HOME
DETAILS
MAL
അപ്‌ഗ്രേഡിന് ശേഷം വീണ്ടും ന്യൂനപക്ഷപദവി സര്‍ട്ടിഫിക്കറ്റ് വേണ്ട: ഹൈക്കോടതി
backup
August 29 2021 | 03:08 AM
വിധി ആശ്വാസമാകുക നിരവധി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക്
കെ.പി ഖമറുല്‍ ഇസ്‌ലാം
കുറ്റിപ്പുറം (മലപ്പുറം): സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപ്‌ഗ്രേഡിന് ശേഷം വീണ്ടും ന്യൂനപക്ഷപദവി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന സര്‍ക്കാര്‍ വാദത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഹൈക്കോടതി വിധി സംസ്ഥാനത്തെ നിരവധി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകും. അഭിഭാഷകനായ ജോസ് എബ്രഹം മുഖേന കണ്ണൂര്‍ സയ്യിദ് അബ്ദുല്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ കേസിലാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയേറ്റത്. 2017ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പ്ലസ്‌വണ്‍ പ്രവേശനത്തിന് 20 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോടതി കയറിയത്. നിലവില്‍ സ്‌കൂളിന് ന്യൂനപക്ഷപദവിയുണ്ടെന്നും അതിനാല്‍ 20 ശതമാനം കമ്മ്യൂനിറ്റി ക്വാട്ട അനുവദിക്കണമെന്നുമായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍, അത് ഹൈസ്‌കൂളിന് മാത്രമാണെന്നും അപ്‌ഗ്രേഡിന് ശേഷവും ന്യൂനപക്ഷപദവി സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഒരിക്കല്‍ ന്യൂനപക്ഷ പദവി നേടിയ സ്ഥാപനങ്ങള്‍ അപ്‌ഗ്രേഡിന് ശേഷം വീണ്ടും ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ വാദം ജസ്റ്റിസ് അനുശിവരാമന്‍ തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവ് സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് ഏറെ അനുഗ്രഹമാകും. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുളള വിദ്യാലയങ്ങള്‍ അപ്‌ഗ്രേഡിന് ശേഷം ന്യൂനപക്ഷപദവി സര്‍ട്ടിഫിക്കറ്റിനായി കാത്തുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."