ഇത് പ്രത്യാക്രമണമല്ല വംശഹത്യ
ആൻഡ്രൂ മിത്രോവിച്ച
ഇന്ന് ഫലസ്തീനിൽ കണ്ടുകൊണ്ടിരിക്കുന്ന ആക്രമണം ആസൂത്രിത വംശഹത്യയുടെ പ്രക്രിയയാണ്. ഇത് കടന്നാക്രമണമോ അധിനിവേശമോ എന്തിനു യുദ്ധം പോലുമല്ല. പരിപൂർണാർഥത്തിലുള്ള വംശഹത്യയാണ്. അവശേഷിക്കുന്നൊരു തുണ്ടുഭൂമിയിൽ അതിജീവിക്കാൻ ശ്രമിക്കുന്ന കുട്ടികളെയും സ്ത്രീപുരുഷന്മാരെയും പൂർണമായും തുടച്ചുനീക്കി, തങ്ങളുടെ എക്കാലത്തെയും വലിയ ലക്ഷ്യം പൂർത്തീകരിക്കാൻ സജ്ജമായ അധിനിവേശ സൈന്യം നടത്തുന്ന സംഹാരതാണ്ഡവത്തിന്റെ ദൃശ്യങ്ങളും അലമുറകളുമാണ് നമുക്കു മുമ്പിലുള്ളത്. ദശകങ്ങളായി ഭരിക്കുന്നൊരു അധീശത്വഭരണകൂടവും അവരുടെ അനുയായികളും ഉഗ്രസന്നാഹങ്ങളോടു കൂടിയ ഇസ്റാഇൗൽ സൈന്യവും ചേർന്ന് ഈ ജനതയെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്നതായിരുന്നു ഇക്കാലമത്രയും കണ്ടത്.
ഈ വംശഹത്യക്ക് പടിഞ്ഞാറൻ രാജ്യങ്ങളുടെ അംഗീകാരവും സമ്മതവും പിന്തുണയും ഇസ്റാഇൗലിനു ലഭിച്ചിട്ടുമുണ്ട്. തങ്ങൾ ഇസ്റാഇൗലിനൊപ്പമെന്ന് വിളിച്ചറിയിക്കുന്നതിനായി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇസ്റാഇൗലിന്റെ നീലനിറവും ദാവീദിന്റെ നക്ഷത്രവും പ്രദർശിപ്പിക്കുന്നുണ്ട് ഈ പടിഞ്ഞാറൻ രാജ്യങ്ങൾ. അല്ലെങ്കിലും തനിനിറം പുറത്തുകാണിക്കുന്നതിൽ പാശ്ചാത്യരാജ്യങ്ങൾ എന്തിനു മടികാണിക്കണം? എന്നാലല്ലേ ആ നാട്ടിലെ പൗരർക്ക് തങ്ങളുടെ നേതാക്കളെക്കുറിച്ച് ശരിയായ ധാരണ ലഭിക്കൂ.
ഇസ്റാഇൗൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രകൃതത്താലും പ്രകൃതിയാലും നികൃഷ്ടരും വംശവെറിക്കാരുമായ കാബിനറ്റും ചേർന്ന് ഫലസ്തീനെ ഒരു പാഠം പഠിപ്പിക്കുമെന്ന വായ്പ്പാട്ടുമായി ഗസ്സ മുനമ്പിൽ മാരകായുധ പ്രയോഗങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളായി. ഇവരുടെ പ്രത്യക്ഷ ഭീകരസ്വഭാവം പോലെത്തന്നെയാണ് ഗസ്സയെ സംബന്ധിച്ചുള്ള പദ്ധതിയും. അതെ, ഇൗ പ്രദേശം ഇല്ലാതാക്കിക്കൊണ്ട് ഗസ്സ എന്ന വിഷയം അവസാനിപ്പിക്കുക എന്നതുതന്നെ. മറിച്ചൊരു അഭിപ്രായം ആർക്കെങ്കിലും ഉണ്ടെങ്കിൽ, അയാൾ അന്ധനോ നുണയനോ ആണെന്നു മനസ്സിലാക്കാനേ നിർവാഹമുള്ളൂ.
ഗസ്സയുടെ വേദനയും ദുരിതവും കാണാതെയും ശ്രദ്ധിക്കാതെയും, ഇപ്പോൾ നടക്കുന്നതിനെ പ്രത്യാക്രമണം എന്നും പ്രതികാര നടപടി എന്നുമൊക്കെ എഴുതിവിടുന്ന എഴുത്തുകാരുടെ ശ്രദ്ധയിലേക്കായി ഒന്നുകൂടി തറപ്പിച്ചു പറയുന്നു. നിങ്ങൾ അലങ്കരിച്ച്, വളച്ചൊടിച്ച് പറയുന്നതല്ല വാസ്തവം. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്നത് വ്യക്തമായ പദ്ധതിയോടു കൂടിയുള്ള വംശഹത്യ തന്നെയാണ്. ഇവിടെ ആവർത്തിച്ചു പറയുന്ന ഈ വാസ്തവം ചരിത്രബോധമില്ലാത്ത ഏതെങ്കിലും കോളമിസ്റ്റുകളെയോ അമേരിക്കൻ വാർത്താചാനൽ അവതാരകരെയോ ചൊടിപ്പിക്കുന്നുണ്ടെങ്കിലും എനിക്കാവർത്തിക്കാനുള്ളത് ഗസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വംശഹത്യയെക്കുറിച്ചുമാത്രമാണ്.
ഇവരെ സംബന്ധിച്ചിടത്തോളം, ഫലസ്തീനികൾ ക്രൂരന്മാരായ അക്രമികളും ഇസ്റാഇൗലികൾ വ്യാകുലരായ സാധുക്കളുമാണ്. പക്ഷേ, ഈ സാധുക്കളാണ് ഫലസ്തീനിലെ മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന് ആഹ്വാനം ചെയ്യുന്നത്.
കാര്യമൊന്നുമറിയാതെ, ഇസ്റാഇൗലിനെ പിന്തുണയ്ക്കുന്നവർ എന്നെങ്കിലും ഗസ്സ മുനമ്പിനെ ചുറ്റിവരിയുന്ന മുൾക്കമ്പി ചുമരുകൾക്കും മുൾവേലികൾക്കിപ്പുറവും നിന്നിട്ടുണ്ടാവുമോ? ആ മുൾവേലിക്കൂട്ടിനകത്ത് ഞെരുങ്ങിക്കഴിയുന്ന ലക്ഷക്കണക്കിനു മനുഷ്യരോട് സംസാരിക്കുകയോ അവർക്ക് പറയാനുള്ള തലമുറകളുടെ നഷ്ടത്തെയും തട്ടിപ്പറിക്കലിനെയും കുറിച്ച് കേൾക്കാൻ ശ്രമിച്ചിട്ടുമുണ്ടാകുമോ?
കാലങ്ങളായുള്ള അധിനിവേശത്തിന്റെയും ക്രൂരഭരണത്തിന്റെയും ചരിത്രത്തെ, എളുപ്പത്തിൽ, ചുരുങ്ങിയ വാക്കിലൊതുക്കി പറയുമ്പോൾ വെള്ളത്തൊപ്പിക്കാരായ ഇസ്റാഇൗലികൾ സമാധാനപ്രിയരും ഫലസ്തീനികൾ കറുത്ത തൊപ്പിയണിയുന്ന വേട്ടക്കാരനുമാകുന്നതിലെ വൈരുധ്യത്തെ എന്തുകൊണ്ട് ആരും മനസിലാക്കുന്നില്ല? കഴിഞ്ഞുപോയ പല സാഹചര്യങ്ങളിലും പലരും നിരന്തരം ഉപയോഗിച്ചിരുന്ന അന്താരാഷ്ട്ര നിയമം എന്ന വാക്കിന്റെ പ്രസക്തി എന്തുകൊണ്ട് ഇത്ര പെട്ടെന്ന് നഷ്ടമായി?
അധീശത്വത്തിനു കീഴിലുള്ള ഗസ്സയിലേക്ക് വെള്ളമോ ഭക്ഷണമോ എത്തുന്നില്ല. ഇന്ധനങ്ങളോ വൈദ്യുതിയോ ലഭിക്കുന്നില്ല. ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ അധിവസിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ വിദ്യാലയങ്ങൾ ബോംബിട്ടു നശിപ്പിക്കുകയും ചെയ്യുന്നു. മാരകമുറിവുകളേറ്റ കുട്ടികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്കു നേരെ ആക്രമണം അഴിച്ചുവിടുന്നു. ഫലസ്തീനികളുടെ എല്ല് ഉൾപ്പെടെ കരിഞ്ഞുപോവുന്നതിനായി വെളുത്ത ഫോസ്ഫറസ് വിതറുന്നു. ഗസ്സ പൂർണമായി ഉപരോധിച്ചു കൊണ്ട് പ്രതീക്ഷയുടെയും രക്ഷപ്പെടലിന്റെയും അവസാന വഴികളും കൊട്ടിയടക്കുന്നു.
ഇത്രയും ചെയ്തതിനു ശേഷം ജനങ്ങൾ എങ്ങോട്ടെന്നില്ലാതെ ഒഴിഞ്ഞുപോകണം എന്നും ആവശ്യപ്പെടുന്നു. ഇസ്റാഇൗലിന്റെ ഈ ക്രൂരതകൾക്കു മുമ്പിൽ എന്തുകൊണ്ട് അന്താരാഷ്ട്രനിയമം കണ്ണടക്കുന്നു? അതേസമയം ഇസ്റാഇൗലിനെ പിന്തുണക്കുന്ന രാജ്യങ്ങൾ ഫലസ്തീന്റെ ‘ക്രൂരതകൾ’ എടുത്തുപറയുകയും അതിനുള്ള തക്കതായ പ്രതിക്രിയയാണ് ഇസ്റാഇൗൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നും പറയുന്നു. ഹേഗിലുള്ള അന്താരാഷ്ട്ര കോടതി ഇതിലൊക്കെ ഇടപെട്ട് ഇരു കൂട്ടരെയും യുദ്ധക്കുറ്റത്തിനു വിസ്തരിക്കുമെന്നും വിചാരണ നടത്തുമെന്നും ഏതെങ്കിലും സ്വപ്നജീവികൾ കരുതുന്നുണ്ടെങ്കിൽ അതുണ്ടാവില്ലെന്ന് ഉറപ്പിച്ചോളൂ.
കാരണം, അങ്ങനെയൊന്ന് ഇത്രകാലത്തിനിടയ്ക്ക് സംഭവിച്ചിട്ടില്ല. പിന്നെ വാഷിങ്ടണിൽ ഇരുന്ന് വംശഹത്യയെ നിയന്ത്രിക്കുന്നവരെ ഒരു കാരണവശാലും പ്രകോപിപ്പിക്കരുത് എന്ന അലിഖിത നിയമത്തെക്കുറിച്ച് അന്താരാഷ്ട്ര കോടതിക്ക് അറിയാതിരിക്കാനും വഴിയില്ല.
ഇതേസമയം ഇസ്റാഇൗലിൽ കുറച്ചാഴ്ച്ചകൾക്കു മുമ്പ് അഴിമതി കേസിൽ വിചാരണ നേരിട്ട നെതന്യാഹുവിനെ രക്ഷിച്ചു കൊണ്ടുവന്നത് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനാണെന്ന കാര്യവും ഇതോടു ചേർത്ത് വായിക്കേണ്ടതാണ്. ഇതാണ് അമേരിക്കയുടെയും ലണ്ടനിലെയും പാരിസിലെയും ബർലിനിലെയും ബ്രസ്സൽസിലെയും കാൻബെറയിലെയും ഒട്ടാവയിലെയും രാഷ്ട്രീയക്കാരുടെ ധാർമികബോധം!
നിരവധി സ്ഥലങ്ങളിൽ കൊലയ്ക്കും കൊള്ളക്കും പ്രശസ്തരായ, അത് വിദഗ്ധമായി പൂഴ്ത്തിവച്ച കൊളോണിയൽ ശക്തികൾ ഗസ്സയിലെ നിഷ്കളങ്ക ജീവനുകളെ ഇല്ലാതാക്കുന്നതിനും അത് മറച്ചുവെക്കുന്നതിനുമുള്ള കൊളോണിയൽ സഹായ ഹസ്തങ്ങൾ ഇസ്റാഇൗലിനു നീട്ടുന്നതാണ് ഇവിടെ കാണുന്നത്.
നയതന്ത്രത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും നമ്മൾ ലോക സമൂഹമെന്നുമൊക്കെ പ്രസംഗിക്കുമ്പോൾ കേൾക്കാൻ ഇമ്പമുണ്ടെന്നല്ലാതെ ഗസ്സ വിഷയത്തിൽ മേൽപ്പറഞ്ഞ രാജ്യങ്ങളൊന്നും ഇസ്റാഇൗലിനെതിരായി ഒന്നും ചെയ്യില്ലെന്നും പകരം ആ പ്രദേശത്തെ നാമാവശേഷമാക്കുമെന്നുമുള്ളത് തീർച്ചയായി കഴിഞ്ഞിരിക്കുന്നു.
ഉയർന്നുവന്നേക്കാവുന്ന ദ്വിരാഷ്ട്ര സിദ്ധാന്തം എന്ന രോഗാതുരവാദം ഐവി ലീഗ് സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ അമേരിക്കൻ സെക്രട്ടറി ആന്റണി ബ്ലിങ്കനെ പോലുള്ളവരൊക്കെയാണ് പ്രോത്സാഹിപ്പിക്കുന്നത്. തന്റെ യജമാനന്റെ ഉത്തരവനുസരിച്ച് വംശഹത്യക്ക് അമേരിക്കയുടെ പച്ചക്കൊടി കാണിക്കാൻ ഇസ്റാഇൗലിലേക്ക് പോയ ആളാണ് ബ്ലിങ്കനെന്നോർക്കണം. മതഭ്രാന്തും തീവ്രദേശീയതയും കൂടിച്ചേർന്ന് വംശവെറി മൂത്തിരിക്കുന്നൊരു ഭരണകൂടമാണ് ഇസ്റാഇൗലിലുള്ളത്. അതിനാൽ ഇതിലും വലിയ ക്രൂരതകളാണ് വരാനിരിക്കുന്നത്. എന്നാൽ, ഫലസ്തീനികളുടെ മനസ്ഥൈര്യത്തെ കെടുത്താനാവില്ലെന്നത് ഉറപ്പ്. ആ ജനത എല്ലാത്തിനേയും അതിജീവിക്കും. ഫലസ്തീൻ തലയുയർത്തി നിൽക്കുക തന്നെ ചെയ്യും.
(അൽ ജസീറ കോളമിസ്റ്റാണ് ലേഖകൻ)
Content Highlights:This is genocide not counter attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."