സാമ്പത്തിക സംവരണം ചാതുര്‍വര്‍ണ്യത്തിലേക്കുള്ള വഴി
അഡ്വ. വി.കെ ബീരാന്‍
1982 ഡിസംബറില്‍ സി.എച്ച് മുഹമ്മദ് കോയ തന്റെ ആരോഗ്യം ആശങ്കപ്പെടുത്തുംവിധം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍, സാമ്പത്തിക സംവരണവാദികളായ എന്‍.എസ്.എസുകാര്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച സമസ്ത കേരള നായര്‍ മഹാസമ്മേളനത്തില്‍ 'മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു; 'സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന ആവശ്യം വിവരക്കേടാണ്. ഭരണഘടന ഒരു പ്രാവശ്യമെങ്കിലും വായിച്ചവര്‍ക്ക് അതു പറയാന്‍ കഴിയില്ല. അന്യസമുദായങ്ങളുടെ അവകാശങ്ങള്‍ ഒരു തലനാരിഴപോലും ഞങ്ങള്‍ക്കു വേണ്ട! ഞങ്ങളുടെ അവകാശങ്ങള്‍ ഒരു തലനാരിഴ പോലും വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കു സമ്മതമല്ല'. സാമ്പത്തിക സംവരണ വാദം വിവരക്കേടാണെന്ന് സി.എച്ച് പറഞ്ഞത് സുപ്രിംകോടതി പലതവണ ആവര്‍ത്തിച്ചത് ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും ഓര്‍ക്കേണ്ടതാണ്.
1958ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മിഷനാണ് സാമ്പത്തിക സംവരണം എന്ന ആശയം കേരളത്തില്‍ മുന്നോട്ടുവച്ചത്. സാമുദായിക സംവരണം ജാതിചിന്ത ശാശ്വതീകരിക്കും, കൂടുതല്‍ സമുദായങ്ങള്‍ സംവരണം ആവശ്യപ്പെട്ട് വരും, സിവില്‍ സര്‍വിസിന്റെ കാര്യക്ഷമത കുറയും എന്നൊക്കെയായിരുന്നു വാദം. എന്നാല്‍ മുസ്‌ലിം ലീഗ് നിയമസഭാകക്ഷി മുസ്‌ലിം പിന്നോക്ക സമുദായത്തിനു 20 ശതമാനം സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയചര്‍ച്ചയില്‍ സഖാവ് നമ്പൂതിരിപ്പാടിന്റെ സംവരണവിരുദ്ധ നിലപാട് സി.എച്ച് പൊളിച്ചടക്കി. ഇ.എം.എസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷനില്‍ വിദ്യാഭ്യാസ മന്ത്രി മുണ്ടശ്ശേരി, ചീഫ് സെക്രട്ടറി എന്‍.ഇ.എസ് രാഘവനാചാരി, പ്രൊഫസര്‍ വി.കെ.എന്‍ മേനോന്‍, എച്ച്.ഡി മാളവ്യ, പി.എസ് നടരാജപിള്ള, ജി. പരമേശ്വരപിള്ള എന്നിവര്‍ അംഗങ്ങളായിരുന്നു. പ്രമേയ ചര്‍ച്ചയില്‍ സി.എച്ച് ഇന്ത്യന്‍ ഭരണഘടനയുടെ പ്രസക്ത അനുച്ഛേദങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിവരമുള്ള ഒരാള്‍ക്കും സാമുദായിക സംവരണത്തിനെതിരേ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന് സമര്‍ഥിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ കമ്മിഷന്‍ കണ്ടെത്തിയ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും അതു തള്ളണമെന്നും വാദിച്ചു. പ്രൊഫസര്‍ മുണ്ടശ്ശേരിയെപ്പോലെ പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ സി.എച്ചിനെ ശരിവയ്ക്കുകയും ചെയ്തു.
മുസ്‌ലിം പിന്നോക്ക വിഭാഗത്തിന് ഇന്നത്തെ സംവരണരീതി കൊണ്ട് യാതൊരു നേട്ടവും ഇല്ലെന്നു മാത്രമല്ല, സംസ്ഥാനത്ത് ഒരുവിഭാഗത്തിനും സംവരണം ഇല്ലായിരുന്നുവെങ്കില്‍ മുസ്‌ലിംകളുടെ സ്ഥിതി ഇതിനേക്കാള്‍ മെച്ചപ്പെടുമായിരുന്നു. ഉദാഹരണത്തിന്, ഒരു തസ്തികയില്‍ 5 ഒഴിവുകളുണ്ടെങ്കില്‍ ഇപ്പോഴത്തെ സംവരണ നിയമമനുസരിച്ചു ഒന്നാമത്തെ നിയമനം ഒന്നാം റാങ്കുകാരനു ലഭിക്കും. രണ്ടാമത്തെ നിയമനം ഈഴവ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥിക്കും മൂന്നാമത്തെ നിയമനം ലിസ്റ്റിലെ രണ്ടാം റാങ്കുകാരനും ലഭിക്കും. നാലാമത്തെ നിയമനം പട്ടികജാതിക്കാരനു കിട്ടും. അഞ്ചാമത്തെ നിയമനം ലഭിക്കുന്നത് ലിസ്റ്റിലെ മൂന്നാം റാങ്കുകാരനാണ്. അങ്ങനെ ഒരു തസ്തികയില്‍ 5 ഒഴിവുകളുണ്ടായാല്‍ പോലും നാലാം റാങ്കുകാരനായ മുസ്‌ലിം ഉദ്യോഗാര്‍ഥിക്ക് ഇന്നത്തെ സംവരണവ്യവസ്ഥ അനുസരിച്ച് ഉദ്യോഗം ലഭിക്കുകയില്ല.
1958 ഡിസംബര്‍ 17നാണ് ഈഴവ, മുസ്‌ലിം, ലത്തീന്‍, നാടാര്‍, ധീവര, വിശ്വകര്‍മ്മ, എസ്.യു.സി.ഐ നാടാര്‍, ഹിന്ദു നാടാര്‍, മറ്റു ക്രിസ്ത്യാനികള്‍, മറ്റു പിന്നോക്കക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രത്യേക സംവരണം അനുവദിച്ചത്. അതുവരെ 35 ശതമാനം ഉദ്യോഗസംവരണം എല്ലാ പിന്നോക്ക വിഭാഗങ്ങള്‍ക്കും കൂടി അനുവദിച്ചിരുന്നു. പിന്നോക്കക്കാരില്‍ മുന്നോക്കമായ സമുദായങ്ങള്‍ ഈ 35 ശതമാനം സംവരണവും ഏതാണ്ട് മുഴുവനായി കൈയടക്കി. 1957ലെ നിയമസഭയില്‍ സി.എച്ച് മുഹമ്മദ് കോയയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് ഓരോ പിന്നോക്ക സമുദായത്തിനും പ്രത്യേകം സംവരണം അനുവദിച്ചത്. ഇത് മനസിലാക്കിയ 1957ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1958ല്‍ അന്ന് 22 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം പിന്നോക്ക വിഭാഗത്തിനു 10 ശതമാനം സംവരണം അനുവദിച്ചു. നിയമന റോസ്റ്ററില്‍ ആറാം സ്ഥാനവും. എന്നാല്‍ ഇതുകൊണ്ട് രണ്ടു കാരണങ്ങളാല്‍ മുസ്‌ലിം പിന്നോക്ക സമുദായത്തിന് യാതൊരു ഫലവുമുണ്ടായില്ല. ഒന്ന്, മുസ്‌ലിംകള്‍ അന്ന് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമായതിനാല്‍ ജോലിക്ക് യോഗ്യരായ അപേക്ഷകരില്ലായിരുന്നു. രണ്ട്, പി.എസ്.സിയുടെ റോട്ടഷന്‍ ചാര്‍ട്ടില്‍ ആറാമത്തെ പോസ്റ്റാണ് മുസ്‌ലിംകള്‍ക്ക് അനുവദിച്ചിരുന്നത്. 6 പോസ്റ്റ് ഉണ്ടങ്കില്‍ മാത്രമേ മുസ്‌ലിം ഉദ്യോഗാര്‍ഥിക്ക് നിയമനം കിട്ടുകയുള്ളൂ.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2017 ഓഗസ്റ്റിലെ ഏഴാം പതിപ്പ് 'കേരള പഠനം, കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു?' എന്ന പുസ്തകത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ പറയുന്നുണ്ട്. ആ പട്ടികയാണ് ലേഖനത്തോടൊപ്പം കൊടുത്തത്. കൂടാതെ, 2000ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ 7383 പോസ്റ്റുകള്‍ മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതില്‍ കുറവാണ് കിട്ടിയിട്ടുള്ളൂവെന്ന് കണ്ടെത്തി. അപൂര്‍വം ചില മെറിറ്റില്‍ വരുന്ന ഉദ്യോഗങ്ങള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. അതായത്, മെറിറ്റിലും സംവരണത്തിലും കൂടി ലഭിച്ചത് കഴിച്ചാണ് 7383 പോസ്റ്റിന്റെ കുറവെന്ന് 2000ത്തില്‍ തന്നെ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെറിറ്റില്‍ കിട്ടിയത് ഒഴിവാക്കുമ്പോള്‍ ഈ ബാക്ക്‌ലോഗ് അതിനെക്കാള്‍ കൂടും. ആ റിപ്പോര്‍ട്ടില്‍ മുസ്‌ലിം സമുദായത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഈഴവര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം കിട്ടിക്കഴിഞ്ഞു എന്നും പറയുന്നുണ്ട്.
പിന്നോക്കക്കാരില്‍ പിന്നോക്കമായി നില്‍ക്കുന്ന മുസ്‌ലിം സമുദായം ഉള്‍പ്പെടെയുള്ള സംവരണ സമുദായങ്ങളുടെ സ്ഥിതി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 1992ലെ മണ്ഡല്‍ കേസ് വിധിയില്‍ സുപ്രിംകോടതിയുടെ 9 അംഗ ഭരണഘടനാ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശക്തമായ നിര്‍ദേശങ്ങള്‍ നല്‍കി. അതില്‍ സുപ്രധാനമായത്, ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണം പുനഃപരിശോധിച്ചു മതിയായ പ്രാതിനിധ്യം കിട്ടിയ വിഭാഗങ്ങളെ ഒഴിവാക്കണമെന്നും വളരെ താഴെ കിടക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി സംവരണ ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നുമായിരുന്നു. മേല്‍പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി ഒരു സ്ഥിരംസംവിധാനം ഉണ്ടാക്കണമെന്നും അതിനുവേണ്ടി ഒരു നിയമനിര്‍മാണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണമെന്നും കോടതി വിധിച്ചു. ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിന്നോക്ക സമുദായ കമ്മിഷനുകള്‍ കേന്ദ്ര, സംസ്ഥാന തലത്തില്‍ രൂപീകരിക്കണമെന്നും മേല്‍പറഞ്ഞ സംവരണ പുനഃപരിശോധനയില്‍ കമ്മിഷന്റെ അഭിപ്രായം തേടണമെന്നും നിര്‍ദേശിച്ചു. സുപ്രിംകോടതി ഉത്തരവനുസരിച്ച് 1993 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന കേരള സ്റ്റേറ്റ് ബാക്ക്‌വേഡ് ക്ലാസസ് കമ്മിഷന്‍ ആക്ട് 1993ലെ 11 ാം വകുപ്പനുസരിച്ച് ഓരോ പത്തു വര്‍ഷം കൂടുമ്പോള്‍ സംവരണലിസ്റ്റ് നിര്‍ബന്ധമായും സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രിംകോടതി വിധിയും ഈ നിയമവുമനുസരിച്ച് 1993ല്‍ തന്നെ കേരള സര്‍ക്കാരിനു മുസ്‌ലിംകളാദി പിന്നോക്ക വിഭാഗങ്ങളുടെ ഈ നീറുന്ന പ്രശ്‌നത്തിനു പരിഹാരം കാണാമായിരുന്നു. മേല്‍നിയമത്തെ 11 ാം വകുപ്പിന്റെ തുടക്കത്തില്‍ തന്നെ സര്‍ക്കാരിന് ഏതുസമയത്തും അനീതി പരിഹരിക്കാന്‍ ഇടപെടാമെന്നാണ്. ഇതനുസരിച്ച് 2003ല്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കി ഒന്നാമത്തെയും 2013ല്‍ രണ്ടാമത്തെയും റിവിഷന്‍ നടത്തേണ്ടതായിരുന്നു. രണ്ടു സമയത്തും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളായിരുന്നു ഭരണത്തില്‍.
1979ല്‍ സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിക്കസേരയില്‍. അന്ന് നെട്ടൂര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനോട് സര്‍വകക്ഷികളും വിയോജിപ്പ് പ്രകടിപ്പിച്ചതിനാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയേണ്ട അവസ്ഥ സര്‍ക്കാരിനുണ്ടായി. വളരെ പിന്നോക്കമായ മുസ്‌ലിം സമുദായത്തെ ആശ്വസിപ്പിക്കാനായി 10 ശതമാനമായിരുന്ന മുസ്‌ലിം സംവരണം സി.എച്ച് 12 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് നെട്ടൂര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളി ഉത്തരവായി.
മുസ്‌ലിം സമുദായം കഴിഞ്ഞ 20 വര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതിയാണ് കൈവരിച്ചത്. എന്നിട്ടും എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗത്തെക്കാള്‍ പിന്നിലായി? മേല്‍കൊടുത്ത പട്ടികയില്‍ പറയുന്നതു പോലെ 26.9 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം വെറും 11.4 ശതമാനം മാത്രമാണ്. എന്നാല്‍ 22.2 ശതമാനം ജനസംഖ്യയുള്ള ഈഴവര്‍ക്ക് ഉദ്യോഗത്തില്‍ 22.7 ശതമാനം പ്രാതിനിധ്യമുണ്ട്. ഇതനുസരിച്ചാണെങ്കില്‍ 27 ശതമാനമെങ്കിലും ഉദ്യോഗപ്രാതിനിധ്യം മുസ്‌ലിംകള്‍ക്കു ലഭിക്കണം. ഇതിനായി സംവരണം പുനരവലോകനം ചെയ്ത് റോസ്റ്ററില്‍ രണ്ടാമത്തെ പോസ്റ്റും മുസ്‌ലിം സംവരണവിഹിതം 12 ശതമാനത്തിനു പകരം 18 ശതമാനവും ആക്കണം. അല്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ എന്നെന്നേക്കുമായി പിന്തള്ളപ്പെടും. ഗള്‍ഫ് ജോലിയും ഫാക്ടറി ജോലിയും പട്ടിണി മാറ്റാനാണെങ്കില്‍ സര്‍ക്കാര്‍ ജോലി അധികാരത്തിലെ പങ്കാളിത്തമാണ്. സര്‍ക്കാര്‍ ജോലി ഒരു പൗരന്റെ മൗലികാവകാശമാണ്. അതു ലഭിക്കാത്ത വിഭാഗങ്ങളെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെടും.
സി.എച്ച് മുഹമ്മദ് കോയ സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ പ്രാധാന്യത്തെ കുറിച്ച് 1969ല്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ എറണാകുളത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകരോടു പറഞ്ഞത്, 'ഞാന്‍ മുഖ്യമന്ത്രിയും എന്റെ സഹപ്രവര്‍ത്തകരായ ലീഗ് എം.എല്‍.എമാര്‍ മന്ത്രിമാരുമായി ഒരു മന്ത്രിസഭയുണ്ടാക്കിയാല്‍ പോലും മുസ്‌ലിം ന്യൂനപക്ഷ പിന്നോക്കസമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ഇവിടെ ശക്തമായ ഒരു ജുഡീഷ്യറിയുണ്ട്. ഇതില്‍ രണ്ടില്‍ മതിയായ പ്രാതിനിധ്യം ഉണ്ടാക്കാത്തിടത്തോളം കാലം മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല' എന്നാണ്. മലയാള സിനിമാ നടന്‍ സിദ്ദീഖിന്റെ പിതാവ് മുഹമ്മദ് സി.എച്ച് ആഭ്യന്തരമന്ത്രിയായിട്ടുപോലും സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നില്ലെന്ന് പരാതിപ്പെട്ട സന്ദര്‍ഭത്തിലായിരുന്നു ഈ പ്രസ്താവന.
അരനൂറ്റാണ്ട് മുന്‍പ് സി.എച്ച് നടത്തിയ പ്രവചനം ബാബരി മസ്ജിദ് കേസിലും 80:20 സ്‌കോളര്‍ഷിപ്പ് കേസിലും സമുദായത്തിനു ബോധ്യമായിക്കഴിഞ്ഞു. ഇനിയും സമുദായം ഉറങ്ങുകയാണെങ്കില്‍ ചിത്രത്തിലില്ലാത്തവിധം പുറന്തള്ളപ്പെടും. അതുകൊണ്ട് 29 വര്‍ഷം മുമ്പുണ്ടായ സുപ്രിംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാന്‍ ഒന്നിച്ച് മുന്നിട്ടിറങ്ങണം.
സംവരണ വിഭാഗങ്ങള്‍ക്കുള്ള ഇരുട്ടടിയായിട്ടാണ് 10 ശതമാനം സവര്‍ണ സംവരണത്തിനായുള്ള 103ാം ഭരണഘടനാ ഭേദഗതി. ഈ ഭരണഘടനാ ഭേദഗതി സുപ്രിംകോടതിയില്‍ പലരും ചോദ്യം ചെയ്തിട്ടുണ്ട്. അതു പരാജയപ്പെട്ടാല്‍ ഇന്ത്യാ രാജ്യത്ത് ചാതുര്‍വര്‍ണ്യം നടപ്പാക്കലായിരിക്കും ഫലം.
(മുന്‍ അഡിഷനല്‍ അഡ്വക്കറ്റ് ജനറലാണ്
ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."