50 ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കി; കോളജില്‍ വച്ചും ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് ഗ്രീഷ്മയുടെ മൊഴി
തിരുവനന്തപുരം: പാറശ്ശാലയില്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ ഷാരോണ്‍ രാജിനെ മുമ്പ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലക്കി നല്‍കിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.
ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയത്. ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതി. ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. തുടര്‍ന്ന് ഗുളിക കലക്കിയ ജ്യൂസ് കുടിക്കാന്‍ നല്‍കി. എന്നാല്‍ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗ്രീഷ്മയെ കോളജില്‍ കൊണ്ടുപോയി തെളിവെടുക്കും. കൂടാതെ, താലി കെട്ടിയശേഷം ഗ്രീഷ്മയും ഷാരോണും താമസിച്ച കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലെ ഹോട്ടലിലെത്തിച്ചും തെളിവെടുക്കും.
ഗ്രീഷ്മയുമായി ഇന്നലെ രാമവര്‍മ്മന്‍ചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ ആകാശവാണിയില്‍ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചു.
ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിര്‍മ്മൽ കുമാറിനേയും നെയ്യാറ്റിൻകര കോടതി ഇന്നലെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു.
അതേസമയം, കേസ് തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ പൊലിസ് ഉടന്‍ തീരുമാനമെടുത്തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."