തൃശൂര്‍ കോര്‍പ്പറേഷനില്‍ മാസ്റ്റര്‍ പ്ലാനിനെ ചൊല്ലി ബഹളം; മേയര്‍ക്ക് നേരെ കയ്യേറ്റ ശ്രമം
തൃശൂര്‍: മാസ്റ്റര്‍ പ്ലാനിനെ ചൊല്ലി തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. പ്രതിപക്ഷ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചു. പ്രതിപക്ഷം അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളം വെച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്.
മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കിയാല്‍ തൃശ്ശൂരിന്റെ പൈതൃകം നഷ്ടമാകുമെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വാദം. മേയര്‍ എം കെ വര്‍ഗീസിനെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തടഞ്ഞുവച്ചു.
മേയറെ കൈയ്യേറ്റം ചെയ്യാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ ഇത് തടയാന്‍ ഭരണപക്ഷ അംഗങ്ങള്‍ എത്തിയതോടെയാണ് സംഘര്‍ഷം നടന്നത്. ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ പലര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഒരു അഴിമതിയും മാസ്റ്റര്‍പ്ലാനിലില്ല. പ്രതിപക്ഷം ചര്‍ച്ചയ്ക്ക് വരുന്നില്ല. പൈതൃകം തകര്‍ക്കാന്‍ ലക്ഷ്യമിട്ടല്ല നടപടി. പ്രതിപക്ഷം ജനാധിപത്യവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷ തേടുമെന്നും മേയര്‍ വ്യക്തമാക്കി.
മേയറെ കൈയ്യേറ്റം ചെയ്യുകയോ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് വാദിച്ചു. മേയര്‍ ജനാധിപത്യ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും അവര്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള ഭരണപക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് എതിരെ പ്രതിപക്ഷം രാപ്പകല്‍ സമരം പ്രഖ്യാപിച്ചു. നാളെ ഉച്ചവരെ കൗണ്‍സില്‍ ഹാളില്‍ കുത്തിയിരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."