അസ്ലം വധം: മുഖ്യപ്രതികളുടെ അറസ്റ്റ് വൈകുന്നു സഹായിച്ച സി.പി.എം നേതാവിന് ജാമ്യം
നാദാപുരം: തൂണേരിയിലെ മുഹമ്മദ് അസ്ലം വധക്കേസിലെ മുഖ്യപ്രതികളുടെ അറസ്റ്റ് വൈകുന്നു. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായംനല്കിയ സി.പി.എം നേതാവിനെതിരേ കേസെടുത്തുവെങ്കിലും ഇയാളെ കോടതി ജാമ്യത്തില്‍വിട്ടു.
കഴിഞ്ഞദിവസം കോഴിക്കോട് റൂറല്‍ എസ്.പി യുടെ നിര്‍ദേശപ്രകാരം ഹോസ്ദുര്‍ഗ് പൊലിസ് അറസ്റ്റ് ചെയ്ത് നാദാപുരം പൊലിസിനു കൈമാറിയ ബങ്കളം സൗത്ത്ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അനില്‍ ബങ്കളത്തിനാണ് ഇന്നലെ നാദാപുരം കോടതി ജാമ്യംനല്‍കിയത്. നാദാപുരം പൊലിസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്കെതിരേ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തതാണ് ജാമ്യം ലഭിക്കാനിടയാക്കിയതെന്ന് ആരോപണമുണ്ട്.
ഇയാള്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതല്ലാതെ മറ്റൊരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
രണ്ടുദിവസം ഇയാളെ പൊലിസ് ചോദ്യംചെയ്തതായി പറയുന്നുണ്ടെങ്കിലും ഹോസ്ദുര്‍ഗില്‍ തങ്ങിയ പ്രതികള്‍ പിന്നീട് എങ്ങോട്ടു പോയെന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലിസിനായില്ല. അതേസമയം, കുറേ ദിവസം ഇയാളുടെ വീട്ടിലും സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും പ്രതികള്‍ താമസിച്ചതായി ഹോസ്ദുര്‍ഗ് പൊലിസ് നാദാപുരം പോലിസില്‍ വിവരം നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടപടിക്രമങ്ങള്‍ ലംഘിച്ചാണ് പ്രതികളെ താമസിപ്പിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
നേരത്തേ ഷിബിന്‍ വധക്കേസില്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കുറ്റം ചുമത്തിയവരെ മാസങ്ങളോളം ജയിലിലടച്ചിരുന്നു. അസ്ലം വധക്കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതായുള്ള ആരോപണം നിലനില്‍ക്കെയാണ് സി.പി എം നേതാവിന് ജാമ്യം ലഭിക്കാനുതകുന്ന വകുപ്പുകള്‍ ചേര്‍ത്തതെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."