അപമാനിച്ചെന്ന് കോണ്‍ഗ്രസ്; ആദ്യമായി ദേശീയപതാക ഉയര്‍ത്തി സി.പി.എം വിവാദത്തിലായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 1948ലെ രണ്ടാംപാര്‍ട്ടി കോണ്‍ഗ്രസിന്റെ നയങ്ങള്‍ തിരുത്തി സ്വാന്ത്ര്യദിനത്തില്‍ ആദ്യമായി എ.കെ.ജി സെന്ററിനു മുന്നിലും പാര്‍ട്ടി ഓഫിസുകളിലും ദേശീയപതാക ഉയര്‍ത്തിയ സി.പി.എം ചെന്നുവീണത് വിവാദത്തില്‍. ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട നടപടികളിലും നല്‍കേണ്ട ആദരവിലുംവീഴ്ച സംഭവിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനാണ് എ.കെ.ജി സെന്ററിനു മുന്നില്‍ സി.പി.എമ്മിന്റെ കൊടിമരത്തോടു ചേര്‍ന്ന് പതാക ഉയര്‍ത്തിയത്. സി.പി.എം കൊടിയുടെ അതേ ഉയരത്തിലായിരുന്നു പതാകയും. ദേശീയപതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുതെന്ന ഫ്‌ളാഗ് കോഡിന്റെ ലംഘനമാണ് എ.കെ.ജി സെന്ററില്‍ നടന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സി.പി.എം ദേശീയപതാകയെ ആക്ഷേപിച്ചുവെന്നും കേസെടുക്കണമെന്നുമാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ ശബരീനാഥനും രംഗത്തുവന്നു.
സി.പി.എം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും ബി.ജെ.പി നേതാവ് എം.ടി രമേശും പിന്നാലെയെത്തി. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സി.പി.എമ്മിന് വൈകി വന്ന വിവേകമാണെന്നായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ വന്ന സര്‍ക്കാരിനെ സായുധവിപ്ലവത്തിലൂടെ പരാജയപ്പെടുത്തണമെന്ന് നിലപാടെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ വന്ന വെളിപാട് ഒറ്റപ്പെടുമെന്നു തോന്നിയതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സി.പി.എം ആദ്യത്തെ സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാര്‍ക്കു മുന്നില്‍ കുമ്പിട്ട് പറയുന്നതിനു തുല്യമാണിതെന്നും സുധാകരന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ നയം മാറ്റത്തെ കോണ്‍ഗ്രസും ബി.ജെ.പിയും അതി രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്വാതന്ത്ര്യദിനാഘോഷവുമായി മുന്നോട്ടുപോകാനാണ് സി.പി.എം തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."