ഇസ്രാഈൽ ബോംബ് വർഷം അവസാനിപ്പിക്കണം; ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറെന്ന് ഇറാൻ
ടെഹ്റാൻ: ഗാസ മുനമ്പിനെ ഉന്നമിട്ടുള്ള വ്യോമാക്രമണം അവസാനിപ്പിക്കുന്ന പക്ഷം, ഇസ്രാഈലിൽ നിന്നു പിടികൂടി ബന്ദികളാക്കിയ 199 പേരെയും വിട്ടയയ്ക്കാൻ ഹമാസ് തയാറായിരുന്നുവെന്നു വെളിപ്പെടുത്തി ഇറാൻ. ടെഹ്റാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇറാനിയൻ വിദേശകാര്യ വക്താവ് നാസർ കനാനിയാണ് ഇക്കാര്യം അറിയിച്ചത് . ഇസ്രാഈലിനെതിരായ പോരാട്ടത്തിൽ ഹമാസിനു പൂർണ പിന്തുണ നൽകുന്ന രാജ്യമാണ് ഇറാൻ. അതേസമയം, ബന്ദികളെ മോചിപ്പിക്കാൻ ഒരുക്കമായിരുന്നെന്ന ഇറാന്റെ വെളിപ്പെടുത്തൽ ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
“ഇസ്രാഈലിൽ നിന്നു പിടികൂടി ബന്ദികളാക്കിയവരെ വിട്ടയ്ക്കാൻ ഹമാസ് തയാറായിരുന്നു. എന്നാൽ ഗാസയുടെ വിവിധ ഭാഗങ്ങളിൽ സിയോണിസ്റ്റുകൾ വ്യാപകമായി ബോംബ് വർഷിക്കുമ്പോൾ അതേക്കുറിച്ചു ചിന്തിക്കാൻ പോലും സാധ്യമല്ലെന്നായിരുന്നു അവരുടെ നിലപാട്''-നാസർ കനാനി വിശദീകരിച്ചു.
അതേസമയം,ഇസ്രാഈൽ തടങ്കലിലാക്കിയിരിക്കുന്ന ആയിരക്കണക്കിനു ഫലസ്തീൻ പൗരൻമാരെ മുൻകാലങ്ങളിലേതുപോലെ വിട്ടയച്ചാൽ ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്നു ഹമാസ് പലതവണ സൂചന നൽകിയിരുന്നു. പോരാട്ടം തുടരാനാണ് ഇസ്രാഈലിന്റെ ഭാവമെങ്കിൽ ഇനിയും ചെറുത്തുനിൽപ്പു തുടരാൻ തയാറാണെന്നാണ് ഹമാസിന്റെ നിലപാടെന്ന സൂചനയും ഇറാൻ നൽകി. ദീർഘകാലത്തേക്ക് ഇസ്രാഈലിനെ പ്രതിരോധിക്കാനുള്ള സൈനിക, ആയുധ ശക്തി ഹമാസിനുണ്ടെന്നും ഇറാൻ സൂചിപ്പിച്ചു.
Content Highlights: hamas willing to release hostages if israel ends airstrikes on gaza claims iran
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."