നയതന്ത്ര പ്രതിസന്ധി; ഇന്ത്യന്‍ വിദ്യാര്‍ഥികളെ പിടിച്ചുനിര്‍ത്താന്‍ പുതിയ വാഗ്ദാനങ്ങളുമായി കനേഡിയന്‍ സര്‍വ്വകലാശാലകള്‍
നയതന്ത്ര പ്രതിസന്ധി; ഇന്ത്യന്‍ വിദ്യാര്‍ഥികളെ പിടിച്ചുനിര്‍ത്താന്‍ പുതിയ വാഗ്ദാനങ്ങളുമായി കനേഡിയന്‍ സര്‍വ്വകലാശാലകള്‍
ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധി കാനഡയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ആശങ്കയിലാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ തന്നെ റിപ്പോര്‍ട്ട് പ്രകാരം സ്റ്റുഡന്റ് വിസയില്‍ രാജ്യം വിട്ട ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനവും കുടിയേറിയത് കാനഡയിലേക്കാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇവരില്‍ കേരളത്തില്‍ നിന്നടക്കം വലിയൊരു സംഖ്യ ജനങ്ങളും ഉള്‍പ്പെടുന്നുണ്ട്.
നേരത്തെ തന്നെ കാനഡയിലെ വര്‍ധിച്ച സാമ്പത്തിക പ്രതിസന്ധിയും പാര്‍പ്പിട പ്രതിസന്ധിയും തൊഴിലില്ലായ്മയും ഇന്ത്യന്‍ വിദ്യാര്‍ഥികളെ സാരമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും അവതാളത്തിലാവുന്നത്. ഇന്ത്യ കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നിഷേധിച്ചതോടെ സമാനമായ നടപടികള്‍ക്ക് കാനഡയും മുതിരുമോ എന്നതായിരുന്നു പലരുടെയും ആശങ്ക. ഇതോടെ കാനഡക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ ഉപരി പഠന സാധ്യതകള്‍ തേടാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഒരുങ്ങുകയും ചെയ്തു. ഇത് മുന്നില്‍ കണ്ട കനേഡിയന്‍ സര്‍വ്വകലാശാലകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്ത് പിടിച്ച് വെക്കാനുള്ള നടപടികള്‍ക്ക് തയ്യാറെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ ചാക്കിട്ടുപിടിക്കാന്‍ കാനഡ
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞാല്‍ സര്‍വ്വകലാശാലകളുടെ വരുമാനത്തെ അത് കാര്യമായി ബാധിക്കും. കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉറപ്പുകളും വാഗ്ദാനങ്ങളുമായി സജീവമായിരിക്കുകയാണ് കനേഡിയന്‍ സര്‍വ്വകലാശാലകള്‍.
യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും കനേഡിയന്‍ സമ്പദ്വ്യവസ്ഥയിലേക്ക് 20 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ സംഭാവന ചെയ്യുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ കണ്‍സള്‍ട്ടന്റുമാരുടെ കണക്കുകള്‍ പ്രകാരം, 100,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും അടുത്ത വര്‍ഷം കാനഡയില്‍ പഠിക്കാനുള്ള ചിലവുകള്‍ സമാഹരിക്കുകയും ചെയ്യുന്നുണ്ട്.
പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവ് ഉറപ്പ് വരുത്താന്‍ ചില സര്‍വ്വകലാശാലകള്‍ ഫീസിനത്തില്‍ ഇളവ് വരുത്താന്‍ വരെ തയ്യാറായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ യാതൊരുതരത്തിലു ആശങ്കപ്പെടേണ്ടെന്നാണ് ടൊറന്റോ യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡന്റ് ജോസഫ് വോംങ് വ്യക്തമാക്കുന്നത്.
'ടൊറന്റോ സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ആശങ്കയോടെ വീക്ഷിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. സ്ഥിതിഗതികള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള 2,400-ലധികം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്കുണ്ട് എന്നതില്‍ ടൊറന്റോ സര്‍വകലാശാല അഭിമാനിക്കുന്നു. കൂടുതല്‍ പേരെ സ്വാഗതം ചെയ്യാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും ഞങ്ങള്‍ തയ്യാറാണ് ' ജോസഫ് വോംങ് പറഞ്ഞു.
വൈവിധ്യമാര്‍ന്ന മേഖലകളിലെ അക്കാദമിക് സഹകരണങ്ങളെ പിന്തുണയ്ക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അമൂല്യമായ ആഗോള പഠന അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന് ഇന്ത്യയുമായുള്ള 'ദീര്‍ഘകാല പങ്കാളിത്ത'ത്തിന് സര്‍വകലാശാല പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ടൊറന്റോ സര്‍വ്വകലാശാല മാത്രമല്ല മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സമാനമായ പ്രസ്താവനകള്‍ ഇതിനോടകം നടത്തി കഴിഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പാര്‍പ്പിട സൗകര്യം മെച്ചപ്പെടുത്താനും, ഫീസിനത്തില്‍ ഇളവ് വരുത്താനും പല സ്ഥാപനങ്ങളും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."