താലിബാനെതിരേ ജനങ്ങള്‍ തെരുവില്‍
കാബൂള്‍: രാജ്യത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കിയെങ്കിലും താലിബാനെതിരേ പല പ്രദേശത്തും പ്രതിഷേധമുയരുന്നതായി റിപ്പോര്‍ട്ട്. വിവിധ പ്രവിശ്യാ കേന്ദ്രങ്ങളിലും നഗരങ്ങളിലും താലിബാനെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാന് സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കേ പ്രധാന പട്ടണമായ ജലാലാബാദില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഇവിടെ അഫ്ഗാന്റെ ദേശീയപതാകയുമായി തെരുവിലിറങ്ങിയവര്ക്കുനേരേ താലിബാന് സേന വെടിവച്ചു.
മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അഫ്ഗാന്റെ ദേശീയ പതാക അഴിച്ചുമാറ്റി താലിബാന് പതാക സ്ഥാപിക്കാനുള്ള ശ്രമം പ്രദേശവാസികള്‍ തടഞ്ഞു. ദേശീയപതാക പ്രദേശവാസികള്‍ പുനഃസ്ഥാപിച്ചു. പിന്നാലെ അഫ്ഗാന്റെ ദേശീയപതാകയുമായി നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങി. തെരുവിലെ പ്രതിഷേധവും ദേശീയപതാക വീശുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.തുടര്‍ന്നാണ് താലിബാന് സേന പ്രതിഷേധക്കാര്‍ക്കു നേരേ വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് മറ്റു ചില നഗരങ്ങളിലും ജനങ്ങള്‍ താലിബാനെതിരേ തെരുവിലിറങ്ങിയത്. പ്രതിഷേധങ്ങളുടെ വിഡിയോ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെയും താലിബാന് ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."