മേയറുടെ വാഹനം തടഞ്ഞ് കെ.എസ്.യു; കരിങ്കൊടി, പ്രതിഷേധക്കാരെ നേരിട്ട് സി.പി.എം പ്രവര്‍ത്തകര്‍
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന്റെ വീടിനു മുന്നില്‍ കെ.എസ്.യു പ്രതിഷേധം. വീട്ടില്‍ നിന്നും ഓഫിസിലേക്ക് പോകാനിറങ്ങിയ മേയറുടെ വാഹനം തടഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ സി.പി.എം പ്രവര്‍ത്തകരും മേയറുടെ സ്റ്റാഫിലുള്ളവരും ചേര്‍ന്ന് നേരിട്ടു.
കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ വീടിന് 200 മീറ്റര്‍ അകലെ മേയറുടെ വാഹനം മറ്റൊരാള്‍ തടഞ്ഞു. രണ്ട് മിനിട്ടിലധികമാണ് ഇയാള്‍ മേയറുടെ വാഹനം തടഞ്ഞിട്ടത്. ഇയാളെയും പൊലിസ് അറസ്റ്റ് ചെയ്തു.
താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കിയതില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധം ഇന്നും തുടരുകയാണ്. മേയറേയും കോര്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയേയും ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.
കൗണ്‍സിലര്‍മാര്‍ കോര്പ്പറേഷന് ഓഫീസിലാണ് പ്രതിഷേധം നടത്തുന്നത്. ഇതിന് പുറമേ വിവിധ യുവജനസംഘടനകളും പ്രതിഷേധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."