എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം നാളെ മുതല്‍
കോട്ടയം: ഇരുപതാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എഐവൈഎഫ് കോട്ടയം ജില്ലാ സമ്മേളനം 28 മുതല്‍ 31 വരെ ഏറ്റുമാനൂരില്‍ നടക്കും. തൊഴില്‍ ജന്മാവകാശമായി പ്രഖ്യാപിച്ച് കരാറടിസ്ഥാനത്തിലുള്ള പൊതുമേഖലയിലെ തൊഴില്‍ നിയമനത്തിനും സ്വകാര്യമേഖലയില്‍ തൊഴില്‍ സ്ഥിരതയും സംവരണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭണങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും.
ഒപ്പം മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും തകര്‍ക്കുന്ന വിധത്തില്‍ യുവാക്കള്‍ക്കിടയില്‍ ജാതി-മത തീവ്രവാദ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നയങ്ങള്‍ക്കും കര്‍മ്മപരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കും.
28ന് വൈകുന്നേരം നാലിന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ വി എസ് മനുലാല്‍ സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തും.തുടര്‍ന്ന് അഞ്ചിന് ബസ്റ്റാന്റ് മൈതാനത്ത് തയ്യാറാക്കിയിരിക്കുന്ന ഒഎന്‍വി കുറുപ്പ് നഗറില്‍ നടക്കുന്ന വര്‍ഗ്ഗീയ വിരുദ്ധ സമ്മേളനം ഗ്രന്ഥകാരനും പുരോഗമന സാഹിത്യകാരനുമായ എ പി അഹമ്മദ് ഉദ്ഘാടനം ചെയ്യും.
29ന് വൈകുന്നേരം 4ന് ഏറ്റുമാനൂര്‍ പട്ടിത്താനത്തുനിന്നും കാല്‍ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന യുവജന റാലി ആരംഭിക്കും.
റാലിക്ക് സമാപനം കുറിചച്ചുകൊണ്ട് ബസ്റ്റാന്റ് മൈതാനിയില്‍ തയ്യാറാക്കിയിരിക്കുന്ന രോഹിത് വെമൂല നഗറില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി പ്രസിഡന്റ് കെ ഐ കുഞ്ഞച്ചന്‍ അധ്യക്ഷനായിരിക്കും.
30ന് നന്ദാവനം ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയിരിക്കുന്ന വി കെ സജിനഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 10 മണ്ഡലം കമ്മറ്റികളില്‍ നിന്നായി തെരഞ്ഞെടുത്ത 200 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഗ്രൂപ്പ് ചര്‍ച്ചകളും പൊതു ചര്‍ച്ചകളും ചര്‍ച്ചകള്‍ക്കുള്ള മറുപടിയും വിവിധ വിഷയങ്ങളില്‍ പ്രമേയവും അംഗീകരിച്ച് 31ന് തെരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ വി എസ് മനുലാല്‍, പി പ്രദീപ്, പ്രശാന്ത് രാജന്‍, കെ ഐ കുഞ്ഞച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."