തെരുവിൽ തീരുമോ ഗവർണർ-സർക്കാർ പോര്?
വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ പുറം രാജ്യങ്ങളിൽ പഠിക്കുന്ന കേരളീയ വിദ്യാർഥികളെ കണ്ട് അത്ഭുതപരതന്ത്രനായെന്ന് അദ്ദേഹം പറയുകയുണ്ടായി. വിദേശങ്ങളിലെ പഠനസാഹചര്യം കേരളത്തിലും ഉണ്ടായാൽ വിദ്യാർഥികൾ ഉപരിപഠനത്തിനായി നാടുവിടുകയില്ലെന്നും സർക്കാർ അതിനുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു. പത്രസമ്മേളനത്തിന്റെ ചൂടാറും മുമ്പെ സംസ്ഥാനത്ത് നിലവിലുള്ള ഉന്നതവിദ്യാഭ്യാസ പഠന സൗകര്യങ്ങൾ കൂടി ഇല്ലാതാകുന്ന അവസ്ഥാവിശേഷങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. യൂനിവേഴ്‌സിറ്റികളിലെ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സംസ്ഥാന സർക്കാരും ഗവർണറും കൊമ്പുകോർത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒമ്പത് വി.സിമാർ അവരുടെ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന അന്ത്യശാസനം കഴിഞ്ഞ ഞായറാഴ്ച ഗവർണർ പുറപ്പെടുവിച്ചത്. തിങ്കളാഴ്ച 11.30ന് മുമ്പ് രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവ്. ഇതിന് അദ്ദേഹത്തിന് പ്രചോദനമായത് തൊട്ടുമുമ്പ് വന്ന സുപ്രിംകോടതി വിധിയായിരുന്നു. എന്നാൽ ഈ ഒമ്പത് ഗവർണർമാരിൽ ഏഴുപേരെയും നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ നിയമിച്ചതിന് മേലൊപ്പ് ചാർത്തിയ വ്യക്തിയും കൂടിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നദ്ദേഹം ഓർക്കണമായിരുന്നു.
തിരുവനന്തപുരം എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായ ഡോ. എം.എസ് രാജശ്രീയെ നിയമിച്ചത് യു.ജി.സി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി അവരുടെ നിയമനം റദ്ദാക്കുകയായിരുന്നു സുപ്രിംകോടതി. ഈ പിടിവള്ളിയിൽ തൂങ്ങിയാണ് ഗവർണർ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഗവർണറും ഇത്തരമൊരു തെറ്റിന് സർക്കാരിനൊപ്പംനിന്നു. സുപ്രിം കോടതി വിധിയുണ്ടാക്കിയ ആവേശത്തിന്റെ തിരതള്ളലിൽ രാജിയാവശ്യത്തിൽ നടപടിക്രമം പാലിക്കാൻ ഗവർണർ വിട്ടുപോയി. ഗവർണറുടെ നടപടിക്കെതിരേ ഒമ്പത് വി.സിമാരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങൾക്ക് പറയാനുള്ളത് കേൾക്കാതെയാണ് ഗവർണർ ഒറ്റയടിക്ക് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതെന്നും ഇതു സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കോടതിയെ വെവ്വേറെ ബോധ്യപ്പെടുത്തിയ വി.സിമാർക്ക് താൽക്കാലികാശ്വാസം നൽകുന്ന വിധി പ്രസ്താവമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ നിന്നുമുണ്ടായത്. ഗവർണറുടെ നടപടി ധൃതി പിടിച്ചതായിരുന്നുവെന്നും നടപടിക്രമങ്ങൾ പാലിക്കാതെയുമാണെന്ന് കണ്ടെത്തിയ കോടതി താൽക്കാലികമായി മാത്രമാണ് ഗവർണറുടെ രാജിയാവശ്യത്തെ തടഞ്ഞത്. മുന്നോടിയായി വി.സിമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകേണ്ടതുണ്ടായിരുന്നുവെന്നും അവർക്ക് പറയാനുള്ളത് കൂടി കേൾക്കേണ്ടതുണ്ടായിരുന്നുവെന്നും അതിനായി നവംബർ 10 വരെ സമയം അനുവദിച്ചിരിക്കുകയുമാണെന്നാണ് കോടതി വിധിന്യായത്തിലുള്ളത്. ഇതോടെ ഗവർണറുടെ രാജിയാവശ്യം അസാധുവായി. പകരം ഗവർണർ നൽകുന്ന കാരണം കാണിക്കൽ നോട്ടിസിനേയും അതിന് നൽകുന്ന വിശദീകരണത്തേയും ആശ്രയിച്ചിരിക്കും ഒമ്പത് വി.സിമാരുടെയും ഭാവി.
ഗവർണർക്ക് ഇത്തരമൊരവസരം തളികയിലെന്നവണ്ണം വച്ചുകൊടുത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് കൈകഴുകാനാവില്ല. ബി.ജെ.പിയിതര സംസ്ഥാനങ്ങൾ ഭരിക്കുന്ന മുഖ്യമന്ത്രിമാരുമായെല്ലാം കേന്ദ്ര സർക്കാർ നിയമിച്ച ഗവർണർമാർ ഏറ്റുമുട്ടലിലാണ്. ഈ സത്യം മനസിലാക്കിക്കൊണ്ട് വേണമായിരുന്നു ആർ.എസ്.എസ് അനുഭാവിയും കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തിയുമായ ഗവർണറോട് സർക്കാർ ഇടപെടാൻ. തീർത്തും ജനാധിപത്യവും സുതാര്യവുമായ രീതിയിലായിരുന്നു വിവാദത്തിലായ വി.സിമാർക്ക് നിയമനം നൽകിയിരുന്നതെങ്കിൽ ഗവർണറെ തെരുവിൽ നേരിടാതെ തന്നെ സർക്കാരിന് പരാജയപ്പെടുത്താമായിരുന്നു. വി.സി നിയമനത്തിന് പാനൽ നൽകേണ്ടതിന് പകരം ഒറ്റപ്പേര് നൽകി ഹൈക്കോടതിയേയും സുപ്രിംകോടതിയേയും ഇടപെടുവിച്ചതിന്റെ ഉത്തരവാദിത്വം സർക്കാരിന് തന്നെയാണ്. ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദ് ചെയ്യാത്ത സാഹചര്യത്തിൽ വൈസ് ചാൻസലർമാർ ഇപ്പോഴും പുറത്താണ്. വൈസ് ചാൻസലർമാരുടെ വിശദീകരണം കേട്ട് യുക്തമായ തീരുമാനം ഗവർണർക്ക് എടുക്കാമെന്ന നിലപാടിലാണ് ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചത്. അല്ലാതെ ജസ്റ്റിസ് രാമചന്ദ്രന്റെ വിധി പ്രസ്താവം ഇടക്കാല ഉത്തരവല്ല.
വൈസ് ചാൻസലർ നിയമനത്തിനു ചാൻസലർക്ക് പാനൽ നൽകിയില്ല, നിയമനം 2013ലെ യു.ജി.സി ചട്ടങ്ങൾ പ്രകാരമല്ല, വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ളതാവണം സെർച്ച് കമ്മിറ്റി, വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ചീഫ് സെക്രട്ടറിയെ സെർച്ച് കമ്മിറ്റിയിൽ അംഗമാക്കി, യു.ജി.സി ചെയർമാന്റെ നോമിനിക്ക് പകരം എ.ഐ.സി.ടി.ഇ നോമിനിയെ നിയമിച്ചു എന്നീ ആരോപണങ്ങൾ മുൻനിർത്തിയാണ് ഡോ. രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയത്. പ്രസ്തുത ആരോപണങ്ങളെല്ലാം ഒമ്പത് വി. സിമാരെ നിയമിച്ചതിലും നിലനിൽക്കുന്നതിനാൽ സുപ്രിംകോടതി വിധി അവർക്കും ബാധകമാകുമെന്നാണ് നിയമവൃത്തങ്ങളിൽ ചിലരുടെ അഭിപ്രായം. ഓരോ യൂനിവേഴിസിറ്റിക്കും ഓരോ നിയമമാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചാൽ തന്നെയും യൂനിവേഴ്‌സിറ്റികൾക്ക് കോടികൾ ഗ്രാന്റ് നൽകുന്ന യു.ജി.സി നിയമം അത് അംഗീകരിക്കുമോ?
ഗവർണറുടെ രാജിയാവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി അംഗീകരിച്ചിരുന്നുവെങ്കിൽ ആർ.എസ്.എസ് ചായ്‌വുള്ള വി.സിമാരുടെ ലിസ്റ്റ് ഗവർണർ തയാറാക്കുമായിരുന്നു. അത്തരമൊരു വിപത്തിൽ നിന്ന് കേരളം താൽക്കാലികമായി രക്ഷപ്പെട്ടിരിക്കുകയാണ്. എന്തായാലും കേരളത്തിന്റെ ചരിത്രത്തിൽ ഗവർണർ - സർക്കാർ പോര് ഇത്രയും മൂർധന്യത്തിൽ എത്തിയ സംഭവം മുമ്പുണ്ടായിട്ടില്ല. ഗവർണർമാരും മുഖ്യമന്ത്രിമാരും തമ്മിൽ കേരളത്തിൽ ചില വിഷയങ്ങളിൽ നേരത്തേയും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം രമ്യമായ നിലയിൽ പരിഹരിച്ചിട്ടുമുണ്ട്. പഴയ കാലമല്ല ഇത്. പ്രത്യേക അജൻഡയുമായാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ ഗവർണറായി വന്നത്. അതറിഞ്ഞ് പ്രവർത്തിക്കേണ്ടതിൽ ഭരണകൂടത്തിന് ജാഗ്രതക്കുറവുണ്ടായി. സംസ്ഥാനത്തിന്റെ ഭാവിക്ക് ഒട്ടും ഗുണകരമല്ലാത്ത ഇത്തരമൊരു അവസ്ഥാവിശേഷം ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. ബി.ജെ.പി സർക്കാരിന്റെ പ്രതിപുരുഷനായ ഗവർണറെ തന്ത്രപൂർവം നേരിടുന്നതിൽ വന്ന വീഴ്ചയാണിപ്പോൾ സർക്കാർ അനുഭവിക്കുന്നത്. തെരുവിലെ പോർവിളിയിലൂടെ അവസാനിപ്പിക്കാനുമാവില്ല ഇപ്പോഴത്തെ ഈ സന്ദിഗ്ധാവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."