കല്‍ക്കരി ക്ഷാമം; കോളടിച്ചത് കേരളത്തിന് താപനിലയങ്ങള്‍ പ്രതിസന്ധിയിലായതോടെ ജലവൈദ്യുതിക്ക് ഡിമാന്റ് ഇന്നലെ വിറ്റത് 13.54 കോടിയുടെ വൈദ്യുതി
ബാസിത് ഹസന്‍
തൊടുപുഴ: കല്‍ക്കരി ക്ഷാമം മൂലം പല താപവൈദ്യുതി നിലയങ്ങളും പ്രതിസന്ധി നേരിടുന്നതിനാല്‍ ജലവൈദ്യുതിക്ക് ഡിമാന്റേറി. 1.41 കോടി യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പവര്‍ എക്‌സ്‌ചേഞ്ച് വഴി കേരളം വിറ്റത്. ഇത് റെക്കോര്‍ഡാണ്. ഡിമാന്റ് ഉയര്‍ന്നതിനാല്‍ യൂനിറ്റിന് 9.6 രൂപ വില ലഭിച്ചപ്പോള്‍ കേരളം ഒറ്റ ദിവസം നേടിയത് 13.54 കോടി രൂപ. കഴിഞ്ഞ 27 ന് യൂനിറ്റിന് 12.28 രൂപവരെ വില ലഭിച്ചിരുന്നു. 2600 മെഗാവാട്ട് വീതം ശേഷിയുള്ള തെലങ്കാനയിലെ രാമഗുണ്ഡം, ഛത്തീസ്ണ്ഡിലെ കോര്‍ബ, 1320 മെഗാവാട്ട് ശേഷിയുള്ള മഹാരാഷ്ട്രയിലെ സോലാപുര്‍ എന്നീ പ്രധാന താപവൈദ്യുതി നിലയങ്ങളിലടക്കം കല്‍ക്കരിക്ഷാമം മൂലം ഉത്പാദനം കുറച്ചിരിക്കുകയാണ്. ഇതാണ് കേരളത്തിന് നേട്ടമായത്.
ഇതിനിടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുത്തനെ ഉയര്‍ത്തി. അതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ വൈദ്യുതി വില്‍ക്കാനാകുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. 39.7383 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉത്പാദനം. 28.4318 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂളില്‍ നിന്നും ദീര്‍ഘകാല കരാര്‍ പ്രകാരവും എത്തിച്ചു. 68.1641 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ ഉപഭോഗം.
ഇടുക്കി പദ്ധതിയിലാണ് ഇന്നലെ കൂടുതല്‍ ഉത്പാദനം നടന്നത്, 12.856 ദശലക്ഷം യൂനിറ്റ്. മറ്റ് പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉത്പാദനം ഇങ്ങനെയാണ്. ശബരിഗിരി 6.795, കുറ്റ്യാടി 4.1665, ഇടമലയാര്‍ 1.435, ലോവര്‍ പെരിയാര്‍ 3.316, നേര്യമംഗലം 1.7982, ഷോളയാര്‍ 1.0325, പള്ളിവാസല്‍ 0.4461, പന്നിയാര്‍ 0.7214, ചെങ്കുളം 0.5808, പെരിങ്ങല്‍കുത്ത് 1.227, കക്കാട് 0.9136, കല്ലട 0.1541, മലങ്കര 0.069 ദശലക്ഷം യൂനിറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."