സെക്രട്ടേറിയല്‍ പ്രാക്ടീസ് പ്രവേശനം എങ്ങനെ
ഉന്നതപഠനത്തിനുള്ള അര്‍ഹതയോടെ പത്താം ക്ലാസ് ജയിച്ചവര്‍ക്ക് ചേരാന്‍ കഴിയുന്ന കോഴ്‌സാണ് കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 17 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് പ്രോഗ്രാം.
പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധിയില്ല. പത്താം ക്ലാസ് വിഷയങ്ങളുടെ ഗ്രേഡ് പോയന്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
രണ്ടുവര്‍ഷം (നാലു സെമസ്റ്റര്‍) ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍, സെക്രട്ടേറിയല്‍ പ്രാക്ടീസ്, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, ഇംഗ്ലിഷ് കമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങള്‍ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണുള്ളത്. വേര്‍ഡ് പ്രോസസിങ് (ഇംഗ്ലിഷ് ആന്‍ഡ് മലയാളം), ടാലി, ഡേറ്റ എന്‍ട്രി, ഫോട്ടോഷോപ്പ്, ഡി.ടി.പി. (ഇംഗ്ലിഷ് ആന്‍ഡ് മലയാളം), ടൈപ്‌റൈറ്റിങ്, ഷോര്‍ട്ട് ഹാന്‍ഡ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ആന്‍ഡ് പഴ്‌സണാലിറ്റി ഡെവലപ്മന്റ്, ബിസിനസ് കമ്മ്യൂണിക്കേഷന്‍ എന്നിവയും പഠിക്കുന്നു.
ഈ പ്രോഗ്രാമിലെ ഇംഗ്ലിഷ് ഷോര്‍ട്ട് ഹാന്‍ഡും ഇംഗ്ലിഷ് ടൈപ്‌റൈറ്റിങും ഹയര്‍ ഗ്രേഡിനും മലയാളം ഷോര്‍ട്ട് ഹാന്‍ഡും മലയാളം ടൈപ്‌റൈറ്റിങ്ങും ലോവര്‍ ഗ്രേഡിനും ഇംഗ്ലിഷ് വേര്‍ഡ് പ്രോസസിങ് ഹയര്‍ ഗ്രേഡിനും തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്. പ്രോഗ്രാം ലഭ്യമായ കേന്ദ്രങ്ങളുടെ പട്ടിക sitttrkerala.ac.inലുള്ള 202021ലെ പ്രോസ്പക്ടസില്‍ ലഭിക്കും.
ദൈനംദിന ഓഫിസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനാല്‍ ഓഫിസിലെ ക്ലറിക്കല്‍ തലത്തിലുള്ള ജോലി അവസരങ്ങള്‍ ലഭിക്കാനാണ് കൂടുതല്‍ സാധ്യത. സര്‍ക്കാര്‍/സ്വകാര്യ മേഖലകളില്‍ അവസരം ലഭിക്കാം. ക്ലര്‍ക്ക്, പഴ്‌സണല്‍ സെക്രട്ടറി, പഴ്‌സണല്‍ അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ്, ഡസ്‌ക് മാനേജര്‍, റിസപ്ഷനിസ്റ്റ് തുടങ്ങിയ അവസരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ പ്രോഗ്രാം യോഗ്യതവച്ച് അപേക്ഷ വിളിച്ചിട്ടുള്ള രണ്ട് തസ്തികകള്‍: അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കേരള പി.എസ്.സി. വഴി), ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റ് (നോര്‍ത്ത് ഈസ്റ്റേണ്‍ സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍, മേഘാലയ).
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് നിശ്ചിത ടൈപ്പിങ് സ്പീഡ് ഉള്ള പ്ലസ്ടുക്കാരെ സെന്‍ട്രല്‍ സോള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുക്കുന്നുണ്ട്.
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ 12ാം ക്ലാസ് യോഗ്യതയായിവച്ചിട്ടുള്ള, കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കായി എഴുതാവുന്ന, കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലവല്‍ പരീക്ഷയുടെ മൂന്നാം ഘട്ടമായ സ്‌കില്‍ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റില്‍ ഈ പ്രോഗ്രാമില്‍ ലഭിക്കുന്ന പരിശീലനം സഹായകരമായിരിക്കും.
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി തസ്തികയുടെ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാന്‍ 12ാം ക്ലാസ് യോഗ്യതയും സ്റ്റെനോഗ്രഫി നൈപുണ്യവും വേണം. 12ാം ക്ലാസ് പരീക്ഷ ജയിച്ചശേഷം ഈ ഡിപ്ലോമയ്ക്കു പഠിച്ച് ജയിച്ചാല്‍, ഈ രണ്ട് അവസരങ്ങളും നിങ്ങള്‍ക്കുണ്ട്.
ഓഫിസുകളില്‍ ഈ മേഖലയില്‍ മികവുള്ളവരുടെ ആവശ്യമുള്ളതിനാല്‍ അവസരങ്ങള്‍ ലഭിക്കാന്‍ വളരെയധികം സാധ്യതയുണ്ട്. വിജ്ഞാപനങ്ങള്‍ ശ്രദ്ധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."