വനം വകുപ്പ് വാച്ച് ടവറില്‍ ആള്‍മാറാട്ടം നടത്തി താമസിച്ച സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍
പുല്‍പ്പള്ളി: പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വാച്ച് ടവറില്‍ താമസിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മുങ്ങിയ നാലംഗ സംഘത്തില്‍ രണ്ട് പേരെ പിടികൂടി. തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ദീപക് പി.ചന്ദ്, എം.ഗിരീഷ് എന്നിവരെ പിടികൂടാനായില്ല. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ നല്‍കിയ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു.
ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറില്‍ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് പ്രതികള്‍ കബളിപ്പിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തട്ടിപ്പ് സംഘമാണിതെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥര്‍ തന്നെ പൊലിസിനെ നേരിട്ട് വിവരമറിയിച്ചു. എന്നാല്‍ പ്രതികള്‍ ഈ സമയം വയനാട് ജില്ല കടന്നിരുന്നു. കുപ്പാടിയിലെ റിസോര്‍ട്ടില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ബത്തേരി പൊലിസ് താക്കീത് നല്‍കി വിട്ടയച്ചവരാണ് നാല് പേരും. ഇവര്‍ എന്തിനാണ് വനമേഖലയില്‍ എത്തിയതെന്നും കണ്ടത്തേണ്ടതുണ്ട്. കേരളത്തിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും പ്രതികളുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."