മൂന്ന് ജ്വല്ലറികളിലായി 50 കോടിയുടെ നിക്ഷേപ തട്ടിപ്പ്: ജ്വല്ലറി ഉടമ പൊലിസ് പിടിയില്‍
കുറ്റ്യാടി: ജ്വല്ലറിയില്‍ നിക്ഷേപത്തിന്റെ പേരില്‍ പണം വാങ്ങി ഇടപാടുകാരെ വഞ്ചിച്ചെന്ന പരാതിയില്‍ പൊലിസ് അന്വേഷിക്കുന്ന ജ്വല്ലറി ഉടമ പിടിയില്‍. കുറ്റ്യാടി, കല്ലാച്ചി, പയ്യോളി, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗോള്‍ഡ് പാലസ് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ കുളങ്ങരത്താഴ വടക്കെപറമ്പത്ത് വി.പി സബീര്‍ എന്ന സമീറി (32)നെയാണ് കുറ്റ്യാടി സി.ഐ ടി.പി ഹര്‍ഷാദ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി, നാദാപുരം, പയ്യോളി സ്റ്റേഷന്‍ പരിധികളിലുമായി നൂറു കണക്കിന് പരാതികളാണ് പൊലിസിന് ലഭിച്ചത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനിടെ ശനിയാഴ്ച്ച അര്‍ധ രാത്രിയോടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഏകദേശം നാലു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ ജ്വല്ലറിയില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കി പണമായും സ്വര്‍ണമായുമാണ് നിക്ഷേപം സ്വീകരിച്ചത്. ഇതിനു പുറമെ മാസവരിയായും പണം സ്വീകരിച്ചിട്ടണ്ട്. ഇങ്ങനെയിരിക്കെ ഒരാഴ്ച്ച മുന്‍പ് പ്രതി പൊടുന്നനെ അപ്രത്യക്ഷമായതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ് നിക്ഷേപകര്‍ കൂട്ടത്തോടെ മൂന്ന് ജ്വല്ലറികളിലും തങ്ങളുടെ പണവും സ്വര്‍ണവും തിരികെ ആവശ്യപ്പെട്ടെത്തിയതോടെ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മൂന്ന് കടകളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
പത്ത് പവന്‍ മുതല്‍ ഒരു കിലോ വരെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും നിക്ഷേപം നടത്തിയവയില്‍ പെടും. കൂടാതെ വിവാഹം മുന്‍നിര്‍ത്തി നേരത്തെ പണം നിക്ഷേപിച്ച് സ്വര്‍ണമെടുക്കാന്‍ കാത്തിരിക്കുന്നവരും ഉണ്ട്. സംഭവത്തില്‍ മൂന്ന് സ്റ്റേഷന്‍ പരിധികളില്‍ പരാതി പ്രളയമാണ്. സ്ത്രീകളാണ് ഏറെയും പരാതിയുമായെത്തുന്നത്. കുറ്റ്യാടി സ്റ്റേഷനില്‍ ഇന്നലെവരെ മാത്രം 87 പരാതികളാണ് ലഭിച്ചതെന്ന് പൊലിസ് പറഞ്ഞു. മൂന്ന് ജ്വല്ലറികളിലുമായി 50 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലിസ് നിഗമനം. മൂന്ന് സ്‌റ്റേഷന്‍ പരിധികള്‍ ഉള്‍പ്പെട്ടതിനാല്‍ ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ എസ്.പിക്കാണ് അന്വേഷണച്ചുമതല. അതേസമയം പണവും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടില്ലെന്നും നിക്ഷേപകര്‍ക്ക് തിരിച്ചു കൊടുക്കുമെന്നും പ്രതി മൊഴി നല്‍കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."