ട്രാക്കുണര്‍ന്നു; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം കണ്ണൂരിന്
ട്രാക്കുണര്‍ന്നു; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം കണ്ണൂരിന്
തൃശൂര്‍: 65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ട്രാക്കുണര്‍ന്നു. കണ്ണൂരിനാണ് ആദ്യ സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ ഗോപിക ഗോപിയാണ് സ്വര്‍ണം നേടിയത്. കോഴിക്കോട് താരം അശ്വിനി എസ്. നായര്‍ക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോള്‍ സജിക്ക് വെങ്കലവും ലഭിച്ചു.
ഇന്ന് 21 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. 4x100 മീറ്റര്‍ റിലെ, 400 മീറ്റര്‍ ഓട്ടം തുടങ്ങിയ ഇനങ്ങളുടെ ആദ്യ റൗണ്ടും ഇന്നാണ്. ഉച്ചയ്ക്ക് മൂന്നരയോടെ മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന സമ്മേളനവും നടക്കും. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. 98 ഇനങ്ങളിലായി 3000ത്തിലധികം കായിക താരങ്ങളാണ് കായികോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ആറ് വിഭാഗങ്ങളിലായാണ് മത്സരം.
കഴിഞ്ഞ തവണ സംഘടിപ്പിച്ചതുപോലെ ഇത്തവണയും പകലും രാത്രിയുമായാണ് മത്സരം. ദേശീയ സ്‌കൂൾ മത്സരങ്ങൾ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതൽ ഗോവയിലും നടക്കുന്നത് കൊണ്ടാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താൻ സർക്കാർ തീരുമാനിച്ചത്.
ഇരുപതാം തീയതി വൈകിട്ടാണ് സമാപന സമ്മേളനവും സമ്മാനദാനവും. ജില്ലയിലെ 15ലധികം സ്‌കൂളുകളിലാണ് കുട്ടികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കായികോത്സവത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 2,20,000 രൂപയാണ് സമ്മാനം. രണ്ടാമതെത്തുന്ന ജില്ലയ്ക്ക് 1,65,000 രൂപയും മൂന്നാം സ്ഥാനത്തിന് 1,10,000 രൂപയും നൽകും. ഗ്രൗണ്ടിൽ അത്യാധുനിക സംവിധാനത്തോടെ മെഡിക്കൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."