'മൂന്നാം ഇന്‍തിഫാദ'യില്‍ ഫലസ്തീനിന്റെ ഭാവി
'മൂന്നാം ഇന്‍തിഫാദ'യില്‍ ഫലസ്തീനിന്റെ ഭാവി
ഇസ്‌റാഈല്‍ഹമാസ് സംഘര്‍ഷം തുറന്ന യുദ്ധമായി മാറിക്കഴിഞ്ഞു. അയ്യായിരത്തിലേറെ മിസൈലുകളും ആയിരത്തിലധികം പോരാളികളും ചേര്‍ന്ന് ഗസ്സഇസ്‌റാഈല്‍ അതിര്‍ത്തിയിലുടനീളം ഹമാസ് നടത്തിയ സംഘടിത കടന്നുകയറ്റവും അക്രമവും ഇസ്‌റാഈലിനെ എല്ലാ അര്‍ഥത്തിലും ഞെട്ടിച്ചു.
ഇസ്‌റാഈലിന്റെ പ്രതിരോധത്തിലെ വിള്ളലുകള്‍ വ്യക്തമാക്കുന്നതായിരുന്നു ഹമാസ് പോരാളികളുടെ മിന്നല്‍പ്പിണര്‍ ആക്രമണം. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളില്‍ ഇസ്‌റാഈല്‍ മണ്ണില്‍ യുദ്ധമെത്തിക്കാന്‍ ഹമാസിനു കഴിഞ്ഞു. നഗരങ്ങള്‍, പട്ടണങ്ങള്‍, മിലിട്ടറി കേന്ദ്രങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. അഷ്ഖലോണ്‍, ടെല്‍അവീവ്, റിഷാണ്‍, റാംല, യാവ്‌നെ, അഷ്‌ദോദ്, ബെത്‌ലഹേം, ബീര്‍ഷേബ, ജറുസലേം എന്നിങ്ങനെ ഗസ്സ അതിര്‍ത്തിമേഖലയിലും ഇസ്‌റാഈലിന്റെ പടിഞ്ഞാറന്‍ മേഖലയിലുമുള്ള 100 ലധികം കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ഒട്ടേറെ സൈനികരും കമാന്‍ഡര്‍മാരും ഒരു മേയറും കൊല്ലപ്പെട്ടു. ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ ഫലസ്തീനികളെയും മോചിപ്പിക്കാനാവശ്യമായ ബന്ദികള്‍ തങ്ങളുടെ പിടിയിലുണ്ടെന്ന് ഹമാസ് ഡെപ്യൂട്ടി ചീഫ് സാലെഅല്‍ അറൗറി അല്‍ജസീറയോട് പറഞ്ഞു. കിഴക്കന്‍ ജറൂസലമിലെ അല്‍അഖ്‌സ പള്ളി മേഖലയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കുവാനും ഫലസ്തീന്റെ വിമോചനം സാധ്യമാക്കാനുമാണ് 'ഓപ്പറേഷന്‍ അല്‍ അഖ്‌സ പ്രളയം' എന്ന് പേരിട്ട ആക്രമണമെന്ന് ഹമാസ് തലവന്‍ മുഹമ്മദ് ദെയ്ഫ് പ്രഖ്യാപിച്ചു. ഇത് മൂന്നാം ജനകീയ ഉയിര്‍പ്പിന്റെ(ഇന്‍തിഫാദ)യുടെ സുവ്യക്തമായ സൂചനയാണ്.
ഇസ്‌റാഈലിന്റെ തിരിച്ചടി
'ഇസ്‌റാഈല്‍ പൗരന്മാരെ, നമ്മള്‍ യുദ്ധത്തിലാണ്' എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത് സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. ഹമാസിന്റെ മിന്നലാക്രമണത്തില്‍ 600 ലധികം ഇസ്‌റാഈലുകാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെയുള്ള കണക്ക്. 2000 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ 'തിരിച്ചടി' അതിരൂക്ഷവും ദയാരഹിതവുമാകാനാണ് സാധ്യത. 5000 മിസൈലുകളും ആയിരത്തോളം പോരാളികളും ഉള്‍പ്പെട്ട ഹമാസ് ആക്രമണത്തെ അതിന്റെ നൂറിരട്ടി ശക്തിയില്‍ തിരിച്ചടിക്കുമെന്നാണ് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി പറഞ്ഞത്. ഇസ്‌റാഈല്‍ ഗസ്സ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇതിനകം 370 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 32 പേര്‍ കുട്ടികളാണ്.
ഗസ്സയുടെ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലില്‍നിന്ന് ഇസ്‌റാഈല്‍ നാവിക സൈന്യവും കിഴക്കുനിന്ന് കരസൈന്യവും ഗസ്സയിലേക്ക് നീങ്ങുകയാണ്. ശക്തമായ വ്യോമാക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ ഓഫിസുകളും പരിശീലന കേന്ദ്രങ്ങളും ആയുധശേഖരവുമെല്ലാം പള്ളികളോട് ചേര്‍ന്നും ആശുപത്രി, സ്‌കൂള്‍, ഫ്‌ളാറ്റുകള്‍ എന്നിവയുടെ മറവിലുമൊക്കെയാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്‌റാഈലിന്റെ ഉപഗ്രഹകണ്ണുകളില്‍ നിന്ന് മറഞ്ഞിരിക്കാനുള്ള തന്ത്രമാണിത്. ഇത്തരം കേന്ദ്രങ്ങള്‍ ഇസ്‌റാഈലിന്റെ വ്യോമാക്രമണത്തിന് വിധേയമാകുമ്പോള്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനാണ് സാധ്യത.
ലോകത്തിന്റെ പ്രതികരണം
ഹമാസ് പോരാളികളുടെ ആക്രമണം ലക്ഷണമൊത്ത ഭീകരാക്രമണമായാണ് പാശ്ചാത്യലോകം കാണുന്നത്. 'ഇസ്‌റാഈലിന് പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്' എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇസ്‌റാഈലിനു നേരെ നടന്നത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം ഇസ്‌റാഈലിന് പിന്തുണ പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ എക്‌സിലെ മോദിയുടെ പോസ്റ്റ് ഹീബ്രുഭാഷയില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. സാധാരണഗതിയില്‍ 'ഇരുപക്ഷവും സംയമനം' പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ തയാറാകണമെന്നുമൊക്കെയാണ് ഇന്ത്യന്‍ പ്രതികരണം വരാറുള്ളത്. ഇത്തവണ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇന്ത്യഇസ്‌റാഈല്‍യു.എസ് അച്ചുതണ്ട് യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ ഇസ്‌റാഈലിന്റെ തിരിച്ചടിക്ക് ഇന്ത്യയുടെ പരസ്യ പിന്തുണയാണ് പ്രഖ്യാപിക്കപ്പെട്ടത്.
ഇറാന്‍ പരമോന്നത നേതാവിന്റെ ഉപദേശകന്‍ റഹിം സഫാവി ഹമാസിന് പിന്തുണ പ്രഖ്യാപിക്കുകയും ഹമാസ് പോരാളികളെ അഭിനന്ദിക്കുകയും ചെയ്തു. ഇസ്‌റാഈലിനു നേരെയുള്ള ആക്രമണം ഫലസ്തീനികളുടെ സ്വയം പ്രതിരോധമാണെന്നും അതിനുള്ള അവകാശം അവര്‍ക്കുണ്ടെന്നും ഇറാന്‍ പ്രതികരിച്ചു. അതേസമയം, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍തുലെ ലെയ്ന്‍ ഹമാസിന്റെ ഭീകരാക്രമണത്തെ അപലപിക്കുകയും ഇത്തരം ഹീനനടപടികളെ പ്രതിരോധിക്കാന്‍ ഇസ്‌റാഈലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങി പ്രമുഖ പാശ്ചാത്യ രാജ്യങ്ങളെല്ലാം ഇസ്‌റാഈലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മേഖലയില്‍ ഖത്തര്‍ഇറാന്‍തുര്‍ക്കി അച്ചുതണ്ട് യാഥാര്‍ഥ്യമാണ്. റഷ്യയുടെ പിന്തുണ ഇവര്‍ക്കുണ്ട്. ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് ആയുധങ്ങളും മറ്റു സൈനിക സഹായങ്ങളും ഇറാന്‍ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇറാന്റെ പിന്തുണയുള്ള ഹമാസിന് അനുകൂലമായ നിലപാടാണ് റഷ്യ സ്വീകരിച്ചത്. 'ഇരുപക്ഷവും സംയമനം പാലിക്കണമെന്നും സംഘര്‍ഷം അവസാനിപ്പിക്കണമെന്നും' റഷ്യ പറഞ്ഞു. ഹമാസിന്റെ ഏകപക്ഷീയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു 'സാധാരണ പ്രതികരണം' ഹമാസ് അനുകൂല നിലപാടിന്റെ സൂചനയാണ്. തുര്‍ക്കിയുടെ പ്രതികരണവും ഇതേ സ്വരത്തിലാണ്. റഷ്യഇറാന്‍ സഖ്യം യാഥാര്‍ഥ്യമായതിനാല്‍ ഇസ്‌റാഈല്‍ ഇറാനെതിരേ ആക്രമണം നടത്താന്‍ സാധ്യതയില്ലെന്ന സാഹചര്യമാകാം ഹമാസിനെ പരസ്യമായി പിന്തുണക്കാനും ആയുധങ്ങള്‍ നല്‍കാനും ഇറാനെ പ്രേരിപ്പിച്ച ഘടകം.
മാത്രമല്ല, ലബനാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ നിയന്ത്രിത ഷീഈ സായുധസംഘമായ ഹിസ്ബുല്ല യുദ്ധത്തില്‍ പങ്കാളിയായിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ലബനാനായിരിക്കുമെന്നാണ് ഇസ്‌റാഈല്‍ പറഞ്ഞിരിക്കുന്നത്. ഇത് ഒരുപക്ഷേ സംഘര്‍ഷം ലബനാനിലേക്കുകൂടി വ്യാപിക്കാനുള്ള സാധ്യതയാണുള്ളത്. ഉക്രൈനില്‍ റഷ്യ പ്രയോഗിക്കുന്ന ഇറാന്‍ നിര്‍മിത ഡ്രോണുകള്‍ ഹമാസിനു കൈമാറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇറാന്‍ ഡ്രോണുകള്‍ ലഭിച്ചാല്‍ ഇസ്‌റാഈലിലെ നഗരങ്ങളും ആവാസകേന്ദ്രങ്ങളും ഹമാസിന്റെ നിരന്തരമായ ആക്രമണത്തിന് വിധേയമാകും എന്ന കാര്യം നിസ്തര്‍ക്കമാണ്. 'അയേണ്‍ഡോം' എന്ന പേരുകേട്ട ഇസ്‌റാഈലിന്റെ മിസൈല്‍ പ്രതിരോധസംവിധാനത്തിന് ഇത്തരം ഡ്രോണുകളെ പൂര്‍ണമായി പ്രതിരോധിക്കാന്‍ കഴിയില്ല.
പശ്ചിമേഷ്യയിലെ ഷീഈ സഖ്യമായ ഇറാന്‍, ഹൂതികള്‍, ഹിസ്ബുല്ല, സിറിയ എന്നിവയും തുര്‍ക്കിയുടെയും റഷ്യയുടെയും പിന്തുണയും ഖത്തറിന്റെ സാമ്പത്തിക സഹായവും ഒത്തുചേര്‍ന്ന സാഹചര്യത്തില്‍ ഹമാസിന്റെ പ്രഹരശേഷി പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, 53 ശതമാനം ഫലസ്തീനികളുടെ പിന്തുണയും അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്‌റാഈല്‍ഫലസ്തീന്‍ സംഘര്‍ഷം അപ്രതീക്ഷിത മാനങ്ങളിലേക്ക് വളരാന്‍ സാധ്യതയുണ്ട്. അതേസമയം, മേഖലയിലെ സുന്നി രാഷ്ട്രങ്ങളായ സഊദി, യു.എ.ഇ, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയവയുടെ നിശബ്ദ പിന്തുണയും ഇസ്‌റാഈലിന് ലഭിക്കുന്നുണ്ട്.
ഇറാന്‍ പിന്തുണയുള്ള ഹമാസ് മിന്നലാക്രമണം അമേരിക്ക മുന്‍കൈയെടുത്ത് യാഥാര്‍ഥ്യമാക്കിയ ഇറാന്‍സഊദി അറേബ്യ സമാധാന പ്രക്രിയയെ പിന്നോട്ടടിപ്പിക്കാന്‍ സാധ്യതയുണ്ട്. ചുരുക്കത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വന്‍ശക്തി ഇടപെടലുകളും മേഖലയില്‍ രൂപപ്പെടുകയാണ്. പ്രവചനാതീതമായി മാറിക്കഴിഞ്ഞ ഇസ്‌റാഈല്‍ഹമാസ് സംഘര്‍ഷം വലിയ രക്തച്ചൊരിച്ചിലിന് കാരണമാകും എന്നതില്‍ സംശയമില്ല.
സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട ഫലസ്തീന്‍ ജനതയുടെ അതിജീവന പോരാട്ടങ്ങളും സ്വാതന്ത്ര്യസ്വപ്‌നങ്ങളും പകല്‍ക്കിനാവായി മാറുമോ എന്ന ആശങ്കയാണ് പുരോഗമന ജനാധിപത്യലോകം പങ്കുവയ്ക്കുന്നത്. ദശാബ്ദങ്ങളായി ഫലസ്തീനികള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ പാതയിലാണ്. 1948ല്‍ സ്വതന്ത്ര ഇസ്‌റാഈല്‍ രൂപപ്പെട്ടുവെങ്കിലും ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമായില്ല. സയണിസ്റ്റ് ഇസ്‌റാഈലിന്റെ നിരന്തര ആക്രമണം പുതിയ കുടിയേറ്റകേന്ദ്രങ്ങളുടെ നിര്‍മാണം, കിഴക്കന്‍ ജറൂസലമിലെ കടന്നുകയറ്റങ്ങള്‍, സ്വാതന്ത്ര്യസ്വപ്‌നങ്ങള്‍ നിരന്തരമായി തകര്‍ക്കപ്പെടുന്നതിലെ നിരാശ തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഫലസ്തീനികളുടെ പോരാട്ടത്തിന് പുതിയ രൂപവും ഭാവവും നല്‍കിയിട്ടുണ്ട്. നിരന്തരമായി ആക്രമിക്കപ്പെടുന്ന ഒരു ജനത അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
ഫലസ്തീനികളുടെ സാംസ്‌കാരികമതരാഷ്ട്രീയ ജീവിതം ഇസ്‌റാഈല്‍ നിയന്ത്രണത്തിലായിരിക്കുന്നിടത്തോളം സംഘര്‍ഷം തുടരും. ഇസ്‌റാഈലിലും ഫലസ്തീനിലും പൊലിയുന്ന സാധാരണ മനുഷ്യരുടെ ജീവന്‍ ലോകമനസ്സാക്ഷിക്കുമുമ്പില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."