'എന്റെ വാക്കുകളല്ല, പ്രവൃത്തികള്‍ സംസാരിക്കും' സാധാരണ ജനങ്ങള്‍ക്കായി നിലകൊള്ളുമെന്ന് ഉറപ്പു നല്‍കി ചീഫ് ജസ്റ്റിസ്
സാധാരണ ജനങ്ങള്‍ക്കായി നിലകൊള്ളുന്നതിനാണ് താന്‍ മുന്‍ഗണ നല്‍കുന്നതെന്ന് ഉറപ്പു നല്‍കി രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. എന്റെ വാക്കുകളല്ല പ്രവൃത്തികളാണ് സംസാരിക്കുക- ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചു.
'സാധാരണ ജനങ്ങളെ സേവിക്കും. വരുംദിനങ്ങളില്‍ നിങ്ങള്‍ക്കത് കാണാം. ഇതൊരു മഹാഭാഗ്യവും വലിയ ഉത്തരവാദിത്തവുമാണ്. ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലെ വിശ്വാസം നിലനില്‍ക്കുന്നുവെന്ന് ഞാന്‍ ഉറപ്പു വരുത്തും- അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റത്. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തെ പരമോന്നത ന്യായാധിപന്റെ കസേരയില്‍ രണ്ട് വര്‍ഷമാണ് ഡി വൈ ചന്ദ്രചൂഡിന്റെ കാലാവധി.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 24ന് ആയിരിക്കും വിരമിക്കുക. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (19781985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ആണ്. ഇന്ത്യയുടെ 16ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു വൈ വി ചന്ദ്രചൂഡ്.
1959 നവംബര്‍ 11നാണ് ഡി വൈ ചന്ദ്രചൂഡിന്റെ ജനനം. മുംബൈയിലെ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് പഠനത്തിനും ശേഷം ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും അമേരിക്കയിലെ ഹാര്‍വഡ് ലോ സ്‌കൂളില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും ജുഡീഷ്യല്‍ സയന്‍സില്‍ ഡോക്ടറേറ്റും നേടി.
1998ല്‍ 39ാം വയസ്സിലാണ് മുതിര്‍ന്ന അഭിഭാഷകനായത്. എ ബി വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചു. 2000 മാര്‍ച്ച് 29ന് ബോംബെ ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി. 2013 ഒക്ടോബര്‍ 31ന് അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2016 മേയ് 13ന് സുപ്രിം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."