വിറ്റഴിക്കല്‍ രാജ്യത്തെ നശിപ്പിക്കും
കച്ചവടം അവസാനിപ്പിക്കാന്‍ പോകുന്ന ചില സ്ഥാപനങ്ങള്‍ക്ക് മുന്‍വശം പ്രത്യക്ഷപ്പെടാറുള്ള ബോര്‍ഡാണ് 'കടകാലിയാക്കുന്നു, വിറ്റഴിക്കല്‍ വില്‍പന' എന്നൊക്കെ. ഏതാണ്ട് ഈ കച്ചവട മനഃസ്ഥിതിയാണ് ഭരണം ഏറ്റെടുത്തത് മുതല്‍ മോദി സര്‍ക്കാരിനുള്ളത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് കരുതിയാണോ മുന്‍ സര്‍ക്കാരുകള്‍ ആര്‍ജിച്ച സ്വത്തുകളെല്ലാം മോദി ഭരണകൂടം വിറ്റഴിച്ചു കൊണ്ടിരിക്കുന്നതെന്നു തോന്നിപ്പോകുന്നു.
ഇതില്‍ ഏറ്റവുമവസാനത്തേതാണ് കോഴിക്കോട് വിമാനത്താവളത്തിന്റേതുള്‍പ്പെടെ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ എടുത്ത തീരുമാനം. ഈ വിധം സര്‍ക്കാരിന്റെ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറി നാല് വര്‍ഷത്തിനകം ആറുലക്ഷം കോടി രൂപ സമാഹരിക്കാനാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നാഷനല്‍ മൊണെറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി(ദേശീയ ധനസമ്പാദ്യ പദ്ധതി) എന്ന പേരില്‍ വില്‍പന ആരംഭിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിനു ശേഷം ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടാവില്ലെന്ന് മുന്‍കൂട്ടി കണ്ടതിനാലാവാം നാല് വര്‍ഷത്തേക്ക് വില്‍പന പരിമിതപ്പെടുത്തിയിട്ടുണ്ടാവുക. കോഴിക്കോട് വിമാനത്താവളത്തിലെ സ്വകാര്യപങ്കാളിത്വം വഴി 2023ല്‍ 562 കോടി സംഭരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ടോള്‍ റോഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വൈദ്യുതി ടവറുകള്‍ എന്നിവയ്ക്കാണ് വില്‍പനയില്‍ മുന്തിയ പരിഗണന നല്‍കുന്നത്. ഇതോടെ റോഡുകളില്‍ ടോള്‍ ചാര്‍ജ് കുത്തനെ വര്‍ധിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫീസു കൊടുക്കേണ്ടി വരും. പ്ലാറ്റ്‌ഫോമുകളില്‍ കുടിവെള്ളം പിടിക്കുന്നതിന് വരെ യാത്രക്കാരില്‍ നിന്നു ചാര്‍ജ് ഈടാക്കിയേക്കും. സ്വകാര്യ പങ്കാളിത്വത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മന്ത്രാലയവും സര്‍ക്കാര്‍ സ്വത്ത് കടപ്പെടുത്തി എത്രത്തോളം പണം സമ്പാദിക്കണമെന്നത് സംബന്ധിച്ചു ടാര്‍ഗറ്റ് നിശ്ചയിച്ചു കൊടുത്തിരിക്കുകയാണ്. റെയില്‍വേയില്‍ 400 സ്റ്റേഷനുകളും 90 യാത്രാ ട്രെയിനുകളും സ്വകാര്യ പങ്കാളിത്വത്തിന് കീഴില്‍ വരുമ്പോള്‍, ഇനിയുള്ള കാലം സാധാരണക്കാരന് റെയില്‍വേ സ്റ്റേഷനുകളില്‍ ചായക്കച്ചവടം നടത്തിപ്പോലും ജീവസന്ധാരണം നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളാണ് സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതെങ്കില്‍, നാളെ സംസ്ഥാന സര്‍ക്കാരുകളുടെ ലാഭകരമായ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അങ്ങനെ വരുമ്പോള്‍ കൊവിഡ് കാരണം വരുമാനം വളരെ കുറഞ്ഞ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അത് വലിയ ആഘാതമാകും. മാത്രമല്ല ഫെഡറലിസത്തിന് എതിരുമായിരിക്കും അത്തരമൊരു തീരുമാനം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ സ്വകാര്യ പങ്കാളിത്വത്തിന് തുറന്ന് കൊടുക്കാന്‍ എടുക്കുന്ന തീരുമാനം കേന്ദ്ര-സംസ്ഥാന സംഘര്‍ഷത്തിലായിരിക്കും പര്യവസാനിക്കുക. 2.86 ലക്ഷം കിലോമീറ്റര്‍ ഭാരത് നെറ്റ് ഫൈബര്‍, ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയുടെ 14,917 ടവറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിലൂടെ സാധാരണക്കാരന് ഇന്റര്‍നെറ്റ് മേഖല അപ്രാപ്യമായേക്കാം.
ഇന്ത്യയുടെ മഹാരഥന്‍മാരായ ഭരണകര്‍ത്താക്കള്‍ ദീര്‍ഘവീക്ഷണത്തിലൂടെ സ്വരുക്കൂട്ടിയ ആസ്തികള്‍ യാതൊരു മനഃചാഞ്ചല്യവും കൂടാതെ സ്വകാര്യ കുത്തകകള്‍ക്ക് ഭരണാധികാരികള്‍ തീറെഴുതി കൊടുക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് വന്‍തോതില്‍ കടമെടുക്കലും തുടരുന്നത്. മുപ്പത് കോടി ജനതയുടെ സ്വത്താണ് വിറ്റഴിക്കുന്നതിലൂടെ ഏതാനും പേരുടെ കൈകളിലമരുന്നതെന്ന് കാണാതിരുന്നുകൂടാ. കൊവിഡ് വ്യാപനത്തോടൊപ്പം സ്വകാര്യവല്‍ക്കരണവും ദ്രുതഗതിയിലാക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ നയം ലക്ഷ്യത്തോടടുക്കുന്നുവെന്നുവേണം മനസിലാക്കാന്‍.
1947 ല്‍ സ്വാതന്ത്ര്യം പ്രാപിച്ച ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര്യ റിപ്പബ്ലിക്കായി നിലനിന്നുപോരുന്നത്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ദീര്‍ഘവീക്ഷണത്തോടെ തുടക്കമിട്ട പൊതുമേഖല സ്ഥാപനങ്ങളാലാണെന്നത് വിസ്മരിക്കാവുന്നതല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് ചെന്നു വീഴാതിരിക്കാന്‍ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി ഉയര്‍ന്നുവന്ന പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു പ്രധാന പങ്കുവഹിച്ചത്. സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയുടെ പൊതുമേഖലാ ശേഷി വര്‍ധിപ്പിച്ചപ്പോള്‍ അതിനെതിരേ, ഇന്നത്തെ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘം കോടതിയില്‍ പോയത് തീര്‍ച്ചയായും രാജ്യസ്‌നേഹം കൊണ്ടായിരുന്നില്ല. ബാങ്ക് ദേശസാല്‍ക്കരണത്തോടെ ഏതാനും ചില വ്യവസായി കുടുംബങ്ങള്‍ കൈവശം വച്ചിരുന്ന പണമാണ് ഇന്ദിരാഗാന്ധി രാജ്യത്തിന്റെ പൊതുസ്വത്താക്കി മാറ്റിയത്. വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ വഴി ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കാണ് ഇന്ദിരാഗാന്ധി ഇതിലൂടെ തൊഴിലവസരങ്ങള്‍ തുറന്ന് കൊടുത്തത്.
ഇന്ത്യ ഇന്നും മതേതര ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനകാരണം ശക്തിസ്തംഭങ്ങളായി നിലനിന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളാണ്. ക്രിയാത്മകമായി ഈ രംഗത്ത് യാതൊരു സംഭാവനയും നല്‍കാത്ത ഇന്നത്തെ ഭരണകൂടമാകട്ടെ, ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ വളര്‍ത്തിക്കൊണ്ടു വന്ന മുന്‍ ഭരണാധികാരിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാകുന്നതിനെതിരേ ശക്തമായ നിലപാടെടുത്തതിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ചു പകതീര്‍ത്തു കൊണ്ടിരിക്കുന്നത് സംഘ്പരിവാര്‍ പതിവാക്കിയിരിക്കുകയാണ്. നെഹ്‌റു സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് വിമാനത്താവളവും വിറ്റഴിച്ചു കൊണ്ടിരിക്കുന്നതിലൂടെ രാജ്യത്തെ തകര്‍ക്കുകയാണ് ഭരണകൂടം.
രാജ്യം കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടുകൊണ്ട് സമാര്‍ജിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ യാതൊരു മനഃസാക്ഷിക്കുത്തുപോലും ഇല്ലാതെ ഏതാനും ചില കോര്‍പറേറ്റുകള്‍ക്ക് വിറ്റുതുലയ്ക്കുന്നതില്‍ എന്ത് രാജ്യസ്‌നേഹമാണുള്ളത്. കെടുകാര്യസ്ഥത മൂലം നഷ്ടത്തിലായ സ്ഥാപനങ്ങളാണ് ഇങ്ങനെ വിറ്റഴിക്കുന്നതെങ്കില്‍ ആ നിലയ്‌ക്കെങ്കിലും ന്യായീകരിക്കാമായിരുന്നു. രാജ്യത്തിന്റെ കണ്ണായ സ്വത്തുക്കളായ, റെയില്‍, റോഡ്, പെട്രോളിയം, ഊര്‍ജം, ടെലികോം, ഖനനം, തന്ത്രപ്രധാന മേഖലകളിലെ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം വിറ്റഴിക്കണമെങ്കില്‍ രാജ്യത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത, എന്നാല്‍ കോര്‍പറേറ്റുകളോട് മാത്രം പ്രതിബദ്ധത വച്ചുപുലര്‍ത്തുന്ന ഭരണാധികാരികള്‍ക്കേ കഴിയൂ.
ഇങ്ങനെ എല്ലാം വിറ്റഴിക്കാന്‍ തുടങ്ങിയാല്‍ ആത്യന്തികമായി അതു രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെയായിരിക്കും ഗുരുതരമായി ബാധിക്കുക. രാജ്യം ഏതാനും ബിസിനസുകാരുടെ കൈകളിലമരും. തൊഴിലില്ലാത്ത, അഭ്യസ്തവിദ്യരായ യുവാക്കള്‍ പെരുകും. തൊഴില്‍ രംഗത്തെ കോര്‍പറേറ്റ് ചൂഷണം വര്‍ധിക്കും. ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ഇല്ലാതാകും. രാജ്യം അരാജകത്വത്തിലേക്ക് കൊവിഡിനൊപ്പം കൂപ്പുകുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."