എന്‍.സി.പിയില്‍ ബി.ജെ.പി വിരുദ്ധ പോരാട്ട റിഹേഴ്‌സല്‍
വി അബ്ദുല്‍ മജീദ്
കേരളത്തിലെ എന്‍.സി.പി ഏറെ ചെറുതാണെങ്കിലും വളരെ കനപ്പെട്ട പല നേതാക്കളും കയറിയിറങ്ങിപ്പോകുന്നൊരു പാര്‍ട്ടിയാണ്. ഉഗ്രപ്രതാപിയായ സാക്ഷാല്‍ കെ. കരുണാകരനും മകന്‍ കെ. മുരളീധരനുമൊക്കെ അക്കൂട്ടത്തില്‍പെടും. അടുത്തകാലത്ത് കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തി ഉടന്‍ തന്നെ സംസ്ഥാന പ്രസിഡന്റായ പി.സി ചാക്കോയും കനത്തില്‍ ഒട്ടും കുറവുള്ള നേതാവല്ല. സ്വന്തമായി അണികള്‍ അധികമൊന്നും ഇല്ലാതിരുന്നിട്ടും കുറേക്കാലം കോണ്‍ഗ്രസിന്റെ ദേശ് കീ നേതാക്കളിലൊരാളായിരുന്നു ചാക്കോ. അന്തരിച്ച എ.സി ഷണ്മുഖദാസ്, ഇപ്പോള്‍ മന്ത്രിക്കസേരയിലിരിക്കുന്ന എ.കെ ശശീന്ദ്രന്‍ എന്നിവരും നേതാക്കളെന്ന നിലയില്‍ കനപ്പെട്ടവരാണ്.
കൊതിക്കെറുവു മൂലമാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി വിട്ട് എന്‍.സി.പിയില്‍ ചേരുന്നത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ വേണ്ടത്ര പരിഗണന കിട്ടാതെ വന്നപ്പോഴാണ് കരുണാകരനും മകനും പാര്‍ട്ടി വിട്ട് ഡി.ഐ.സി (കെ) എന്നൊരു പാര്‍ട്ടിയുണ്ടാക്കുകയും പിന്നീട് എന്‍.സി.പിയില്‍ ലയിക്കുകയും ചെയ്തത്. അക്കാലത്ത് കോണ്‍ഗ്രസിനെതിരേ പരമ്പരാഗത ശത്രുക്കള്‍ പറയുന്നതിനേക്കാള്‍ രൂക്ഷമായാണ് മുരളീധരന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. സോണിയ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ചു. കോണ്‍ഗ്രസിന് പ്രസക്തി നഷ്ടപ്പെട്ടെന്നും അന്നത്തെ പശ്ചിമബംഗാള്‍ പോലെ കേരളത്തിലും തുടര്‍ച്ചയായ ഇടതുഭരണം ഉണ്ടാകണമെന്നു വരെ പറഞ്ഞു. ഒടുവില്‍ കരുണാകരനും ഇത്തിരി വൈകി മുരളീധരനും കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് ബി.ജെ.പിയെ പ്രതിരോധിക്കാനാവില്ലെന്ന് പി.സി ചാക്കോയ്ക്കു തോന്നിയതും അദ്ദേഹം പാര്‍ട്ടി വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്നതും. ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ട് പിന്നീട് എന്‍.സി.പിയിലെത്തിയതും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ്. ഇവരൊക്കെ ഇനി എന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് കാത്തിരുന്നു കാണാം.
കോണ്‍ഗ്രസുകാര്‍ക്ക് കൊതിക്കെറുവുണ്ടാകുമ്പോള്‍ പാര്‍ട്ടി വിട്ട് ചേക്കേറാനും പിന്നീട് മനംമാറ്റമുണ്ടാകുമ്പോള്‍ തിരിച്ചുപോകാനുമുള്ള ഒരു ഇടത്താവളമാണ് എന്‍.സി.പി. ഇതുപോലെ കോണ്‍ഗ്രസ് വിട്ടുപോയ ശരത് പവാറടക്കമുള്ള ദേശീയനേതാക്കളാണല്ലോ പാര്‍ട്ടി സ്ഥാപിച്ചത്. മാത്രമല്ല ഇതും ഒരു കോണ്‍ഗ്രസ് തന്നെയാണ്. ഒന്ന് നാഷനല്‍ കോണ്‍ഗ്രസാണെങ്കില്‍ മറ്റേത് നാഷനലിസ്റ്റ് കോണ്‍ഗ്രസ്. നേരിയ വ്യത്യാസം മാത്രം. അതുകൊണ്ട് കോണ്‍ഗ്രസുകാരുടെ എല്ലാ ശീലങ്ങളും എന്‍.സി.പിക്കാരിലും കാണും.
ആ ശീലങ്ങള്‍ തന്നെയാണ് ഇപ്പോള്‍ എന്‍.സി.പിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. വലിയ നേതൃപദവിയിലാണെങ്കിലും പാര്‍ട്ടിയില്‍ നവാഗതനായ പി.സി ചാക്കോ സ്വന്തം ആളുകളെ നേതൃപദവികളില്‍ കുടിയിരുത്തുന്നു എന്ന ആരോപണവുമായി ഒരുവിഭാഗം നേതാക്കള്‍ അദ്ദേഹത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. ചില ജില്ലാ പ്രസിഡന്റുമാരടക്കം പലരും രാജിക്കത്തു നല്‍കുകയോ രാജിവയ്ക്കാനൊരുങ്ങുകയോ ഒക്കെ ചെയ്യുന്നതായി കേള്‍ക്കുന്നു. വിമതരില്‍ പലരെയും ചാക്കോ സസ്‌പെന്‍ഡ് ചെയ്യുന്നതായും വാര്‍ത്തകള്‍ വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വലിയ കോണ്‍ഗ്രസില്‍ നടക്കുന്നതിനേക്കാള്‍ കടുപ്പമേറിയ കലാപം ഈ ചെറിയ കോണ്‍ഗ്രസില്‍ നടക്കുന്നു. ഇതൊക്കെ കണ്ട് വലിയ കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ അന്തംവിടുന്നുണ്ടാകും. കോണ്‍ഗ്രസില്‍ തങ്ങള്‍ക്കൊക്കെ ചെയ്യാനാവുന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ എന്‍.സി.പിയില്‍ ചാക്കോയ്ക്കു സാധിക്കുന്നതില്‍ അവര്‍ക്കിത്തിരി അസൂയയും കാണും.
പിന്നെ ഇക്കാര്യത്തില്‍ ആരും അവരെ കുറ്റപ്പെടുത്തേണ്ടതുമില്ല. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു സാധിക്കാത്തിനാല്‍ അതില്‍നിന്ന് വിട്ടുപോന്ന നേതാക്കള്‍ ചേര്‍ന്ന പാര്‍ട്ടിയാണല്ലോ എന്‍.സി.പി. അവര്‍ നടത്തുന്നത് സംഘ്പരിവാറിനെതിരായ പോരാട്ടത്തിനുള്ള അഭ്യാസമുറകളുടെ പരിശീലനവുമായിരിക്കാം. സംഘ്പരിവാറിനെ നേരിടാന്‍ ഇതുപോലുള്ള റിഹേഴ്‌സലുകള്‍ ആവശ്യമാണെന്ന് കേരളത്തില്‍ കറങ്ങിത്തിരിയുന്ന ഉമ്മന്‍ ചാണ്ടിയേക്കാളും രമേശ് ചെന്നിത്തലയേക്കാളും കെ. സുധാകരനേക്കാളുമൊക്കെ അറിയുന്നയാളാണല്ലോ ദീര്‍ഘകാലം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച ചാക്കോ.
കൈവശമുണ്ട്, കാപ്‌സ്യൂളുകള്‍
ഇപ്പോള്‍ കൊവിഡ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നമ്മുടെ സംസ്ഥാനത്തായത് സര്‍ക്കാരിന്റെ തകരാറുകൊണ്ടാണെന്നൊക്കെ ശത്രുക്കള്‍ പറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ സഖാക്കള്‍ അതൊന്നും കാര്യമാക്കേണ്ടതില്ല. അത്തരം കുപ്രചാരണങ്ങളെയൊക്കെ നേരിടാനുള്ള കാപ്‌സ്യൂളുകള്‍ കുറെയൊക്കെ നമ്മുടെ കൈവശമുണ്ട്. പോരാത്തതിന് കണ്ണൂരിലെ നമ്മുടെ കാപ്‌സ്യൂള്‍ ഫാക്ടറിയില്‍ കൂടുതല്‍ ഉത്പാദനം നടക്കുന്നുമുണ്ട്. ഫാക്ടറി സി.ഇ.ഒ ജയരാജന്‍ സഖാവ് അതിന് വിദഗ്ധമായിത്തന്നെ നേതൃത്വം നല്‍കുന്നുണ്ട്. തല്‍ക്കാലം കൈവശമുള്ള കാപ്‌സ്യൂളുകള്‍ തരാം. അതങ്ങ് പ്രയോഗിച്ചേക്കുക.
കേരളത്തില്‍ കൊവിഡ് പ്രതിരോധം പരാജയപ്പെട്ടെന്നു പറയുന്നവരോട് യു.പിയില്‍ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകിനടന്നില്ലേ എന്ന് ചോദിച്ചാല്‍ മതി. അവര്‍ക്ക് ഉത്തരം മുട്ടും. അവശ്യവസ്തുക്കളൊഴികെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് കുറേക്കാലം ആദ്യം ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലും പിന്നീട് ആഴ്ചയിലൊരിക്കലും മാത്രം തുറക്കാന്‍ അനുമതി നല്‍കിയതിനാല്‍ അവിടെ തിരക്കു കൂടുകയും അത് കൊവിഡ് വ്യാപനത്തിനു കാരണമാകുകയുമുണ്ടായെന്ന് പറയുന്നവര്‍ക്കുമുണ്ട് മറുപടി. അത്തരം കടകളില്‍ കുറച്ചുകാലം ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ കൊറോണ എത്തിയിരുന്നില്ല. പിന്നീട് അവിടങ്ങളില്‍ കൊറോണ അവധി വെള്ളിയാഴ്ച മാത്രമാക്കി. ഇതൊന്നും വ്യാപാരി വ്യവസായി ബൂര്‍ഷ്വാസികള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചതുകൊണ്ട് ആളുകള്‍ക്ക് ജോലിക്കു പോകാനാവാതെയും അതുകാരണം ജീവിക്കാനാവാതെയും വന്നു എന്ന ആരോപണവും ശരിയല്ല. ഈ സമയത്തൊക്കെ സര്‍ക്കാര്‍ അവര്‍ക്കു കിറ്റ് കൊടുത്തില്ലേ. 350 രൂപയുടെ കിറ്റും കുറച്ചു റേഷനരിയുമുണ്ടെങ്കില്‍ ഒരുമാസം സുഭിക്ഷമായി ജീവിക്കാനാകുമെന്ന് അങ്ങനെ നാട്ടുകാര്‍ പഠിച്ചില്ലേ. പരിമിതമായ വിഭവങ്ങള്‍കൊണ്ട് ഭംഗിയായി ജീവിക്കുകയെന്ന സോഷ്യലിസ്റ്റ് ജീവിതശൈലി നാട്ടുകാരെ പരിശീലിപ്പിക്കാന്‍ വേണ്ടിയായിരുന്നു അതെന്ന് ബൂര്‍ഷ്വാ മൂരാച്ചികള്‍ക്കു പറഞ്ഞാല്‍ മനസിലാവില്ലെന്ന് അതിനു മറുപടി നല്‍കണം.
പിന്നെ മറ്റു സംസ്ഥാനങ്ങളേക്കാളധികം കൊവിഡ് വ്യാപനം ഇവിടെയാണെന്ന് പറയുന്നവര്‍ക്കും ചുട്ട മറുപടി നല്‍കണം. മറ്റിടങ്ങളിലൊന്നും ഇതുപോലെ പരിശോധന നടക്കാത്തതുകൊണ്ടാണെന്ന് അവിടങ്ങളിലെ എണ്ണം പുറത്തുവരാത്തതെന്നു പറയണം. അതുപോലെ മരണക്കണക്കും അവര്‍ പുറത്തുവിടാത്തതുകൊണ്ടാണെന്നു പറയണം. കൊവിഡ് പ്രതിരോധത്തില്‍ കേരളം ഒന്നാം സ്ഥാനത്താണന്നാണല്ലോ നമ്മള്‍ എന്നും പറഞ്ഞുപോന്നിരുന്നത്. അതുപോലെ എണ്ണത്തിലും നമ്മള്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. രോഗവ്യാപനം ഒന്നാം സ്ഥാനത്താണെങ്കിലല്ലേ പ്രതിരോധത്തിലും ഒന്നാം സ്ഥാനത്തെത്താനാവുകയെന്ന് അവരോടു പറയണം. കൂടുതലെന്തെങ്കിലും അവര്‍ പറഞ്ഞാല്‍ കൊവിഡിനെപ്പറ്റി ഇനിയൊരക്ഷരം മിണ്ടിപ്പോകരുതെന്ന് പറയാനും മടിക്കേണ്ട.
ഈ കാപ്‌സ്യൂളുകളൊക്കെ നന്നായി പ്രയോഗിക്കാന്‍ നമ്മുടെ ന്യായീകരണത്തൊഴിലാളികളെ പരിശീലിപ്പിക്കണം. ബാക്കി കാപ്‌സ്യൂളുകള്‍ വരുന്ന മുറയ്ക്ക് പ്രയോഗിക്കാമെന്നും പറയണം. നമ്മള്‍ എന്തു പറഞ്ഞുകൊടുത്താലും അതെന്താണെന്നുപോലും ചിന്തിക്കാതെ ഏറ്റുപറയുന്ന ന്യായീകരണത്തൊഴിലാളികളാണല്ലോ നമ്മുടെ കരുത്ത്. ഒന്നോര്‍ത്താല്‍ അവര്‍ മഹാ ഭാഗ്യശാലികളല്ലേ. എന്തെങ്കിലുമൊക്കെ ചിന്തിച്ചു ബുദ്ധിമുട്ടേണ്ട ആവശ്യം അവര്‍ക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."