ജഡ്ജിമാരുടെ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു പ്രഥമ വനിതാ ചീഫ് ജസ്റ്റിസിനു വഴിതെളിയുന്നു
ന്യൂഡല്‍ഹി: ആദ്യ വനിതാ ചീഫ് ജസ്റ്റിസിന് അവസരമൊരുക്കി സുപ്രിംകോടതി കൊളീജിയം സമര്‍പ്പിച്ച ഒന്‍പത് ജഡ്ജിമാരുടെ പട്ടിക കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയും അംഗീകരിച്ചു.
ഇവര്‍ ഈ മാസം 31ന് സത്യപ്രതിജ്ഞ ചെയ്യും. മൂന്നു വനിതകള്‍ ഉള്‍പ്പെട്ട പട്ടികയിലെ ജസ്റ്റിസ് ബി.വി.നാഗരത്‌ന 2027ല്‍ രാജ്യത്തെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകും. സുപ്രിംകോടതിയില്‍ 34 ജഡ്ജിമാരാണുള്ളത്. ഇതില്‍ 10 പേരുടെ ഒഴിവുണ്ട്. ഒന്‍പത് ജഡ്ജിമാര്‍ കൂടി ചുമതലയേല്‍ക്കുന്നതോടെ ഒഴിവ് ഒന്നായി കുറയും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയും അംഗീകരിച്ചതോടെ നിയമമന്ത്രാലയം നിയമനം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഇറക്കും. കര്‍ണാടക ഹൈക്കോടതിയിലെ മൂന്നാമത്തെ സീനിയര്‍ ജഡ്ജാണ് ജസ്റ്റിസ് നാഗരത്‌ന. തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണ് പട്ടികയിലെ രണ്ടാമത്തെ വനിതയായ ഹിമ കോഹ്‌ലി. ഗുജറാത്ത് ഹൈക്കോടതിയിലെ അഞ്ചാമത്തെ സീനിയര്‍ ജഡ്ജാണ് മൂന്നാമത്തെ വനിതയായ ജസ്റ്റിസ് ബെല എം.ത്രിവേദി. അടുത്തമാസം 62 വയസ് പൂര്‍ത്തിയാകുന്ന ജസ്റ്റിസ് കോഹ്‌ലി സെപ്റ്റംബര്‍ ഒന്നിന് വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ സുപ്രിംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആയതിനാല്‍ സര്‍വിസില്‍ തുടരാനാകും. കേരള ഹൈക്കോടതിയിലെ സി.ടി.രവികുമാര്‍, മദ്രാസ് ഹൈക്കോടതിയിലെ എം.എം.സുന്ദരേഷ് എന്നിവരും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്.നരസിംഹ, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീനിവാസ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി എന്നിവരാണ് സുപ്രിംകോടതിയിലേക്ക് നിയമിക്കപ്പെടുന്ന മറ്റു ജഡ്ജിമാര്‍. ആദ്യ വനിതാ ചീഫ് ജസ്റ്റിസാകുന്ന നാഗരത്‌ന മുന്‍ ചീഫ് ജസ്റ്റിസ് ഇ.എസ്.വെങ്കിടരാമയ്യയുടെ മകളാണ്. വിരമിക്കുന്നതിന്റെ ഒരുമാസം മുന്‍പ് 2027 സെപ്റ്റംബര്‍ 23ന് ഇവര്‍ക്ക് ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."