HOME
DETAILS
MAL
ഞായര്‍ പൂട്ട് തുറക്കില്ല
backup
August 25 2021 | 05:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. രോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം കര്‍ശനമാക്കും.
തെരുവുകള്‍, മാര്‍ക്കറ്റ്, ഹാര്‍ബര്‍, ഫിഷിങ് വില്ലേജ്, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, എം.എസ്.എം.ഇ യൂനിറ്റ്, ഓഫിസുകള്‍, ഐ.ടി കമ്പനി, ഫ്‌ളാറ്റ്, വെയര്‍ഹൗസ്, വര്‍ക്‌ഷോപ്പ്, 10 പേരിലധികമുള്ള കുടുംബം എന്നിവ ഉള്‍പ്പെടെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന്റെ നിര്‍വചനത്തില്‍ വരുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം. ഞായറാഴ്ച ലോക്ക്ഡൗണില്‍ മാറ്റമില്ല. തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ തന്നെ പ്രവര്‍ത്തിക്കാം.
100 മീറ്റര്‍ പരിധിയില്‍ അഞ്ചിലധികം കേസുകള്‍ ഒരുദിവസം റിപ്പോര്‍ട്ടു ചെയ്താല്‍ അതിലുള്‍പ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിലാകും. അഞ്ചില്‍ താഴെ കേസുകളാണെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാം. ഏഴു ദിവസത്തേക്കായിരിക്കും നിയന്ത്രണം. ട്രിപ്പിള്‍ ലോക്ക്ഡൗണായിരിക്കും ഏര്‍പ്പെടുത്തുക. രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തുനിന്ന് 100 മീറ്റര്‍ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക. 100 മീറ്റര്‍ പരിധി കണക്കാക്കുമ്പോള്‍ റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടുത്തും.
അതേസമയം, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വന്നതിനാല്‍ ഇവിടെ ജനിതകപഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പരിശോധനയില്‍ പുതിയരീതി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം കടുപ്പിക്കണമെന്ന് അവലോകന യോഗത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും മുഖ്യമന്ത്രി തള്ളുകയായിരുന്നു. നേരത്തെ നല്‍കിയ ഇളവുകള്‍ തുടരാമെന്നും രോഗവ്യാപന തോത് കൂടിയാല്‍ അടുത്ത അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണം വേണമോയെന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്നും മൂന്നാംതരംഗ സാധ്യതയുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."