HOME
DETAILS
MAL
ചികിത്സാസഹായം നിര്‍ത്തലാക്കുന്നതിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിലേക്ക്
backup
August 26 2021 | 03:08 AM
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ലഭിക്കേണ്ട ചികിത്സാസഹായം നിര്‍ത്തലാക്കാനുള്ള എയര്‍ ഇന്ത്യ നീക്കത്തിനെതിരേ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രക്ഷോഭത്തിലേക്ക്. അടുത്തമാസം 15 മുതല്‍ ചികിത്സാസഹായം നിര്‍ത്തിവയ്ക്കുമെന്നാണ് എയര്‍ ഇന്ത്യ യാത്രക്കാരെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്. കമ്പനി മുന്നോട്ടുവച്ച നഷ്ടപരിഹാര കരാറില്‍ ഒപ്പുവയ്ക്കാത്ത യാത്രക്കാര്‍ക്കാണ് കത്ത് അയച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ തീരുമാനം മനുഷ്യത്വരഹിതവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം കരിപ്പൂര്‍ വിമാനാപകട ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. എയര്‍ ഇന്ത്യ നിലപാട് തിരുത്തിയില്ലെങ്കില്‍ പരുക്കേറ്റ യാത്രക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കും. നീതിനിഷേധത്തിനെതിരേ നിയമനടപടിയും സ്വീകരിക്കും. ചികിത്സാ സഹായത്തിന് സമയപരിധി നിശ്ചയിക്കുന്ന എയര്‍ ഇന്ത്യ, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് സമയപരിധി പറയുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതിലൂടെ ഇരകള്‍ നിയമനടപടിക്ക് പോവുന്നതു തടയുകയാണ് കമ്പനിയുടെ ലക്ഷ്യം. പലരെയും സമ്മര്‍ദത്തിലാക്കിയാണ് നാമമാത്ര നഷ്ടപരിഹാര ധാരണയില്‍ ഒപ്പുവയ്പ്പിക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് 28ന് രാവിലെ 10ന് കോഴിക്കോട്ടെ എയര്‍ ഇന്ത്യ ഓഫിസ് ഉപരോധിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുര്‍റഹ്മാര്‍ എടക്കുനി, പ്രസിഡന്റ് എസ്.എ അബൂബക്കര്‍, ട്രഷറര്‍ സന്തോഷ്‌കുമാര്‍, റഹീം വയനാട്, ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."