കൊവിഡാനന്തര ചികിത്സയ്ക്ക് പണം: കുത്തകകള്‍ക്ക് പ്രോത്സാഹനമാകും
എ.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം നല്‍കണമെന്ന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് അപലപനീയമാണ്. കൊവിഡ് മഹാമാരി കാരണം സാധാരണക്കാരന്റെ ദൈനംദിന ജീവിതം താളം തെറ്റാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷംകഴിഞ്ഞു. റേഷന്‍ കാര്‍ഡുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എ.പി.എല്‍ എന്ന് രേഖപ്പെടുത്തിയ വെള്ളക്കാര്‍ഡുകളുള്ളവരില്‍, പലരുടേയും ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഒരു വര്‍ഷത്തോളം വരുമാനം ഇല്ലാതാകുമ്പോള്‍ ഏതൊരു എ.പി.എല്ലുകാരനും ബി.പി.എല്ലുകാരനാകും. വ്യാപാരികള്‍ ഇന്നലെ വരെ അല്ലലില്ലാതെ ജീവിതം നയിച്ചവരായിരുന്നുവെങ്കില്‍ കൊവിഡ് മഹാമാരി അവരില്‍ പലരേയും ദരിദ്രരാക്കി. നീണ്ട ഒരു വര്‍ഷം കട പൂട്ടിയിട്ടതിനാലാണ് അവരില്‍ പലര്‍ക്കും ആത്മഹത്യയില്‍ അഭയം തേടേണ്ടിവന്നത്. അപ്പോഴും അവര്‍ എ.പി.എല്‍ ആയി തുടരുകയായിരുന്നു. എല്ലാവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെയോ അധ്യാപകരെപ്പോലെയോ അല്ലലും അലട്ടുമില്ലാതെ കൊവിഡ് കാലത്തും ജീവിതം മുമ്പോട്ട് കൊണ്ടുപോവുകയാണെന്നാണോ സര്‍ക്കാര്‍ ധരിച്ചുവശായിരിക്കുന്നത്.
മനുഷ്യര്‍ക്കിടയിലെ പല വിവേചനങ്ങളും കൊവിഡ് അവസാനിപ്പിച്ചതു പോലെ എ.പി.എല്‍ എന്നും ബി.പി.എല്‍ എന്നുമുള്ള വ്യത്യാസവും മായ്ച്ചുകളഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ 90.67 ലക്ഷം കുടുംബങ്ങളില്‍ 51.77 ലക്ഷം പേരും സര്‍ക്കാര്‍ കണക്കില്‍ എ.പി.എല്‍ വിഭാഗത്തില്‍പെട്ടവരാണ്. അതായത് ഭൂരിപക്ഷം പേരും ദാരിദ്ര്യ രേഖയ്ക്ക് മുകളിലായി സസുഖം കഴിയുകയാന്നെന്ന്.
എ.പി.എല്ലുകാര്‍ കൊവിഡാനന്തര ചികിത്സയ്ക്ക് ജനറല്‍ വാര്‍ഡില്‍ ദിവസം 750 രൂപ നല്‍കണം. ഹൈ ഡിപ്പന്‍ഡന്‍സി യൂനിറ്റില്‍ 1,250 രൂപയും ഐ.സി.യുവില്‍ 1,500 രൂപയും വെന്റിലേറ്ററില്‍ 2,000 രൂപയുമാണ് നല്‍കേണ്ടത്. ചികിത്സാരംഗത്ത് കാലു കുത്താന്‍ അവസരം പാര്‍ത്തിരിക്കുന്ന കുത്തകകളെയായിരിക്കും സര്‍ക്കാര്‍ തീരുമാനം സന്തോഷിപ്പിക്കുക. സാമ്പത്തിക പ്രയാസം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന, റേഷന്‍ കാര്‍ഡില്‍ എ.പി.എല്ലില്‍ പെട്ടുപോയവര്‍ക്ക് ഓണക്കാലത്ത് സര്‍ക്കാരില്‍ നിന്നു കിട്ടിയ കനത്ത പ്രഹരമായി മാത്രമേ ഈ ചികിത്സാഫീസിനെ കാണാനാകൂ. കൊവിഡ് ഭേദമായവരില്‍ ഭൂരിപക്ഷവും കൊവിഡാനന്തര രോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്നവരാണ്. ഇതില്‍ അധികവും ന്യൂമോണിയയുമാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം 750 രൂപ കൊടുക്കേണ്ടി വരുമ്പോള്‍ ഒരാഴ്ചയോ പതിനഞ്ച് ദിവസമോ കഴിഞ്ഞു രോഗം ഭേദപ്പെട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴേക്കും എത്ര വലിയ തുകയായിരിക്കും രേഖകളില്‍ എ.പി.എല്ലുകാരനായ, യഥാര്‍ഥ ജീവിതത്തില്‍ ദരിദ്രനായിപ്പോയ രോഗി നല്‍കേണ്ടി വരിക.
ആഗോളീകരണത്തിനെതിരേ ചന്ദ്രഹാസം ഇളക്കിയവരാണ് കേരളം രണ്ടാം തവണയും ഭരിച്ചു കൊണ്ടിരിക്കുന്നത്. അവരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ലോകത്തെ കമ്പോള വ്യവസ്ഥിതിയുടെ അടിസ്ഥാനത്തില്‍ നിജപ്പെടുത്താനാവില്ലെന്ന് പറഞ്ഞ സി.പി.എം, ലോകം വലിയൊരു ഷോപ്പിങ് കോംപ്ലക്‌സല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. ആ കാലം കഴിഞ്ഞു പോയെന്നാണോ മനസിലാക്കേണ്ടത്. ആഗോളവ്യവസ്ഥയുടെ തുറന്ന മാര്‍ക്കറ്റിങ് സംവിധാനത്തില്‍ പണം ഈടാക്കാത്ത ഒരു സേവനവും പാടില്ലെന്ന നിഷ്‌കര്‍ഷതയാണുള്ളത്. സര്‍ക്കാരുകള്‍ സൗജന്യ സേവനത്തില്‍ നിന്നു പിന്മാറണമെന്നാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിയമം. ഇതനുസരിച്ച് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതും സൗജന്യ ആതുരശുശ്രൂഷ നല്‍കുന്നതും നിര്‍ത്തലാക്കണമെന്നും ആഗോളീകരണ സമ്പദ്‌വ്യവസ്ഥക്ക് നേതൃത്വം നല്‍കിയ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ശാഠ്യം പിടിച്ചിരുന്നു. സര്‍ക്കാര്‍ ഈ രംഗത്ത് നിന്നു പിന്മാറിയാല്‍ വിദ്യാഭ്യാസരംഗത്തും ചികിത്സാരംഗത്തും വമ്പിച്ച നിക്ഷേപം നടത്തി രംഗം പിടിച്ചടക്കാന്‍ കാത്തു കഴിയുകയാണ് ആഗോള ഭീമന്മാര്‍.
സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് പക്ഷത്തിന് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ മുതലാളിത്ത വ്യവസ്ഥിതിയോട് ഒരു നിലക്കും യോജിപ്പുണ്ടായിരുന്നില്ല. പ്രകാശ് കാരാട്ട് സി.പി.എം ജനറല്‍ സെക്രട്ടറിയായിരിക്കെ, മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ ആഗോളീകരണ നയത്തില്‍ പ്രതിഷേധിച്ചു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു. എന്തിന്റെ പേരിലായിരുന്നോ മന്‍മോഹന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് മുന്നണി പിന്‍വലിച്ചത്, അതേ നയത്തിന് സംസ്ഥാനത്ത് ആരംഭം കുറിച്ചിരിക്കുകയാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോളീകരണം ലോകമൊട്ടാകെ യാഥാര്‍ഥ്യമായെങ്കിലും, സംസ്ഥാനത്ത് ഇതുവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുകയോ സൗജന്യ വിദ്യാഭ്യാസം അവസാനിപ്പിക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആ കീഴ്‌വഴക്കത്തിനാണ് വിരാമമിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ചികിത്സക്ക് ഫീസ് നിശ്ചയിച്ചതിലൂടെ മുതലാളിത്ത വ്യവസ്ഥിതിയുടെ വഴിയിലേക്കാണ് ഇടത് മുന്നണി സര്‍ക്കാര്‍ കാലെടുത്തു വച്ചിരിക്കുന്നത്. ഇന്ന് കൊവിഡാനന്തര ചികിത്സയ്ക്കാണ് എ.പി.എല്ലുകാരെന്ന് പറയപ്പെടുന്ന സാധാരണക്കാരനില്‍ നിന്നു ഫീസ് ഈടാക്കുന്നതെങ്കില്‍ നാളെ ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്ന രോഗികളില്‍ നിന്നും പ്രമേഹ രോഗികളില്‍ നിന്നും പണം ഈടാക്കുമെന്നതിന് സംശയമില്ല.
'പരിപ്പ് വട തിന്നും കട്ടന്‍ കാപ്പി കുടിച്ചും' പഴയതുപോലെ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പറ്റുകയില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത് ശരിയായിരിക്കാം. എന്നാല്‍ അതിനും പാങ്ങില്ലാത്ത ലക്ഷക്കണക്കിനു ജനങ്ങള്‍ ഈ കൊച്ചു സംസ്ഥാനത്ത് ജീവിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. എല്ലാവരും ഭരണവര്‍ഗക്കാരെ പോലെ സുഖജീവിതം നയിക്കുകയാണെന്ന് കരുതരുത്. സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനമല്ല ഇത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് പുറത്തിറക്കുന്നതിന്റെ കൂട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എ.പി.എല്‍ വിഭാഗത്തില്‍ നിന്നു പണം ഈടാക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ഇത്തരം വിഷയങ്ങളില്‍ വലിയ ഗ്രാഹ്യമല്ലെന്നിരിക്കെ, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ലാതെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വയം ഇത്തരമൊരു തിരുമാനമെടുക്കില്ല.
പതിറ്റാണ്ടുകളായി സൗജന്യ ചികിത്സ നേടിക്കൊണ്ടിരിക്കുന്ന, കേരളീയ പൊതുസമൂഹത്തിന് മുമ്പില്‍ ആ വാതിലടച്ച് കുത്തക മുതലാളിത്തവ്യവസ്ഥിതിക്കായി സംസ്ഥാനത്ത് നാന്ദി കുറിച്ച കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയിലായിരിക്കും ചരിത്രം പിണറായി വിജയനെ രേഖപ്പെടുത്തുക. സര്‍ക്കാര്‍ ആശുപത്രികളില്‍ പണം വാങ്ങി ചികിത്സ നടത്താന്‍ ഒരുങ്ങുന്ന, അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും പേരില്‍ രണ്ടാം തവണയും അധികാരത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നു എത്രയും പെട്ടെന്ന് പിന്തിരിയുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."