മലബാര്‍ സമരം
ഖിലാഫത്ത് -നിസഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരേ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തലുകളാണ് മലബാര്‍ സമരത്തിന് കാരണമായത്. ഒന്നാം ലോക മഹായുദ്ധത്തിനൊടുവില്‍ തുര്‍ക്കിയെ വിഭജിച്ചെടുക്കാനുള്ള ബ്രിട്ടീഷ് കൊളോണിയല്‍ ചിന്താഗതിക്കെതിരേ ലോകമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് തുര്‍ക്കി ഖലീഫയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ അലി സഹോദരന്മാരുടെ നേതൃത്വത്തില്‍ 1918 ല്‍ ഇന്ത്യയില്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഇതിനെ അനുകൂലിച്ച ഗാന്ധിജിയും അലിസഹോദരന്മാര്‍ക്കൊപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ഖിലാഫത്ത് സന്ദേശം പ്രചരിപ്പിച്ചു. ഈ കാലഘട്ടത്തില്‍ മലബാര്‍ അനേകം കര്‍ഷക ലഹളകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഭൂവുടമകള്‍ കര്‍ഷകരുടെ അവകാശങ്ങളെ നിഷേധിക്കുകയും കുടിയായ്മ ഇല്ലാതാക്കുകയും ചെയ്തു. ഇതോടെ മലബാറിലെ മാപ്പിളകര്‍ഷകര്‍ ജന്മികള്‍ക്കെതിരേ രംഗത്തിറങ്ങി. ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ജന്മികള്‍ കര്‍ഷകരെ ഉപദ്രവിച്ചിരുന്നത്. മലബാറിലെ കര്‍ഷക സമരങ്ങള്‍ നിത്യസംഭവമായ കാലത്താണ് ഖിലാഫത്ത് -നിസഹകരണ പ്രസ്ഥാനങ്ങള്‍ മലബാറിനെ ആകര്‍ഷിച്ചത്. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നേറ്റം താലൂക്കുകളില്‍ പൊലിസ് കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ കാരണമായി. ഈ സമയത്താണ് നിലമ്പൂര്‍ കോവിലകത്തെ ആറാംമുറ തിരുമുല്‍പ്പാടിന്റെ തോക്ക് കളവ് പോയതും തിരുമുല്‍പ്പാട് മന്‍ചേരി പൊലിസില്‍ പരാതിപ്പെടുന്നതും.
തോക്ക് മോഷ്ടിച്ചത് ഖിലാഫത്ത് പ്രസ്ഥാനക്കാരാണെന്നായിരുന്നുവത്രേ തിരുമുല്‍പ്പാടിന്റെ ആരോപണം. ഖിലാഫത്ത് പ്രസ്ഥാനക്കാരെ അടിച്ചൊതുക്കാന്‍ ഒരവസരം ലഭിച്ച പൊലിസ് സംഘം പൂക്കോട്ടൂരിലെ ഖിലാഫത്ത് നേതാവ് വടക്കേ വീട്ടില്‍ മുഹമ്മദിന്റെ വീട് പരിശോധിക്കാനെത്തി.ഇത് നാട്ടുകാര്‍ തടഞ്ഞതാണ് പൂക്കോട്ടൂര്‍ യുദ്ധത്തിന് പ്രത്യക്ഷകാരണം.
ഇതോടെ ഖിലാഫത്ത് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പട്ടാളമിറങ്ങുകയും നേതാക്കളുടെ ആസ്ഥാനമായ തിരൂരങ്ങാടി പള്ളി വളയുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഖിലാഫത്ത് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തു. നാടെങ്ങും അക്രമവും കൊള്ളയും നടത്തിയ ബ്രിട്ടീഷ് സൈന്യം എല്ലാകുറ്റവും ഖിലാഫത്തുകാരുടെ തലയില്‍ കെട്ടിവച്ചു.
ഇതോടെ മലബാറിലെ മാപ്പിളമാരും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. സമരം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സൈന്യം വിവിധ ഭാഗങ്ങളില്‍നിന്നെത്തി. പൂക്കോട്ടൂരില്‍വച്ച് ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായി. പൂക്കോട്ടൂര്‍ യുദ്ധമെന്ന് അറിയപ്പെട്ട ഈ ഏറ്റുമുട്ടലോടെ ബ്രിട്ടീഷ് സൈന്യം പിന്മാറി. അത്യാധുനിക യുദ്ധോപകരണങ്ങളുമായി രംഗത്തിറങ്ങിയ ബ്രിട്ടീഷ് സൈന്യത്തെ പ്രാദേശിക ആയുധങ്ങളുമായാണ് പൂക്കോട്ടൂകാര്‍ നേരിട്ടത്. മലബാര്‍ സമരത്തിലെ ഏറ്റവും രക്തരൂക്ഷിത പോരാട്ടമായ ഈ യുദ്ധത്തില്‍ മുന്നൂറോളം വരുന്ന മാപ്പിള പോരാളികള്‍ വിരമൃത്യു വരിച്ചു. ആലി മുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരായിരുന്നു മലബാര്‍ സമരത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്നത്. മലബാര്‍ സമരം അടിച്ചമര്‍ത്തുന്നതിനിടയില്‍ ബ്രിട്ടീഷ് സൈന്യം നടത്തിയ ക്രൂരകൃത്യമായിരുന്നു വാഗണ്‍ ട്രാജഡി.
വാഗണ്‍ ട്രാജഡി
നമ്മുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ത്തന്നെ മഹത്തരമായ മലബാര്‍സമരങ്ങളെ മാപ്പിളലഹളയും മലബാര്‍ കലാപങ്ങളുമാക്കി ചരിത്രകാരന്മാര്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. ആലിമുസ്‌ല്യാരും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ബ്രിട്ടീഷ് രാജിനെതിരേ നടത്തിയ പോരാട്ടങ്ങളും വെല്ലുവിളികളുമാണ് മലബാറിലെ ബ്രിട്ടീഷ് ഭരണത്തിന്റെ നട്ടെല്ലൊടിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലബാറിന്റെ സമരപോരാട്ടങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോലും ചര്‍ച്ചാവിഷയമായിട്ടുണ്ട്. സമരങ്ങളുടെ പേരില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍പ്പെട്ട സമരക്കാരുടെ പേരില്‍ നിരവധി കള്ളക്കേസുകള്‍ ചുമത്തി പട്ടാളക്കോടതികളില്‍ വിചാരണ നടത്തിയും അല്ലാതെയും ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയമാക്കി. സമരവീര്യം കെടുത്താനും കലാപകാരികളെ അടിച്ചമര്‍ത്താനും ബ്രിട്ടിഷ് കോടതി നെയ്‌തെടുത്ത അന്യായവിധികള്‍ കൊണ്ട് ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു.
ഇതോടെ ശേഷിക്കുന്ന തടവുകാരെ മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ തീരുമാനമായി. തടവുകാരെ സാധാരണ തീവണ്ടിബോഗികളില്‍ കൊണ്ടുപോകുന്നത് രക്ഷപ്പെടാനുള്ള അവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞ് ചരക്കുവണ്ടികള്‍ ഏര്‍പ്പാടാക്കി. ക്രൂരനായ ബ്രിട്ടീഷ് പട്ടാളമേധാവി ഹിച്ച് കോക്കിന്റെ നിര്‍ദ്ദേശമനുസരിച്ച് മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള പൊലിസുകാര്‍ തടവുകാരെ ചരക്കുവണ്ടിയുടെ ബോഗിയില്‍ കുത്തിനിറച്ചു. വായു കടക്കാത്ത ബോഗിയില്‍ കുത്തിനിറച്ച് നീണ്ട യാത്ര ആരംഭിച്ചപ്പോള്‍ത്തന്നെ പലര്‍ക്കും ശ്വാസം മുട്ടി. നൂറ്റിയെണ്‍പത് കിലോമീറ്റര്‍ ദൂരത്തുളള പോത്തന്നൂരിലെത്താതെ വാഗണിന്റെ വാതില്‍ തുറക്കില്ലെന്ന തീരുമാനത്തിലായിരുന്നു മേധാവികള്‍. മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ വിയര്‍പ്പും മൂത്രവും രക്തവും ദാഹജലമാക്കിയും പരസ്പരം പ്രാണവായുവിനു വേണ്ടി മാന്തിപ്പറിച്ചും നിരവധി പേര്‍ മരിച്ചുവീണു.
ആലി മുസ്‌ലിയാര്‍
തലമുറകളായി ബ്രിട്ടീഷ് വിരുദ്ധത കാത്ത് സൂക്ഷിക്കുന്ന കുടുംബത്തിലായിരുന്നു ആലി മുസ്‌ലിയാരുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആലി മുസ്‌ലിയാര്‍ എന്നും പട്ടാളത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇരുപതുകളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ സമരം നയിച്ചതിന്റെ പേരില്‍ കള്ളക്കേസുകള്‍ ചുമത്തി മലബാറിലെ നിരപരാധികളെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആലി മുസ്‌ലിയാരും സംഘവും കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തി. അപ്രതീക്ഷിതമായി സംഘത്തിനു നേരെ ബ്രിട്ടീഷ് സൈന്യം വെടിവയ്ക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ മലബാറില്‍ ഖിലാഫത്ത് സമരം കൊടുമ്പിരികൊണ്ടു. മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ആലിമുസ്‌ലിയാര്‍ക്കും സംഘത്തിനും ബ്രിട്ടീഷ് കോടതി വധശിക്ഷ വിധിക്കുകയും 1921 ഫെബ്രുവരിയില്‍ ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
വാരിയന്‍കുന്നത്തിന്റെ ധീരത
ഖിലാഫത്ത് സമരത്തിന് നേതൃത്വം നല്‍കിയ ധീരദേശാഭിമാനിയായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ആലി മുസ്‌ലിയാരുടെ ശിഷ്യനായിരുന്ന ഹാജി, ബാല്യകാലം തൊട്ടേ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയിരുന്നു. 1894 ല്‍ നടന്ന മണ്ണാര്‍ക്കാട് ലഹളയെത്തുടര്‍ന്ന് വാരിയന്‍കുന്നത്തിന്റെ കുടുംബാംഗങ്ങളില്‍ പലരും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. ഹാജിയുടെ പിതാവിനെ അന്തമാനിലേക്ക് നാടുകടത്തി, ഭീമമായ പിഴസംഖ്യ ഈടാക്കി കുടുംബസ്വത്തടക്കം ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി. ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയതിന്റെ പേരില്‍ ജന്മനാട്ടില്‍ ജീവിക്കുവാന്‍ അദ്ദേഹത്തെ വെള്ളപ്പട്ടാളം അനുവദിച്ചിരുന്നില്ല. ആദ്യം ബോംബെയിലും പിന്നീട് വിശുദ്ധ മക്കയിലും അദ്ദേഹം പ്രവാസ ജീവിതം നയിച്ചു. ഹിന്ദുക്കളുടെ രാജാവും മുസ്‌ലിംകളുടെ അമീറും ഖിലാഫത്ത് സേനയും കേണലുമായാണ് അന്നത്തെ ഡെപ്യൂട്ടി കളക്ടര്‍ വാരിയന്‍കുന്നത്തിനെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടുന്നതിനും സമാന്തര സര്‍ക്കാര്‍ രൂപീകരിച്ച് ഏറനാട്ടില്‍ മികച്ച ഭരണം കൊണ്ടുവരാനും വാരിയന്‍കുന്നത്തിന് സാധിച്ചു.
ബ്രിട്ടീഷ് അനുകൂലികള്‍ക്കെതിരേയും ഒറ്റുകാര്‍ക്കെതിരേയും അദ്ദേഹം സന്ധിയില്ലാ സമരം ചെയ്തു. ആരാധനാ കര്‍മത്തിനിടെ വഞ്ചനാപരമായ നീക്കത്തിലൂടെയാണ് വാരിയന്‍ കുന്നത്തിനേയും സംഘത്തേയും ബ്രിട്ടീഷുകാര്‍ കീഴ്‌പ്പെടുത്തിയത്. ഇന്ത്യയില്‍ അന്നുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ നല്ലൊരു ഭാഗത്തേയും വാരിയന്‍കുന്നത്തിനേയും സംഘത്തേയും പിടികൂടാനായാണ് ബ്രിട്ടീഷുകാര്‍ നിയോഗിച്ചിരുന്നത്.
മലബാര്‍ സമരത്തിനു നേതൃത്വം നല്‍കിയെന്ന് കുറ്റംചുമത്തി വാരിയന്‍കുന്നത്തിനെ ബ്രിട്ടീഷുകാര്‍ വധ ശിക്ഷയ്ക്ക് വിധിച്ചു. മാപ്പെഴുതി തന്ന് സമരമുഖത്തുനിന്നു പിന്മാറിയാല്‍ കുറ്റവിമുക്തനാക്കി ശിഷ്ടകാലം വിശുദ്ധമക്കയില്‍ ജീവിക്കാനുള്ള സൗകര്യമേര്‍പ്പെടുത്താമെന്ന ബ്രിട്ടീഷുകാരുടെ വാഗ്ദാനം അദ്ദേഹം നിരാകരിച്ചു. മക്കയെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ജന്മനാട്ടില്‍ മരിച്ച് വീഴാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു വാരിയന്‍കുന്നത്തിന്റെ മറുപടി. മരണം വരെ ഈ രാജ്യത്തിന്റെ സ്വതന്ത്ര്യപോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപനം നടത്തിയ അദ്ദേഹം മരണമുഖത്ത് നില്‍ക്കുമ്പോള്‍ ബ്രിട്ടീഷ് സൈന്യത്തോട് ആവശ്യപ്പെട്ടത് പിന്നില്‍നിന്നു കണ്ണുമൂടിക്കെട്ടി വെടിവയ്ക്കുന്നതിനു പകരം കണ്ണുകള്‍ കെട്ടാതെ മുന്നില്‍നിന്നു നെഞ്ചിലേക്ക് വെടിവയ്ക്കാനായിരുന്നു.