സഊദി കിരീടവകാശിയുടെ ഇന്ത്യൻ സന്ദർശനം റദ്ദ് ചെയ്‌തു
റിയാദ്: സഊദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യൻ സന്ദർശനം താത്കാലികമായി മാറ്റി വെച്ചു. ഇന്ത്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച ഡൽഹിയിൽ സന്ദർശനം നടത്തേണ്ടതായിരുന്നു. എന്നാൽ, ഇരുവശത്തുമുള്ള “ഷെഡ്യൂളിംഗ് പ്രശ്‌നങ്ങൾ” കാരണം ഇന്ന് നടത്താനിരുന്ന ഡൽഹി സന്ദർശനം റദ്ദാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. സന്ദർശനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സഊദി രാജകുമാരനെ പ്രധാനമത്രി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര ക്ഷണം സഊദി കിരീടാവകാശിക്ക് നൽകിയിരുന്നു.
തിങ്കളാഴ്‌ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കുള്ള യാത്രക്കിടെ മണിക്കൂറുകൾ മാത്രം നീളുന്ന സന്ദർശനത്തിനായി ഇന്ത്യയിൽ ഇറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മോഡിയും ഉച്ചകോടിക്കിടെ ബാലിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സഊദി രാജകുമാരൻ സമീപഭാവിയിൽ ഡൽഹി സന്ദർശനം പുനഃക്രമീകരിക്കുമെന്നും റദ്ദാക്കൽ സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പാകിസ്ഥാൻ സന്ദർശനവും മാറ്റിവെച്ചിട്ടുണ്ട്. ഇക്കാര്യം പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് ശനിയാഴ്ച സ്ഥിരീകരിച്ചു.അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."