ബ്രാഹ്‌മണനാവണമെന്നില്ല, തമിഴ്‌നാട്ടില്‍ ഏത് ജാതിയില്‍ പെട്ടവര്‍ക്കും ഇനി പൂജാരിയാവാം; പെരിയാറിന്റെയും കരുണാനിധിയുടേയും സ്വപ്‌നമെന്ന് സ്റ്റാലിന്‍
ചെന്നൈ: ബ്രാഹ്‌മണ ഇതര ജാതികളില്‍നിന്നുള്ള 58 പേരെ തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. ക്ഷേത്ര പൂജാരിമാരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ ജാതിക്കാര്‍ക്കും നിയമനം നല്‍കുമെന്ന പ്രഖ്യാപനം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ പാലിച്ചു. സംസ്‌കൃതത്തിനു പകരം തമിഴില്‍ പൂജാ കര്‍മങ്ങള്‍ നടത്തുമെന്ന പ്രഖ്യാപനത്തിനു പിറകെയാണ് ഡി.എം.കെ സര്‍ക്കാരിന്റെ വിപ്ലവകരമായ പുതിയ ചുവടുവയ്പ്.
തമിഴ്നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലേക്കാണ് പുതിയ നിയമനം. പൂജാരിമാര്‍ക്കു വേണ്ട വിദഗ്ധ പരിശീലനം നേടിയ ശേഷമാണ് ഇവരെ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. പെരിയാറിന്റെയും കരുണാനിധിയുടെയും സ്വപ്നങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് പുതിയ നിയമന ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറിയ ശേഷം സ്റ്റാലിന്‍ പ്രതികരിച്ചു.
പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് 12 പേര്‍, പട്ടികജാതിയില്‍നിന്ന് അഞ്ചുപേര്‍, അതീവ ദുര്‍ബല പിന്നാക്ക വിഭാഗക്കാരില്‍നിന്ന് ആറുപേര്‍ എന്നിങ്ങനെ നിയമനം ലഭിച്ചവരില്‍ ഉള്‍പ്പെടും. 24 പേര്‍ സര്‍ക്കാരിനു കീഴിലുള്ള പാഠശാലകളില്‍നിന്നും 34 പേര്‍ സ്വകാര്യ പാഠശാലകളില്‍നിന്നുമാണ് പരിശീലനം നേടിയത്. ഇതോടൊപ്പം, ക്ഷേത്രങ്ങളിലെ മറ്റു ജോലികളിലേക്കായി 138 പേര്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്.
അന്തരിച്ച ഡി.എം.കെ ആചാര്യന്‍ കെ കരുണാനിധിയായിരുന്നു മുഴുവന്‍ ജാതികളില്‍നിന്നും യോഗ്യരായവരെ ക്ഷേത്ര പൂജാരിമാരാക്കാനുള്ള വിപ്ലവകരമായ തീരുമാനം ആദ്യമായി കൈക്കൊണ്ടത്. 2006ല്‍ നിയമം തമിഴ്‌നാട് നിയമസഭ പാസാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതിനെതിരെ നിയമക്കുരുക്കുകള്‍ നീണ്ടതിനാല്‍ നിയമനവും നീളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."