അഫ്ഗാനില്‍ വനിതകള്‍ക്ക് പഠിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ടാവുമെന്ന് താലിബാന്‍, മാധ്യമ സ്വാതന്ത്ര്യവും അനുവദിക്കും
ദോഹ: താലിബാന്‍ നേതൃത്വം നല്‍കുന്ന 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനി'ല്‍ വനിതകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുമുമുള്ള സ്വാതന്ത്ര്യമുണ്ടാവുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വര്‍ഷങ്ങളായി താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ പ്രദേശങ്ങളില്‍ വനിതാ യൂനിവേഴ്‌സിറ്റികളും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് താലിബാന്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താലിബാന്‍ അടുത്ത ദിവസം കൈയടക്കിയ ഹീറത്തില്‍ പെണ്‍കുട്ടികള്‍ കോളജിലേക്ക് പോകുന്നത് താലിബാന്‍ പ്രവര്‍ത്തകര്‍ തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് താലിബാന്റെ നയമല്ലെന്നായിരുന്നു മറുപടി. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതിനും മറ്റും തടസമുണ്ടാവില്ല.
അഫ്ഗാനിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക സര്‍ക്കാര്‍ ആയിരിക്കും ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാാന്‍. അവിടെ മൂന്ന് തലത്തിലുള്ള കോടതികളും മറ്റ് നിയമ സംവിധാനങ്ങളുമുണ്ടാവും. നടപടികളില്‍ എതിര്‍പ്പുള്ളവര്‍ക്ക് ആ കോടതികളില്‍ ചോദ്യം ചെയ്യാവുന്നതാണ്. എല്ലാവരുടെയും അവകാശങ്ങള്‍ മാനിക്കുമെന്നും സുഹൈല്‍ ഷഹീന്‍ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം അനുവദിക്കും
തങ്ങളുടെ സര്‍ക്കാരില്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുമെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ തടസമില്ല. എന്നാല്‍, വ്യക്തിഹത്യകളോ വ്യാജപ്രചരണങ്ങളോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."