷന്‍ രൂപീകരിക്കണം: വി.ഡി സതീശന്‍
'സുപ്രഭാതം' പരമ്പരയോട്
പ്രമുഖര്‍ പ്രതികരിക്കുന്നു
കേരളത്തിലെ ഓരോ മേഖലയിലും കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം എത്ര ആഴത്തിലാണെന്ന് പഠിച്ച് ആ മേഖലകളെ എങ്ങനെ കൈപിടിച്ചുയര്‍ത്താമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. യു.ഡി.എഫ് ഇത്തരത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കാര്‍ഷിക മേഖലയുള്‍പ്പെടുന്ന പ്രൈമറി സെക്ടറില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ 74 ശതമാനവും അല്ലാത്ത സമയത്ത് 46 ശതമാനവും നഷ്ടമാണുണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആഘാതം സംഭവിച്ചത് ദിവസവേതനക്കാര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമാണ്.
രണ്ട് പാക്കേജുകള്‍ പ്രഖ്യാപിച്ചെന്നാണ് സര്‍ക്കാര്‍ വാദം. കരാറുകള്‍ക്ക് പണം നല്‍കിയതും പെന്‍ഷന്‍ നല്‍കിയതുമൊക്കെ എങ്ങനെ ഉത്തേജക പാക്കേജുകളാകും. ഇതൊക്കെ ഓരോ സര്‍ക്കാരിന്റെയും ബാധ്യതയാണ്. പാക്കേജുകള്‍ പാവങ്ങള്‍ക്ക് വേണ്ടിയാകണം. തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ആശ്വാസമായി നാലായിരം രൂപവീതമാണ് റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയത്. വിവിധ മേഖലകളില്‍ കൊവിഡ് വരുത്തിയ ദുരിതങ്ങളും നഷ്ടങ്ങളും പഠിക്കാന്‍ സര്‍ക്കാര്‍ കൊവിഡ് ദുരന്ത നിവാരണകമ്മിഷന്‍ രൂപീകരിക്കണം. വിദഗ്ധരെ ഉള്‍പ്പെടുത്തി പ്ലാനിങ് ബോര്‍ഡ് മാതൃകയിലായിരിക്കണം ഇതിന്റെ പ്രവര്‍ത്തനം.
സമഗ്രമായ പുനരുജ്ജീവന
പദ്ധതി നടപ്പാക്കണം
തൊഴില്‍ നിഷേധം എന്നു പറയുമ്പോള്‍ ദാരിദ്ര്യം എന്നാണ് അര്‍ഥം. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതത്തിലാണ് സംഘടിതരല്ലാത്ത തൊഴിലാളികളും സംരംഭകരും. ജീവിതം ഗതിമുട്ടുന്നു എന്ന് പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല. ഇതിന് പരിഹാരം കാണാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. സാമ്പത്തിക പുനരുജ്ജീവനം എന്നത് സാമ്പത്തിക തത്വങ്ങളെ അടിസ്ഥാനമാക്കി നടത്തേണ്ട ഒന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് അമേരിക്ക ആവിഷ്‌കരിച്ച 'ന്യൂ ഡീല്‍' പോലെ സമഗ്രമായ പുനരു ജ്ജീവന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കണം.
സെബാസ്റ്റിയന്‍ പോള്‍
പ്രതിസന്ധിയിലായവരുടെ
കണക്കെടുക്കണം
കേരളത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം കൊവിഡ് പ്രതിസന്ധിക്കുമുമ്പുതന്നെ രൂക്ഷമാണ്. എന്നാല്‍ ഇപ്പോള്‍, ഉള്ള തൊഴിലുകൂടി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിന് അതീവ പ്രാധാന്യത്തോടെ പരിഹാരം കാണണം. പട്ടിണിയിലാണ് പല കുടുംബങ്ങളും. അത്യാവശ്യം നല്ലരീതിയില്‍ ജീവിച്ച ഇടത്തട്ടുകാര്‍പോലും തകര്‍ന്ന് തരിപ്പണമായ സാമൂഹിക സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ കൊവിഡ് പാക്കേജ് എന്നത് ചുരുക്കം ചിലരില്‍ മാത്രമാക്കരുത്. പ്രതിസന്ധിയിലായവരുടെ കണക്കെടുത്ത് അവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ബിന്ദു കൃഷ്ണ (മഹിളാകോണ്‍ഗ്രസ് മുന്‍ അധ്യക്ഷ, കൊല്ലം ഡി.സി.സി പ്രസിഡന്റ്)
വ്യാപാര-വ്യവസായ നയം മാറണം
കൊവിഡിനെ തുടര്‍ന്ന് വ്യാപാര മേഖലയില്‍ കടുത്ത സാമ്പത്തികമാന്ദ്യവും അനിശ്ചിതത്വവുമാണ്. നിരവധി കടകളാണ് അടച്ചുപൂട്ടിയത്. എപ്പോള്‍ തുറക്കാം എപ്പോള്‍ പൂട്ടാം എന്നൊന്നും ഒരു വ്യക്തതയില്ലാതെയാണ് മുന്നോട്ടുപോകുന്നത്. വ്യാപാരരംഗമല്ല, ഏത് രംഗമായാലും പഠിച്ചതിനുശേഷമായിരിക്കണം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത്. കച്ചവടക്കാരന് ധൈര്യം കിട്ടേണ്ട സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിക്കേണ്ടത്. വ്യവസായികളെ പ്രോത്സാഹിപ്പിച്ച് ഉത്പന്നങ്ങളുണ്ടാക്കുന്നുണ്ട്. പക്ഷേ ഇത് ആര്‍ക്ക് വില്‍ക്കും. വില്‍ക്കാന്‍ ഞങ്ങള്‍ വേണ്ടേ. ഞങ്ങളെ അവഗണിച്ചുകൊണ്ടുള്ള വ്യാപാര-വ്യവസായ നയം മാറ്റേണ്ടതുണ്ട്.
ടി. നസ്‌റുദ്ദീന്‍ (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്)
പൊതുഗതാഗത നയം രൂപീകരിക്കണം
ബസ് സര്‍വിസ് മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയില്‍ കടത്തിനുമേല്‍ കടത്തിലാണ് ഉടമകള്‍. ഇതുകൊണ്ടുമാത്രം ഉപജീവനം നടത്തുന്നവരാണ് കൂടുതല്‍ ഉടമകളും. കൊവിഡ് കാലത്തെ ടാക്‌സ് ഒഴിവാക്കിയാല്‍ മാത്രമേ ബാധ്യതയില്‍ നിന്ന് കരകയറാനാവൂ. കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ടില്‍ ബസുടമകള്‍ വിഹിതം അടച്ച മൂവായിരത്തിലധികം കോടി രൂപയുണ്ടിപ്പോള്‍. ഇതില്‍ നിന്ന് മൂന്നുലക്ഷം വീതം പലിശയില്ലാ വായ്പ നല്‍കണം. 140 കിലോമീറ്ററില്‍ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പുതിയ നോട്ടിസ് ഇറക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 1,500 ബസുകളാണ് ദീര്‍ഘസര്‍വിസ് നടത്തുന്നത്. പ്രതിസന്ധികാലത്ത് സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്. സ്വകാര്യമേഖലയെകൂടി ഉള്‍പ്പെടുത്തിയുള്ള പൊതുഗതാഗത നയമാണ് രൂപീകരിക്കേണ്ടത്.
എം.ബി സത്യന്‍ (കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."