വിടപറയണം കൊല്ലുന്ന ജീവിതശൈലിയോട്
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനങ്ങൾ എന്ന സഡൻ കാർഡിയാക് അറസ്റ്റുകൾ ഇന്ത്യയിൽ കൂടുകയാണ്. ഹൃദയാഘാതം പോലെ പലതും നേരത്തെ കണ്ടെത്താൻ കഴിയാതെപോകുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റി (ഐ.എച്ച്.ആർ.എസ്)യുടെ ദേശീയ സമ്മേളനത്തിൽ ഇത്തരം ഹൃദയസ്തംഭനത്തിൽ 70 ശതമാനവും വീടുകളിലാണ് സംഭവിക്കുന്നതെന്ന് വിലയിരുത്തി. ലോകത്ത് 90 സെക്കന്റിൽ ഒരാൾ എന്ന വീതം ഹൃദയസ്തംഭനം മൂലം മരിക്കുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം മരണനിരക്ക് 88 ശതമാനമാണ്. ഹൃദയം നിലച്ചുപോകുന്നതോടെ മസ്തിഷ്‌കം, ശ്വാസകോശം, മറ്റു അവയവങ്ങൾ എന്നിവിടങ്ങളിലേക്കുള്ള രക്തവും ഓക്‌സിജനും എത്താതെപോകുന്നു. ഇതാണ് മരണത്തിന് ഇടയാക്കുന്നത്. 10-20 സെക്കന്റുകളിൽ ഹൃദയത്തിന്റെ മിടിപ്പ് തിരികെകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ വ്യക്തി മരണപ്പെടുന്നു.
ലോകത്താകമാനം ഇത്തരം പെട്ടെന്നുള്ള മരണം വർധിക്കുന്നുണ്ട്. എന്താണ് ഇത്തരം ഹൃദയസ്തംഭനങ്ങളുടെ കാരണമെന്നും ലക്ഷണങ്ങളെന്നും പലർക്കും വ്യക്തമല്ല. ജീവിതശൈലി പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാകാം ഹൃദയസ്തംഭനങ്ങൾക്ക് കാരണം. ഒക്ടോബറാണ് ഹൃദയസ്തംഭനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന മാസം. ഇന്ത്യയിൽ ഇത്തരം മരണം കൂടുതലും ചെറുപ്രായക്കാരിലാണ്. വർഷത്തിൽ ഏഴുലക്ഷം പേർ പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം മരിക്കുന്നുവെന്നാണ് കണക്ക്. യു.എസിൽ ഇത്തരം മരണം പ്രതിവർഷം മൂന്നര ലക്ഷമാണ്. ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ റിപ്പോർട്ട് പ്രകാരം 86 ശതമാനം കാർഡിയോ വാസ്‌കുലാർ മരണങ്ങളും പ്രതിരോധിക്കാനോ തടയാനോ ചികിത്സിക്കാനോ കഴിയും.
ഓരോ വർഷവും ഇന്ത്യയിൽ ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇതിന്റെ കാരണവും ലക്ഷണവും വ്യക്തവുമല്ല. മറ്റു ലോകരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ മരിക്കുന്നവരുടെ പ്രായം കുറവാണ് എന്നതാണ് പ്രത്യേകത. ജീവിതശൈലിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് ഇതിനു പ്രധാന കാരണമായി കാർഡിയോളജിസ്റ്റുകൾ വിലയിരുത്തുന്നത്. വായുവിന്റെ ഗുണനിലവാരക്കുറവും മറ്റൊരു കാരണമായി പറയുന്നു. അനാരോഗ്യകരമായ ജീവിത രീതിക്കൊപ്പം മാനസിക സംഘർഷവും ഉത്കണ്ഠയുമാണ് ഇന്ത്യയിൽ ഹൃദയസ്തംഭനങ്ങൾക്ക് കാരണമെന്നാണ് നിരീക്ഷണം. ഫാസ്റ്റ് ഫുഡുകൾ ചുരുങ്ങിയ സമയംകൊണ്ടുതന്നെ പലരെയും പൊണ്ണത്തടിക്കാരാക്കുന്നു. വ്യായാമക്കുറവും മറ്റൊരു പ്രധാന വില്ലനാണ്. കുട്ടികളിലും യുവാക്കളിലും വ്യായാമം ശീലമാക്കണം. 40 മിനുട്ട് ദിവസവും വ്യായാമം വേണമെന്നാണ് മുതിർന്ന കാർഡിയോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. ഓടുകയോ നടക്കുകയോ ആകാം.
സാധാരണക്കാർക്ക് സി.പി.ആർ പരിശീലനം നൽകിയാലും പെട്ടെന്നുള്ള ഹൃദയസ്തംഭനം കുറയ്ക്കാനാകും. ഹൃദയം മിടിപ്പു കുറഞ്ഞ് നിലച്ചുപോകുന്നതാണ് ഹൃദയസ്തംഭനം. ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിൽ വ്യത്യാസമുണ്ട്. ആശുപത്രിയിൽ യഥാസമയം എത്തിക്കുന്ന 70 ശതമാനം പേരും അതിജീവിക്കുന്നുണ്ട്. ലോകത്ത് ഹൃദ്രോഗങ്ങളെ തുടർന്ന് മരിക്കുന്നവരിൽ 80 ശതമാനം പേരും ഹൃദയാഘാതത്തെ തുടർന്നും 20 ശതമാനം പേരും ഹൃദയസ്തംഭനത്തെ തുടർന്നുമാണ്. മദ്യപാനം, പുകവലി, കൊഴുപ്പുള്ള ഭക്ഷണം കൂടുതലായി കഴിക്കുക, വ്യായാമക്കുറവ്, കാർബോഹൈഡ്രേറ്റും ഉപ്പും കുടുതലായി കഴിക്കുക, കൊളസ്‌ട്രോൾ, പ്രമേഹം, അതിരക്ത സമ്മർദം, പൊണ്ണത്തടി തുടങ്ങിയവ ഹൃദ്രോഗങ്ങൾക്ക് കാരണമാണ്. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് പ്രധാന കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി. യഥാർഥ സമയത്ത് ഭക്ഷണം കഴിക്കാനും ദിനചര്യകൾ ക്രമപ്പെടുത്താനും ശ്രമിക്കുക. രാവിലെ ഭക്ഷണം ഉപേക്ഷിക്കാതിരിക്കുക, നന്നായി രാവിലെ ഭക്ഷണം കഴിക്കുക, ഉച്ചയ്ക്ക് മിതമായി കഴിക്കുക, രാത്രി വളരെ കുറച്ച് ഭക്ഷണം ഉറങ്ങുന്നതിന് 2 മണിക്കൂർ മുൻപ് കഴിക്കുക തുടങ്ങിയവയാണ് ഹൃദ്രോഗം തടയാനും ഡോക്ടർമാർ നിർദേശിക്കുന്ന ആരോഗ്യശീലങ്ങൾ. പുകയില പൂർണമായും വർജിക്കുകയും 40 മിനുട്ടെങ്കിലും വ്യായാമം ചെയ്യുകയും വേണം. പൂരിത കൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കുകയും വേണം.
ആഗോളതലത്തിൽ ഹൃദ്രോഗങ്ങളുടെ തലസ്ഥാനമായി മാറുകയാണ് ഇന്ത്യ. വ്യായാമം ഉൾപ്പെടെ ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിക്ക് ഭക്ഷണം പോലെത്തന്നെ പ്രധാനമാണ് വ്യായാമം. അകത്തേക്ക് എടുക്കുന്ന ഊർജം ചെലവഴിക്കുകയും വേണം. ഭക്ഷണത്തോടുള്ള ആർത്തി നിയന്ത്രിച്ച് ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. ആവശ്യത്തിൽ അൽപം കുറഞ്ഞാലും കൂടരുത് എന്നതാകണം നയം. കുറച്ച് കഴിച്ചാൽ കൂടുതൽ കാലം കഴിക്കാം എന്ന് ഓർക്കാം. ജീവിതശൈലിയിലെ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രധാനമായും അമിതമായ ഭക്ഷണം തന്നെ. ഉറക്കക്കുറവ്, ഉത്കണ്ഠ എന്നിവയും പരമാവധി ഒഴിവാക്കണം.
അമിതമായാൽ അമൃതും വിഷം എന്നപോലെ അമിതമായാൽ ഭക്ഷണവും വിഷം എന്ന രീതിയിലാണ് കാര്യങ്ങൾ. ഭക്ഷണം തന്നെയാണ് മരുന്ന് എന്ന് പഴയകാല ഭിഷഗ്വരന്മാർ പറയുന്നതിന്റെ പൊരുൾ പുതുതലമുറ ഉൾക്കൊള്ളണം. നല്ലൊരു നാളേക്കായി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാൻ സർക്കാരും രംഗത്തിറങ്ങണം. പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികൾ ബജറ്റുകളിൽ ഇടം പിടിക്കട്ടെ. രോഗമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാൻ ഇന്നത്തെ ശാസ്ത്രത്തിന് കഴിയും. ആശുപത്രികളിൽ തിരക്ക് ഒഴിയട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."