ഫര്‍സാന കെ
2006 ജൂണ്‍ ഒമ്പത്, ബീച്ചില്‍ സായാഹ്നം ചെലവഴിക്കാനെത്തിയതായിരുന്നു ബൈത്ത് ലാഹിയയിലെ ഗാലിയ കുടുംബം. മെഡിറ്ററേനിയന്‍ കടലിന്റെ നീലത്തിരയോളങ്ങള്‍ ചുംബിക്കുന്ന അതിമനോഹര കടല്‍ത്തീരമുണ്ട് ഗസ്സയ്ക്ക്. കുട്ടികളോടൊപ്പം സ്വസ്ഥമായി കളിക്കാന്‍ ഒന്നാസ്വദിക്കാന്‍, ആളധികമില്ലാത്ത വെള്ളമണല്‍ നിറഞ്ഞ ഒരുഭാഗമാണ് അവര്‍ തിരഞ്ഞെടുത്തത്. കടലോളങ്ങള്‍ തൊട്ടും തിരയിളക്കങ്ങള്‍ക്കൊപ്പം പൊട്ടിച്ചിരിച്ചും കളിരസങ്ങളിലായിരുന്നു കുഞ്ഞുങ്ങള്‍. ഇതെല്ലാംകണ്ട് സന്തോഷത്തോടെ അവര്‍ക്കു ഭക്ഷിക്കാന്‍ ചോളം ചുട്ടെടുക്കുകയായിരുന്നു കര്‍ഷകനായ അവരുടെ അലി ഗാലിയ. ആ സന്തോഷത്തിന്റെ ആ ആരവങ്ങളിലേക്കാണ് പൊടുന്നനെ ഇസ്‌റാഈലി പടക്കപ്പലില്‍ നിന്നുള്ള മിസൈല്‍ വന്നുപതിച്ചത്. ഗാലിയ കുടുംബത്തിലെ ഏഴുപേര്‍ ആ കടല്‍ത്തീരത്ത് പിടഞ്ഞുമരിച്ചു. അലി ഗാലിയ (43), ഭാര്യ റഈസ (36), മക്കളായ ആലിയ (24), ഇല്‍ഹാം (15), സബ്‌റീന്‍ (07), ഹനാദി (02), ഹൈതം (എട്ടുമാസം) എന്നിവര്‍. 11കാരി ഹുദ മാത്രം രക്ഷപ്പെട്ടു.
ബീച്ചിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തന്റെ ഉപ്പയും ഉമ്മയും ഉടപ്പിറപ്പുകളും മണലില്‍ രക്തംവാര്‍ന്ന് വീണുകിടക്കുന്നതു കണ്ട ഹുദ, ഉപ്പയുടെ മൃതദേഹത്തിനടുത്തു മണലില്‍ തലയടിച്ച് 'അബൂയാ, അബൂയാ' എന്ന് ആര്‍ത്ത് നിലവിളിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തു. അതൊരു സോഷ്യല്‍ മീഡിയാ കാലമല്ലാത്തതിനാല്‍ വൈറല്‍ ആയില്ലെന്നു മാത്രം. ഇതാണു ഗസ്സ. യുദ്ധം നിങ്ങള്‍ തുടങ്ങിവച്ചതു കൊണ്ടല്ലേ അനുഭവിക്കേണ്ടിവന്നതെന്നും യുദ്ധം ആരു ചെയ്താലും ന്യായീകരിക്കാനാവില്ലെന്നും സമാധാന വാദികള്‍ സമദൂരം തീര്‍ക്കുന്ന ഗസ്സ.
2021ലെ മറ്റൊരു സംഭവം. കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹില്‍ യാസിര്‍ കുടുംബത്തെ പുറത്താക്കാന്‍ ഇസ്‌റാഈലി പൊലിസ് വന്‍ സന്നാഹങ്ങളുമായി വരുന്നു. ഉടന്‍ വീടുവിട്ടൊഴിയാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇതു തലമുറകളായി തങ്ങള്‍ താമസിക്കുന്ന വീടാണെന്നും ഒഴിയാന്‍ മനസില്ലെന്നും പറഞ്ഞു യാസിര്‍. പിന്നീടു കണ്ടത് സമാനതകളില്ലാത്ത ക്രൂരത. യാസിറിനെയും സഹോദരന്‍ മര്‍വാനെയും പൊലിസ് വലിയ ഇരുമ്പുദണ്ഡുകൊണ്ട് നിഷ്‌കരുണം അടിക്കാന്‍ തുടങ്ങി. ആ വീട്ടിലെ ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചു. പേടിച്ചരണ്ട പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. നിരപരാധികളും നിരായുധരുമായ ആ കുടുംബത്തെ മുഴുവന്‍ നിമിഷനേരം കൊണ്ടവര്‍ തല്ലിച്ചതച്ചു. കൈയും കാലും ഒടിഞ്ഞ ഗൃഹനാഥനും പേടിച്ചരണ്ട സ്ത്രീകളും കുട്ടികളും എങ്ങോട്ടു പോകണമെന്നറിയാതെ തെരുവില്‍ അഭയം തേടി.
കുഞ്ഞുദുര്‍റയെ മറന്നുകാണില്ല നമ്മള്‍. ഒരു വീപ്പയ്ക്കു പിന്നില്‍ ഭയന്നുറഞ്ഞ മുഖത്തോടെ ഇസ്‌റാഈല്‍ നരാധമന്‍മാര്‍ക്കു മുന്നില്‍ ജീവനുവേണ്ടി യാചിക്കുന്ന 11കാരന്റെ മുഖം മറക്കാനാവില്ല. രണ്ടാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ട 2000ത്തിലാണ് ദുര്‍റ കൊല്ലപ്പെട്ടത്.
സെപ്റ്റംബര്‍ 28, ഗസ്സാ തെരുവ് വിജനമാണ്. യു.എന്നിനു കീഴിലുള്ള ബുര്‍ജി അഭയാര്‍ഥി ക്യാംപില്‍ വസിക്കുന്ന ജമാല്‍ ദുര്‍റ മകന്‍ മുഹമ്മദ് ദുര്‍റയെയും കൂടെക്കൂട്ടി പുറത്തേക്കിറങ്ങിയതാണ്. വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനാണ് ജമാല്‍ മകനെയും കൂട്ടിയിറങ്ങിയത്. ഗസ്സാ മുനമ്പില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ മാത്രം അടുത്തുള്ള നെതുസറിം എന്ന കൊച്ചുപട്ടണമാണിത്. സാധനങ്ങള്‍ വാങ്ങിയശേഷം റോഡില്‍ കല്ലുകള്‍കൊണ്ട് തടസം സൃഷ്ടിച്ചതിനാല്‍ ടാക്‌സി നിര്‍ത്തിച്ച് വീട്ടിലേക്കുള്ള ബാക്കി ഒരു കിലോമീറ്റര്‍ നടക്കുകയായിരുന്നു ജമാലും മകനും. പെട്ടെന്നാണ് ആയുധമേന്തി നില്‍ക്കുന്ന ഇസ്‌റാഈലി സൈന്യത്തെ ജമാല്‍ കാണുന്നത്. ഇതോടെ ജമാല്‍ മകനെയും കൂട്ടി റോഡരികിലെ വീപ്പയ്ക്കു പിന്നില്‍ ഒളിച്ചു. 40 മിനുട്ടോളം സമയമാണ് മകനെ ചേര്‍ത്തുപിടിച്ച് ഭയവിഹ്വലനായി ജമാല്‍ അവിടെ ഒളിച്ചുകഴിഞ്ഞത്.
എന്നാല്‍, കൂടുതല്‍ ഒളിച്ചിരിക്കാനായില്ല. അധിനിവേശ സൈന്യം രണ്ടുപേരെയും കണ്ടുപിടിച്ചു. വൈകാതെ വെടിപൊട്ടി. ആദ്യ ബുള്ളറ്റ് ദുര്‍റയുടെ കാലില്‍ കൊണ്ടു. അലറിക്കരയുന്നതിനിടെ അടുത്തതും വന്നു, ദുര്‍റയുടെ ഇളംനെഞ്ചിലേക്കു തുളച്ചുകയറി. നിസ്സഹായനായ ജമാലിന്റെ മടിയില്‍കിടന്ന് ദുര്‍റ ഒന്നു പിടയുകമാത്രം ചെയ്തു. ഫ്രാന്‍സ് ടു ചാനലിന്റെ തലാല്‍ അബൂറഹ്മ കാമറയില്‍ പകര്‍ത്തിയതുകൊണ്ട് മാത്രം പുറംലോകത്തെത്തിയ സംഭവം. ദുര്‍റയുടെ ദാരുണകൊലപാതകം കണ്ട് ലോകം നടുങ്ങി. നിഷ്ഠുരമായ കൊലപാതത്തിനെതിരേ വലിയതോതില്‍ ജനരോഷം ഉയര്‍ന്നതോടെ, കൈയബദ്ധം എന്നായിരുന്നു ഇസ്‌റാഈലി പ്രതികരണം.
പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ് അവര്‍ ഈ നരനായാട്ട്. ഇക്കഴിഞ്ഞ ജൂണ്‍ 19നു നാലു വസുകാരനായ തമീമിയുള്‍പ്പെടെ ആറുപേര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തത് അവര്‍ ഏതോ വലിയ കുറ്റവാളികളായതു കൊണ്ടായിരുന്നില്ല. പള്ളിയില്‍നിന്ന് നിസ്‌കാരം കഴിഞ്ഞിറങ്ങിയതായിരുന്നു അവര്‍. ഇതേ ജൂണ്‍ 24നു സഹോദരിക്കും ഉപ്പാക്കുമൊപ്പം സ്‌കൂള്‍ യൂനിഫോം വാങ്ങി തിരികെ വരികയായിരുന്നു പതിനാറുകാരന്‍ വസീം. വഴിയെവന്ന പട്ടാളക്കാരന്‍ അവനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഇനി അവന്‍ തിരികെവരുമോ എന്നുപോലും അവര്‍ക്കറിയില്ല.
കഴിഞ്ഞ 73 വര്‍ഷങ്ങളായി ഫലസ്തീനില്‍ അരങ്ങേറുന്ന രംഗങ്ങളുടെ തനിയാവര്‍ത്തനമാണിത്. ഗസ്സയിലെ ആക്രമണങ്ങളില്‍ മരിച്ചവരും പരുക്കേറ്റവരും നിരപരാധികളായ സാധാരണ പൗരന്മാരാണ്. നിഷ്‌കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുക്കുന്നതും മറമാടുന്നതും കരള്‍ പിളര്‍ക്കുന്ന രംഗങ്ങളാണ്. തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് ഹമാസിന്റെ പോരാളികളെയാണെന്നാണ് ഇസ്‌റാഈല്‍ പറയുന്നതെങ്കിലും അതു പൊള്ളയായ വാദമാണ്.
കുഞ്ഞുങ്ങളെയടക്കം വകവരുത്തിക്കൊണ്ട് ഗസ്സയിലെ ഫലസ്തീനികളെ പാഠം പഠിപ്പിക്കലാണു ലക്ഷ്യം. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമായ ഗസ്സയെ 2005 മുതല്‍ ശക്തമായ കര-നാവിക-വ്യോമ ഉപരോധത്താല്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. അവര്‍ക്കു വേണ്ട ഭക്ഷണവും തൊഴിലും ജീവനോപാധികളുമൊക്കെ ഇസ്‌റാഈലിന്റെ ഔദാര്യത്തിലാണ്.
ആത്മാഭിമാനമുള്ള ജനതയ്ക്ക് ഒരുനിലക്കും സഹിക്കാനാകാത്ത ഉപരോധത്തിന്റെ പിടിത്തത്തില്‍ വലയുന്ന ജനതയെയാണ് ഉറങ്ങിക്കിടക്കുമ്പോള്‍ ബോംബ് വര്‍ഷിച്ച് വംശീയ ഉന്മൂലനം എന്ന അജണ്ടയുമായി ഇസ്‌റാഈല്‍ മുന്നോട്ടുപോയിരുന്നത്. എല്ലാ ആക്രമണങ്ങളിലും പിഞ്ചുകുട്ടികളെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതും വീടുകളും കൃഷിയിടങ്ങളും തകര്‍ക്കുന്നതും പതിവായത് ഇതിന്റെ ഭാഗമാണ്.
ഉപരോധങ്ങളുടെ ഉലയില്‍
രൂപംകൊള്ളുന്നത്
നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപങ്ങള്‍
അണയാത്ത പോരാട്ടവീര്യത്തിന്റെ ഒറ്റവാക്കാകുന്നു ഗസ്സ. ആ പോരാട്ട വീര്യത്തിന്റെ ഒരുദാഹരണമായിരുന്നു അല അബൂശമാല എന്ന എട്ടു വസസുകാരി. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളില്‍ അധ്യാപികയായ ഹലീമ ഒരു ദിവസം ജോലി കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ കണ്ടത് കുഞ്ഞുമകള്‍ ചുമരില്‍ ഒട്ടിച്ച ഒരു കുറിപ്പായിരുന്നു.
'പ്രിയപ്പെട്ട ഉമ്മാ, എനിക്കു രക്തസാക്ഷിയാവണം. എന്റെ ഉമ്മ സുരക്ഷിതയാവാന്‍ വേണ്ടിയാണത്. മുതിര്‍ന്നവരും കുട്ടികളുമെല്ലാം രക്തസാക്ഷികളാവാന്‍ പോവുന്നില്ലേ. എനിക്കവരില്‍ ഒരാളാവണം...'
വെറുമൊരു എട്ടു വയസുകാരിയുടെ എഴുത്ത് തങ്ങളുടെ മണ്ണ് തിരിച്ചെടുക്കാനായി പൊരുതുന്ന ഓരോ ഫലസ്തീന്‍ ജനതയുടെയും നിശ്ചയദാര്‍ഢ്യമാണ്. മിഠായിക്കും പുതുവസ്ത്രങ്ങള്‍ക്കും വേണ്ടി കുറുമ്പുകാട്ടേണ്ട പ്രായത്തില്‍ വെറുമൊരു കല്‍ക്കഷ്ണം കൈയിലേന്തി ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളേന്തി നില്‍ക്കുന്ന ഇസ്‌റാഈല്‍ സൈനികനു മുന്നിലേക്ക് അവര്‍ തലകുനിക്കാതെ ഇറങ്ങുന്നത് ഒരു ജനത അനുഭവിക്കുന്ന പീഡനങ്ങളുടെ അത്യന്തം വേദനയുളവാക്കുന്ന രേഖാചിത്രമാണ് നമുക്കു നല്‍കുന്നത്. തങ്ങളുടെ തലയോട്ടിയെ തുളച്ച് ഏതു നിമിഷവും കടന്നുപോകാവുന്ന ഒരു വെടിയുണ്ടയുടെയും തലക്കുമുകളില്‍ പതിച്ചേക്കാവുന്നൊരു മിസൈലിെന്റയും ആശങ്കകളിലാണ് അവര്‍ ജീവിതം തുടങ്ങുന്നത്.
കണ്ണീരും പുഞ്ചിരിയും ചേര്‍ന്നൊരു മുനമ്പാണ് ഗസ്സ. ജീവിതവും മരണവും ഇവിടെ ഇഴപിരിക്കാനാവില്ല. സ്വന്തം മണ്ണ് കൈയേറിവരോട് പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കുക എന്നതാണതിനു കാരണം. ലോകത്തിലെ വലിയ ശക്തികള്‍ മറുചേരിയിലാണെന്നതും ആയുധങ്ങളും പോര്‍വിമാനങ്ങളും ഗസ്സയിലെ പിഞ്ചുമക്കള്‍ പോലും ഭയപ്പെടുന്നില്ല. ബോംബിങ്ങിന്റെ ശബ്ദവും വെടിയൊച്ചകളും താരാട്ടു പാട്ടിലൊളിപ്പിച്ചാണ് ഗസ്സയിലെ ഉമ്മമാര്‍ മക്കളെ വളര്‍ത്തുന്നത്
പോരാളികളുടെ പറുദീസ മാത്രമല്ല
കുഞ്ഞുങ്ങളുടെ
പൂങ്കാവനം കൂടിയാണ്
കുഞ്ഞുങ്ങള്‍ ഞങ്ങളുടെ ആയുധമാണ് എന്നാണ് ഫലസ്തീനുകാര്‍ പറയുന്നത്. അത് ശരിക്കും അവരുടെ ഒരു രാഷ്ട്രീയ ആയുധം തന്നെയാണ്. ഇത്രയും പ്രതികൂലമായ സാഹചര്യത്തില്‍ ഇത്രയധികം കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുകയും മുലയൂട്ടുകയും വളര്‍ത്തുകയും ചെയ്യുന്ന ഫലസ്തീനി ഉമ്മമാരെ നാം അഭിവാദ്യം ചെയ്തുപോകും. ഉപരോധവും ആക്രമണവും കൊണ്ട് നിറഞ്ഞതാണ് ജീവിതമെങ്കിലും അതിന്റെ വടുക്കളൊന്നും ആ കുഞ്ഞുങ്ങളുടെ മുഖത്തു കാണില്ല. അവര്‍ ആവേശഭരിതരാണ്. ഉത്സാഹത്തോടെ തുള്ളിച്ചാടുന്നു. ബഹളം വയ്ക്കുന്നു. കടപ്പുറത്തുവന്ന് കളിക്കുന്നു.
പ്രസവവും പ്രതിരോധമാണ് എന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്
ഇസ്‌റാഈല്‍ തങ്ങളുടെ ചെറുപ്പക്കാരെ കൊന്നുതീര്‍ക്കുമ്പോള്‍ പകരം നില്‍ക്കാന്‍ ആളുണ്ടാവുന്നു എന്ന ലളിതസൂത്രവാക്യം മാത്രമല്ല അത്. എന്തിനാണ് ഇത്രയധികം കുട്ടികള്‍ എന്ന ചോദ്യത്തിന്, നാലു മക്കളെയും പോരാട്ടഭൂമികയിലേക്ക് പറഞ്ഞയച്ച മര്‍യം ഫര്‍ഹത് എന്ന ഉമ്മു നിദാല്‍ പറഞ്ഞതുപോലെ, ഇസ്‌റാഈലിനെതിരേ പോരാടാന്‍ എന്ന മറുപടി മിക്ക ഫലസ്തീനി മാതാക്കള്‍ക്കുമുണ്ട്. ദൈവമേ, എനിക്ക് നീ നൂറു കുഞ്ഞുങ്ങളെ തന്നിരുന്നെങ്കില്‍ അവരെ മുഴുവന്‍ ഇസ്‌റാഈലിനെതിരേ പോരാടാന്‍ പറഞ്ഞയക്കാമായിരുന്നല്ലോ എന്നാണ് മര്‍യം ഫര്‍ഹത് പ്രാര്‍ഥിച്ചത്. ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ പ്രതിരോധത്തിന്റെ പാഠങ്ങള്‍ ആ ഉമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ടാവണം. പെയ്തുവീഴുന്ന ബോംബുകള്‍ക്കിടയിലും പൊട്ടിച്ചിതറുന്ന തങ്ങളുടെ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും നിസ്സംഗതയോടെ തങ്ങളുടെ കുഞ്ഞുടുപ്പും പുസ്തകസഞ്ചിയും കളിപ്പാട്ടങ്ങളും തേടിപ്പോവുന്ന ഗസ്സയിലെ കുഞ്ഞുങ്ങളുടെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ ഏറെ കണ്ടതാണ്.
മനോഹരമായ നാട്;
അധ്വാനികളായ മനുഷ്യര്‍
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള നഗരങ്ങളിലൊന്നാണ് ഗസ്സ. ജനങ്ങള്‍ അട്ടിയട്ടിയായി തിങ്ങിപ്പാര്‍ക്കുന്ന നഗരമായിട്ടും റോഡരികില്‍ ഒരു ചെറുചവറുകൂനപോലും കാണാന്‍ കഴിയില്ല. മൂക്കുപൊത്തി നടക്കേണ്ട ഒരു സ്ഥലവും അവിടെയില്ല. ഭംഗിയുള്ള കെട്ടിടങ്ങളെക്കൊണ്ട് നിറഞ്ഞ നഗരം. അവിടുത്തെ ആളുകളും അങ്ങനെത്തന്നെ. ആരും വെറുതെ ഇരിക്കില്ല. ചെയ്തു തീര്‍ക്കാന്‍ അവര്‍ക്കേറെ പണികളുണ്ട്.
ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും വിദ്യാസമ്പന്നരാണ്. കൃഷി ചെയ്യുന്നതിലും അവര്‍ മുന്നില്‍. കെട്ടിടങ്ങളില്ലാത്ത സ്ഥലങ്ങള്‍ വളരെ കുറവാണെങ്കിലും അവ തരിശിട്ടിരിക്കുകയല്ല അവര്‍. ഒലിവ്, ചോളം, ഓറഞ്ച്, സ്‌ട്രോബറി എന്നിവ കൃഷി ചെയ്യുന്നു. ഏത് ഒഴിഞ്ഞസ്ഥലത്തും അവര്‍ എന്തെങ്കിലും കൃഷി ചെയ്തിരിക്കും.
മെഡിറ്ററേനിയന്‍ കടലിലെ മത്സ്യബന്ധനം ഗസ്സയുടെ പ്രധാന വരുമാന മാര്‍ഗമാണ്. തീരദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനമാര്‍ഗം. എന്നാല്‍, 2001ല്‍ ഇസ്‌റാഈല്‍ ഉപരോധം പ്രഖ്യാപിച്ചതു മുതല്‍ കടലിലും വന്നു നിയന്ത്രണങ്ങള്‍. ആറ് നോട്ടിക്കല്‍ മൈല്‍ (10 കിലോ മീറ്റര്‍) ദൂരത്തിനപ്പുറം വള്ളങ്ങളുമായി പോകരുതെന്ന് ഇസ്‌റാഈല്‍ തിട്ടൂരമിറക്കി. കരക്കും ആകാശത്തിനുമൊപ്പം കടലും അവര്‍ക്ക് ചുരുങ്ങിപ്പോയി. ഇനി, അനുവദിക്കപ്പെട്ട ഈ ദൂരത്തില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്കു തന്നെ അതു വലിയ സാഹസിക കൃത്യമായിരുന്നു. നല്ല മത്സ്യം കിട്ടണമെങ്കില്‍ കരയില്‍നിന്ന് ദൂരത്തേക്കു പോകണം. പക്ഷേ, 10 കി.മീ അതിര്‍ത്തിയില്‍ ഇസ്‌റാഈലി പടക്കപ്പലുകളുടെയും ഗണ്‍ബോട്ടുകളുടെയും നിരയാണ്. അനുവദിക്കപ്പെട്ട പരിധിയുടെ സമീപത്തു ചെന്നാല്‍പോലും ഇസ്‌റാഈലി ഗണ്‍ബോട്ടുകള്‍ വെടിയുതിര്‍ക്കും. അങ്ങനെ മീന്‍പിടിത്തത്തിനിടെ കൊല്ലപ്പെട്ടവരും പരുക്കേറ്റവരും ഗസ്സയില്‍ നിരവധി.
എന്നാല്‍, ഇന്ന് ആ നാട് അപ്പാടെ തകര്‍ത്തിരിക്കുന്നു ഇസ്‌റാഈല്‍. ഫലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റ് മൊതാത് അസൈസ ഇപ്പോഴുള്ള ഗസ്സയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നു. എനിക്കു വാക്കുകളില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇതുവരെയുണ്ടായ ഏറ്റവും വിഷമമുണ്ടാക്കുന്ന കാര്യമാണിതെന്ന് അദ്ദേഹം പറയുന്നു. ചുറ്റിലും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ മാത്രം. മനോഹരമായ ആ വഴിയോരങ്ങള്‍ അവിടെയില്ല. ഇളംകാറ്റത്തുല്ലസിച്ചിരുന്ന പൂന്തോട്ടങ്ങളില്ല. തലക്കു മുകളില്‍ പറക്കുന്ന ഡ്രോണുകളുടെ മഴക്കമല്ലാതൊന്നും അവിടെ കേള്‍ക്കാനില്ല. ലോകംകണ്ട ഏറ്റവും ക്രൂരമായ യുദ്ധക്കുറ്റങ്ങളിലൂടെയാണ് ഇസ്‌റാഈല്‍ ആ കൊച്ചുനാടിനെ തകര്‍ത്തു കൊണ്ടിരിക്കുന്നത്. രാസായുധങ്ങള്‍ വരെ അവര്‍ ഉപയോഗിക്കുന്നു.
ആശുപത്രികള്‍ക്കും അഭയാര്‍ഥിക്കും ക്യാംപുകള്‍ക്കും മേലെയാണ് ബോംബ് വര്‍ഷം. ഒരു നാടിനെ, ഒരു സംസ്‌കാരത്തെ ഒന്നാകെ ഉന്മൂലനം ചെയ്യാനുള്ള തേരോട്ടമാണവിടെ നടക്കുന്നത്. രാജ്യവും സംസ്‌കാരവുമൊക്കെ നഷ്ടപ്പെടുന്നൊരു ജനതയുടെ വേദന അത്രമേല്‍ ഭയാനകമാണ്. എന്നാല്‍ ഒരു ജനതയെയും ആര്‍ക്കും എല്ലാകാലത്തും അടിച്ചമര്‍ത്താന്‍ കഴിയില്ല എന്നതും അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്കാണ് അന്തിമ വിജയമെന്നതും ലോകചരിത്രമാണ്. മര്‍ദിതന്റെ ചെറുത്തുനില്‍പ്പിന് മുന്നില്‍ തകര്‍ന്നു തരിപ്പണമായ കൊമ്പന്‍മാരെ ചരിത്രം നമുക്കു കാണിച്ചുതരുന്നുണ്ട്. ഇത്രയൊക്കെ തകര്‍ത്തിട്ടും തലയുയര്‍ത്തി നില്‍ക്കുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ വീര്യം അതിന് അടിവരയിടുന്നുമുണ്ട്.'ഞങ്ങളുടെ മണ്ണിനെ വിട്ടേക്കുക...
'ഞങ്ങളുടെ മണ്ണിനെ വിട്ടേക്കുക...
ഞങ്ങളുടെ കരയും കടലും
വിട്ടു തരിക..
ഞങ്ങളുടെ ഉപ്പും അന്നവും
മുറിവുകളും...
എല്ലാം ഞങ്ങള്‍ക്ക് വിട്ടു തരിക..
ഓര്‍മകളുടെ ഓര്‍മകള്‍ പോലും '
-മഹ്മൂദ് ദര്‍വേശ്.