HOME
DETAILS
MAL
വിഭജന ഭീതി അനുസ്മരണം: വിദ്വേഷ രാഷ്ട്രീയത്തിന് പുതിയ ആയുധം
backup
August 15 2021 | 19:08 PM
പെഗാസസ് വിവാദം, ഇന്ധനവില വര്‍ധനവ്, കര്‍ഷക സമരം, കൊവിഡ് പ്രതിരോധ പാളിച്ചകള്‍ തുടങ്ങിയവയില്‍ നിന്ന് പൊതുശ്രദ്ധ തിരിച്ചുവിടല്‍ ഭരണകൂടത്തിന് അത്യന്താപേക്ഷിതമായിരിക്കുകയാണ്. ഇതിനായി അണിയറയില്‍ രൂപംകൊണ്ട ദുരുപദിഷ്ട ആശയമാണ് ഓഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ഓരോ വര്‍ഷവും ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതും ആര്‍.എസ്.എസ് നേതൃത്വം പിന്തുണ പ്രഖ്യാപിച്ചതും കേവലം യാദൃച്ഛികമല്ല. ഇവരെല്ലാം നേരത്തെയെടുത്ത തീരുമാനമാണ് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്.
ഓഗസ്റ്റ് 15 എന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തെ തമസ്‌കരിച്ച് പകരം അവിടെ ഓഗസ്റ്റ് 14ന് ഉണ്ടായ ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിര്‍ഭാഗ്യകരമായ രക്തച്ചൊരിച്ചില്‍ പൊലിപ്പിച്ച് നിര്‍ത്തുക എന്ന മതവിഭജന ബുദ്ധിയും ഇത്തരമൊരു തീരുമാനത്തിനു പിന്നിലുണ്ട്. ഓഗസ്റ്റ് 14 പാകിസ്താന്‍ രൂപീകൃതമായ ദിനമാണ്. അന്നേ ദിവസം ഇന്ത്യ വിഭജന ഭീതിദിനമായി ആചരിക്കുന്നതിലൂടെ എക്കാലവും പാകിസ്താനെ ശത്രുരാജ്യമായി നിലനിര്‍ത്തി വ്യാജ ദേശപ്രേമം കൊട്ടിഘോഷിക്കുക എന്ന കുടിലതന്ത്രവും ഈ ദിനാചരണത്തിന് പിന്നിലുണ്ട്. അയല്‍ രാഷ്ട്രവുമായി സൗഹാര്‍ദ ബന്ധം സ്ഥാപിക്കുന്നതിനാണ് രാഷ്ട്രങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്. പകരം ഇവിടെ സംഭവിക്കുന്നത് സാങ്കുചിത രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാകിസ്താനെ എല്ലാക്കാലവും ശത്രുപക്ഷത്ത് നിര്‍ത്തി യുദ്ധസമാനമായ അന്തരീക്ഷം അതിര്‍ത്തിയില്‍ നിലനിര്‍ത്തുക എന്നതാണ്. ഇതിലൂടെ ഇന്ത്യയില്‍ വിദ്വേഷ രാഷ്ട്രീയം പയറ്റാനുള്ള വാതിലുകളാണ് ബി.ജെ.പി ഭരണകൂടം തുറന്നിടുന്നത്. ആത്യന്തികമായി ഇന്ത്യക്ക് ദോഷമാണ് ഈ തീരുമാനം വരുത്തിവയ്ക്കുക. ഇന്ത്യ ഭരിച്ച എ.ബി വാജ്‌പേയിയുടെ തലയില്‍ ഉദിക്കാതെ പോയ ബുദ്ധി സമകാലീന സംഘ്പരിവാര ബുദ്ധിയില്‍ ഉദിച്ചത് ഇന്ത്യയെ ഒരിക്കല്‍കൂടി മതപരമായി വേര്‍തിരിക്കാനും ഭരണപരാജയം മറികടക്കാനും വേണ്ടിയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ഒരു വര്‍ഷം സമുചിതമായി ആഘോഷിക്കാന്‍ തീരുമാനമെടുത്തതിന്റെ തൊട്ടുപിന്നാലെ ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കുന്നത് ബോധപൂര്‍വമാണ്. ഇന്ത്യന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുറിവ് വീണ്ടും മാന്തിപ്പൊളിച്ചു ജനതയില്‍ വീണ്ടും വിദ്വേഷം വളര്‍ത്തി അതുവഴി അടുത്തു നടക്കാനിരിക്കുന്ന യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.
ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ആര്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി സന്തോഷിന്റെ പിന്തുണാ പ്രഖ്യാപനം തൊട്ടുപിന്നാലെ വന്നതില്‍നിന്നുതന്നെ ദുഃഖകരമായ ഒരു സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എവ്വിധമാണ് ഭരണകൂടം ഉപയോഗപെടുത്തുന്നതെന്ന് വ്യക്തമാണ്. 1947 മുമ്പുള്ള ഒരു രാഷ്ട്രീയ കാലത്തെ പുനരവതരിപ്പിക്കാനുള്ള ബോധപൂര്‍വവും യുക്തിരഹിതവുമായ തീരുമാനമാണ് നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഹിന്ദു -മുസ്‌ലിം എന്ന രാഷ്ട്രീയം വീണ്ടും വളര്‍ത്തിക്കൊണ്ടുവന്ന് അതിലൂടെ ഇന്ത്യയില്‍ വീണ്ടും വര്‍ഗീയ, വിദ്വേഷരാഷ്ട്രീയം ചൂടുപിടിപ്പിക്കുക എന്ന കുടിലതന്ത്രമാണിതിനു പിന്നില്‍. വിഭജന ഭീകരത ഓര്‍ത്തെടുക്കാന്‍ മോദി ഭരണകൂടം ഓഗസ്റ്റ് 14 തന്നെ തിരഞ്ഞെടുത്തതിലെ സന്ദേശം വ്യക്തമാണ്. ഭൂരിപക്ഷ ജനതയില്‍ മതാധിഷ്ഠിത രാഷ്ട്രീയം വികസിപ്പിച്ചു ന്യൂനപക്ഷ രാഷ്ട്രീയത്തെ ഹിംസാത്മകമായി നേരിടുക എന്നതാണ് ആ സന്ദേശം.
ഇന്ത്യ മതാധിഷ്ഠിതമായി വിഭജിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഹിന്ദു മഹാസഭയാണ്. ബംഗാളിനെ വിഭജിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ബി.ജെ.പിയുടെ ആദ്യരൂപമായിരുന്ന ജനസംഘത്തിന്റെ പ്രഥമ പ്രസിഡന്റ് ശ്യാമപ്രസാദ് മുഖര്‍ജിയാണ്. രാജ്യത്തെ മതപരമായി വിഭജിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഹിന്ദുമഹാസഭയും ആര്‍.എസ്.എസും വിഭജനത്തെത്തുടര്‍ന്നുണ്ടായ ഭീതിദമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിക്കണമെന്ന് പറയുന്നത് വീണ്ടും ദൗര്‍ഭാഗ്യകരമായ ആ സംഭവം ആവര്‍ത്തിക്കാന്‍ വേണ്ടിയാണോ. അതിനാല്‍ തന്നെ ക്രൂരമാണ് ഭരണകൂടത്തിന്റെ ഇത്തരമൊരു തീരുമാനം. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡ പൊതു രാഷ്ട്രീയ മണ്ഡലത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കി അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുന്നതിനപ്പുറം ഇത്തരമൊരു ലക്ഷ്യവും ആര്‍.എസ്.എസ് അജന്‍ഡയായിരിക്കാം.
പാകിസ്താന്‍ രൂപീകരിക്കപ്പെട്ട ദിനം ഭീകരവിരുദ്ധ ദിനമായി ഇന്ത്യയില്‍ ആചരിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം വിഭജനത്തെ തുടര്‍ന്നുണ്ടായ ദുരന്തം സജീവമായി നിലനിര്‍ത്തുക എന്നാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിന ചരിത്രത്തില്‍ കണ്ണീരുകൊണ്ടും രക്തം കൊണ്ടും എഴുതിയതാണ് അതിര്‍ത്തിയിലെ കൂട്ടക്കൊലകള്‍. മറക്കാന്‍ ശ്രമിക്കുന്ന ആ ദുരന്തം വീണ്ടും പുറത്തിട്ട് അടുത്ത ദിവസം ഇന്ത്യ ഓഗസ്റ്റ് 15 ആഘോഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്. രാജ്യപുരോഗതി തന്നെ തടസപ്പെടുത്തുന്നതാണ് ഇത്തരമൊരു നീക്കം. ഉണങ്ങാത്ത ഒരു മുറിവ് രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ ബി.ജെ.പി ഭരണകൂടം വീണ്ടും ഓര്‍മിപ്പിക്കുന്നത് നേരത്തെയുണ്ടായ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാന്‍ എടുത്ത കുതന്ത്രത്തെയാണു അനുസ്മരിപ്പിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി അമിത് ഷാ കൊണ്ടുവന്നത് ഇപ്പോഴത്തേതുപോലുള്ള രാഷ്ട്രീയപ്രതിസന്ധി മറികടക്കാനായിരുന്നു. സദുദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെങ്കില്‍, പാകിസ്താന്‍ രൂപീകരണ ദിനമായ ഓഗസ്റ്റ് 14 നു പകരം മൗണ്ട് ബാറ്റണ്‍ പ്രഖ്യാപിച്ച ഇന്ത്യ-പാക് വിഭജന തീയതിയായ 1947 ജൂണ്‍ 3ന് ആയിരുന്നില്ലേ ആചരിക്കേണ്ടിയിരുന്നത്. ഇന്ത്യ അഭിമാനബോധത്തോടെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് ആഘോഷിക്കുമ്പോള്‍ തലേ ദിവസം വിഭജന ഭീതി ദിനമായി ആചരിക്കുന്നതിലെ വിരോധാഭാസം ഭരണകൂടം ഓര്‍ത്തു കാണില്ല. വര്‍ഗീയ വിഭജനം മൂലമുണ്ടായ ഒരു ദുരന്തത്തെ മുതലാക്കി വീണ്ടും പകയും വിദ്വേഷവും വളര്‍ത്തിയെടുക്കാന്‍ ഓഗസ്റ്റ് 14 നെ കരുവാക്കുന്നത് ദുരന്തത്തിന് ഇരയായ ജനകോടികളോടുള്ള ആദരമായല്ല കാണേണ്ടത്. അധികാര രാഷ്ട്രീയം നിലനിര്‍ത്താന്‍ ആ പാവം മനുഷ്യരുടെ ഓര്‍മകളെ ദുരുപയോഗപെടുത്തുന്നു എന്ന നിലയിലാണ്. ചരിത്രം രേഖപ്പെടുത്തുന്നതും അപ്രകാരമായിരിക്കും. സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മത വിഭജന രാഷ്ട്രീയം ഇന്ത്യന്‍ ജനത തിരിച്ചറിയുക തന്നെ ചെയ്യും. മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ പാരമ്പര്യവും മൂല്യവും ഉള്‍ക്കൊണ്ട് മാത്രമേ ഇന്ത്യക്ക് മുമ്പോട്ട് പോകാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."