കൊവിഡ് പ്രതിരോധം: ആരാണ് അട്ടിമറിക്കുന്നത്?
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവിദഗ്ധര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് വേണം മനസിലാക്കാന്‍. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാനായി നിയോഗിച്ച വിദഗ്ധസമിതിക്ക് ഈ വിഷയത്തില്‍ ശരിയായ ഒരു ദിശാബോധം ഇതുവരെ ഉണ്ടായിട്ടില്ല. വിദഗ്ധരുടെ ഉപദേശപ്രകാരമാണ് സര്‍ക്കാര്‍ ഓരോ നീക്കവും നടത്തുന്നത്. എന്നാല്‍ അതൊന്നും ഫലപ്രദമാകുന്നില്ലെന്നതാണ് അനുഭവം. ഇപ്പോഴും കൊവിഡ് വ്യാപനത്തില്‍ ഇതര സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം മുമ്പോട്ട് തന്നെ കുതിക്കുകയാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ തീരുമാനിക്കുമ്പോഴും നാം ഇപ്പോഴും അടച്ചുപൂട്ടിയിരിപ്പാണ്. വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും രണ്ട് മീറ്റര്‍ അകലം പാലിക്കുന്നത് ജനങ്ങള്‍ അവസാനിപ്പിച്ചത് പോലെയാണ്. മാസ്‌ക് ശരിയാംവണ്ണം ധരിക്കുന്നതും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുന്നതും ഇല്ലാതായിരിക്കുന്നു. ഷോപ്പുടമകള്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ റിബണ്‍ കെട്ടി നിയന്ത്രിക്കുന്നതും കടകള്‍ക്ക് മുമ്പില്‍ സാനിറ്റൈസര്‍ വയ്ക്കുന്നതും അവസാനിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് രോഗവ്യാപനം കൂട്ടാന്‍ ഉതകുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ വിദഗ്ധര്‍ ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ അവസാനത്തേതായിരുന്നു ഹോം ക്വാറന്റൈന്‍. ചെറിയ ലക്ഷണം കാണിക്കുന്നവര്‍ വീടുകളില്‍ തന്നെ കഴിഞ്ഞാല്‍ മതിയാകുമെന്നും ആശുപത്രികളില്‍ കഴിയേണ്ടതില്ലെന്നുമുള്ള പരീക്ഷണം വിദഗ്ധരുടേതാണ്. ആ പരീക്ഷണമാണിപ്പോള്‍ പാളിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തില്‍ 35 ശതമാനവും സംഭവിക്കുന്നത് വീടുകളിലെ ക്വാറന്റൈന്‍ വഴിയാണെന്നാണ് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഹോം ക്വാറന്റൈന്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. രോഗലക്ഷണമുള്ളവര്‍ വീടുകളിലെ മുറിയില്‍ തനിച്ചു കഴിയുന്നുണ്ടെങ്കിലും പലപ്പോഴും അവര്‍ അവിടെയുള്ള മറ്റംഗങ്ങളുമായി ഇടപഴകും. ഇതു കാരണം വീട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ ബാക്കി അംഗങ്ങള്‍ക്കെല്ലാം രോഗം പകരും.
ഇത്തരമൊരു പരീക്ഷണം നടത്തും മുമ്പ് ഉണ്ടാകാന്‍ സാധ്യതയുള്ള പാളിച്ചകള്‍ വിദഗ്ധര്‍ കാണാതെ പോയി. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുള്ളവര്‍ മാത്രം അതു പാലിച്ചാല്‍ മതിയെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ആശുപത്രികളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ മടിച്ച്, സൗകര്യമില്ലാഞ്ഞിട്ടും പലരും വീടുകളില്‍ തന്നെ കഴിഞ്ഞു. ഇതു രോഗവ്യാപനം കൂടാന്‍ കാരണമായി. ഹോം ക്വാറന്റൈന്‍ എന്ന് വിദഗ്ധര്‍ സര്‍ക്കാരിനെ ഉപദേശിക്കും മുമ്പ് സംഭവിക്കാന്‍ സാധ്യതയുള്ള ഇത്തരം വീഴ്ചകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടായിരുന്നു. ആളുകളിലും സ്ഥാപനങ്ങളിലും കൊവിഡിനെതിരേയുള്ള ഗൗരവതരമായ സമീപനം ഇല്ലാതായതും കേരളത്തില്‍ മാത്രം ഇപ്പോഴും രോഗം പിടിവിടാതിരിക്കുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്.
സംസ്ഥാനത്ത് ഇന്നലെ വരെ കൊവിഡ് മരണം 20,000 കടന്നു. ഇന്ത്യയില്‍ നിലവില്‍ ഒരു ലക്ഷത്തിലേറെ രോഗികളുള്ള ഏക സംസ്ഥാനം കേരളമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പക്ഷം. കൊവിഡ് പരിശോധന, സമ്പര്‍ക്ക രോഗികളെ കണ്ടെത്തല്‍, ഹോം ക്വാറന്റൈന്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും കേരളം ഈ വിഷയങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞത്. വാക്‌സിന്‍ എടുത്തതിന് ശേഷവും രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിക്കുന്നതും കേരളത്തിലാണ്.
രണ്ടാം ഡോസ് വാക്‌സിന്റെ ഇടവേള ദീര്‍ഘിപ്പിച്ചതും രോഗ വ്യാപനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഡെല്‍റ്റ വകഭേദം വന്ന വൈറസ് ഭീഷണിയായി മുമ്പില്‍ നില്‍ക്കുമ്പോള്‍ രണ്ടാം ഡോസ് നീട്ടിക്കൊണ്ടുപോകുന്നത് ആശാസ്യമല്ല. എന്നാല്‍ ആവശ്യാനുസരണം വാക്‌സിന്‍ ലഭ്യമാകാത്തതാണ് രണ്ടാം ഡോസ് വൈകുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്. രാജ്യമാകെ കൊവിഡ് ചികിത്സയിലുള്ളത് 3.39 ലക്ഷം പേരാണെങ്കില്‍ അതില്‍ 1.81 ലക്ഷം രോഗികളും കേരളത്തില്‍ നിന്നുള്ളവരാണെന്നത് തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നതാണ്.
കേരളം ഇപ്പോള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന ചികിത്സാരീതിയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ശരിയായ മാതൃകയല്ലെങ്കില്‍ പിന്നെ ഏതാണ് പിന്തുടരേണ്ടതെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നാണ് 'ചിന്ത' വാരികയില്‍ മുഖ്യമന്ത്രി എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഏത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമല്ല. കേരളത്തില്‍ മാത്രം കൊവിഡ് വ്യാപനം സംഭവിക്കുന്നത് ആരുടെ അട്ടിമറിയാലാണ്? ജനവികാരം സര്‍ക്കാരിനെതിരാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ തന്നെയാണ് വീടുകളില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പും പറയുന്നത്. ആരോഗ്യ വകുപ്പാണോ സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നത്. രാജ്യത്തെ വന്‍ നഗരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നും ആ നിലക്ക് ഇവിടെ രോഗവ്യാപനം കൂടാനുള്ള സാധ്യത ഏറെയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദംശരിയാണ്. എന്നാന്‍ വന്‍ ജനസാന്ദ്രതയുള്ള നഗരങ്ങള്‍ രോഗവ്യാപനം തടയാന്‍ ഫലപ്രദമായ നടപടികള്‍ എടുക്കുമ്പോള്‍ നാം കൈകൊള്ളുന്ന പദ്ധതികളെല്ലാം പാളിപ്പോകുന്നു എന്നതാണ് വസ്തുത. മുഖ്യമന്ത്രിയെ ഉപദേശിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വിദഗ്ധര്‍ക്കാണ് പിഴവു സംഭവിക്കുന്നത്. അതല്ലാതെ സര്‍ക്കാര്‍ നടപടികള്‍ അട്ടിമറിക്കാന്‍ ഇവിടെ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളൊന്നും ആരും നടത്തുന്നില്ല. എത്രയും പെട്ടെന്ന് സംസ്ഥാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
കാര്യങ്ങളെ സര്‍ക്കാര്‍ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുകയും അതിനനുസൃതമായ പ്രതിരോധ - ചികിത്സാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. സംസ്ഥാനത്ത് നൂറ് ശതമാനം വാക്‌സിനേഷന്‍ നടത്താനാവശ്യമായ ഡോസ് ലഭ്യമാക്കാന്‍ പ്രതിപക്ഷ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. കൊവിഡാനന്തര ചികിത്സക്ക് എ.പി.എല്‍ വിഭാഗത്തില്‍ നിന്നു സര്‍ക്കാര്‍ ആശുപത്രികള്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം ജനദ്രോഹമാണ്. അത് എത്രയും പെട്ടെന്ന് നിര്‍ത്തലാക്കുകയും വേണം. പാളിച്ചകള്‍ പരിഹരിക്കാതെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നിരര്‍ഥകമായി വിളിച്ചു പറയുകയല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."