ഫോട്ടോ പിടിത്തം മാത്രമല്ല, ഇനി 'പറക്കാം' ഡ്രോണില്‍ രാജ്യത്ത് ഡ്രോണ്‍ ടാക്‌സികള്‍ക്ക് അനുമതി
പുതിയ ഡ്രോണ്‍ ചട്ടം തയാര്‍
ന്യൂഡല്‍ഹി: ഊബറും ഒലയും പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ പോലെ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഡ്രോണ്‍ ടാക്‌സികളും താമസിയാതെ നമ്മുടെ ആകാശത്തെ പതിവ് കാഴ്ചയാകാന്‍ പോകുന്നു.
വ്യോമയാന മന്ത്രാലയം പുറത്തുവിട്ട പുതിയ ഡ്രോണ്‍ ചട്ടത്തിലാണ് രാജ്യത്ത് ഡ്രോണ്‍ ടാക്‌സികള്‍ക്ക് അനുമതി നല്‍കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
വിപ്‌ളവകരമായ ഈ മാറ്റത്തിനൊപ്പം ഡ്രോണ്‍ പറത്താന്‍ ക്ലിയറന്‍സ് വേണമെന്ന മുന്‍ നിബന്ധനകളും പുതിയ ചട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. 'ഡ്രോണ്‍ റൂള്‍ 2021' എന്ന പേരിലുള്ള ചട്ടം ഗസറ്റ് വിജ്ഞാപനമായി.
നേരത്തെയുള്ള 'അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം റൂള്‍ 2021' ന് പകരം ഡ്രോണ്‍ റൂളാണ് ഇനി പ്രാബല്യത്തില്‍ ഉണ്ടാകുക. കഴിഞ്ഞ മാര്‍ച്ച് 12 നായിരുന്നു അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം റൂള്‍ പുറത്തിറക്കിയത്.
ഓണ്‍ലൈന്‍ ടാക്‌സികള്‍ പോലെ ഡ്രോണ്‍ ടാക്‌സികള്‍ക്കും അനുമതി നല്‍കുന്നതാണ് പുതിയ പുതിയ ഡ്രോണ്‍ ചട്ടമെന്ന് വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.
വിവിധ അതോറിറ്റികളുടെ ക്ലിയറന്‍സ്, കണ്‍ഫോര്‍മന്‍സ് സര്‍ട്ടിഫിക്കറ്റ്, മെയിന്റനന്‍സ് - ഇംപോര്‍ട്ട് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡ്രോണ്‍ പറത്താന്‍ വേണമെന്ന നിബന്ധനയാണ് പുതിയ ചട്ടത്തില്‍ ഒഴിവാക്കിയത്.
പകരം ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ വരും. ഡ്രോണ്‍ പറത്താനുള്ള ഫീയും വെട്ടിക്കുറച്ചു.
ഡ്രോണുകളുടെ ശേഷി 300 കിലോഗ്രാമില്‍ നിന്ന് 500 കിലോഗ്രാമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഡ്രോണ്‍ ടാക്‌സികള്‍ക്ക് കൂടുതല്‍ ഭാരം വഹിക്കേണ്ടിവരുന്നതിനാലാണിത്.
ഡ്രോണ്‍ പറത്താനുള്ള റിമോട്ട് പൈലറ്റ് ലൈസന്‍സ് ഫീ 3,000 രൂപയില്‍ നിന്ന് 100 രൂപയായി എല്ലാതരം ഡ്രോണുകള്‍ക്കും കുറച്ചിട്ടുണ്ട്.
നേരത്തെ വലിയ ഡ്രോണുകള്‍ക്ക് 3,000 രൂപയായിരുന്നു ഫീ. ജൂലൈ 15 നാണ് പുതിയ ഡ്രോണ്‍ ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്രം അറിയിച്ചത്.
രാജ്യത്ത് ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ചട്ടത്തില്‍ ഇളവ് വരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."