'സ്വന്തം തോല്‍വിക്ക് മറയിടാന്‍ ഇസ്‌റാഈല്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നു' ഹമാസ് ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍
'സ്വന്തം തോല്‍വിക്ക് മറയിടാന്‍ ഇസ്‌റാഈല്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നു' ഹമാസ് ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍
തെഹ്‌റാന്‍: ഹമാസ് ഇസ്‌റാഈലില്‍ നടത്തിയ ആക്രമണം തങ്ങളുടെ പിന്തുണയോടെയാണെന്ന ആരോപണം നിഷേധിച്ച് ഇറാന്‍. സ്വന്തം പരാജയത്തിന് തടയിടാന്‍ തെഹ്‌റാനെ കുറ്റപ്പെടുത്തുകയാണെന്ന് ഇറാന്‍ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.
'ഫലസ്തീനുള്ള പിന്തുണയില്‍ അടിയുറച്ച് നില കൊള്ളുന്നു. അതേസമയം, ഫലസ്തീന്റെ ഇപ്പോഴത്തെ പ്രതികരണത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല'- ഇറാന്‍ പ്രതിനിധി പ്രസ്താവനയില്‍ പറയുന്നു.
ഏഴ് പതിറ്റാണ്ടായി സയണിസ്റ്റ് ഭരണകൂടം തുടര്‍ന്നുവരുന്ന അടിച്ചമര്‍ത്തലിനും അധിനിവേശത്തിനും ഹീനമായ കുറ്റകൃത്യങ്ങള്‍ക്കുമെതിരായുള്ള പ്രതിരോധമാണ് ഫലസ്തീന്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി. ഇസ്‌റാഈല്‍ സുരക്ഷാസേനക്കുണ്ടായ ഏറ്റവും വലിയ പരാജയമാണ് ഹമാസ് നടത്തിയ ഓപറേഷന്‍. അത് അവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതവുമായിരുന്നു. ഇസ്‌റാഈലിന്റെ പരാജയത്തെ ന്യായീകരിക്കുന്നതിനായാണ് അവര്‍ ഇറാനെതിരെ ആരോപണമുന്നയിക്കുന്നത് പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ ഗസ്സക്ക് പുറമേ ഫലസ്തീനിലെ മറ്റു പ്രദേശങ്ങളിലും ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സിദ്‌റത് പ്രവിശ്യയില്‍ ഹമാസ് പോരാളികളും ഇസ്‌റാഈല്‍ സൈന്യവും ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണ്. വെസ്റ്റ് ബാങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ 13 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതുവരെയായി 400ലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതില്‍ 33 ലേറെ കുട്ടികളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗസ്സയിലേക്ക് കരമാര്‍ഗം ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്‌റാഈല്‍. 48 മണിക്കൂറിനകം സൈനിക നീക്കം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഗസ്സയില്‍ വൈദ്യുതിവിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനവും താറുമാറായിട്ടുണ്ട്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് രണ്ടായിരത്തിലേറെ ആളുകളാണ് ആശുപത്രികളില്‍ എത്തിയത്.
ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 700ലേറെ പേരാണ് കൊല്ലപ്പെട്ടത്. സംഗീത പരിപാടി നടന്ന സ്ഥലത്തുനിന്ന് മാത്രം 250ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. 100ലേറെ പേരെ ഹമാസ് ബന്ദിയാക്കി ഗസ്സയിലേക്ക് കൊണ്ടുപോയതായും ഇസ്‌റാഈല്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."