സഞ്ചാരികള്‍ക്ക് പൂര്‍ണ സുരക്ഷ ടൂറിസം സീസണിനായി കോവളം ഒരുങ്ങുന്നു
തിരുവനന്തപുരം: പുതിയ ടൂറിസം സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ സുരക്ഷാകാര്യങ്ങളിലുള്‍പ്പെടെ പുതിയ സംവിധാനങ്ങളൊരുക്കി സഞ്ചാരികളെ വരവേല്‍ക്കാന്‍ കോവളം ഒരുങ്ങുന്നു.
തീരം സീസണ്‍ തിരക്കിലാവുമ്പോള്‍ സഞ്ചാരികള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ടൂറിസം അധികൃതര്‍ തീരുമാനിച്ചു. തീരത്തെ എല്ലാ വിധ സുരക്ഷാക്രമീകരണങ്ങളുടെയും ചുമതലയ്ക്കായി ഡെസ്റ്റിനേഷന്‍ മാനേജര്‍ എന്ന പുതിയ പദവി ഏര്‍പ്പെടുത്തും. മുന്‍പ് പല തലങ്ങളില്‍ കൈകാര്യം ചെയ്തിരുന്ന സുരക്ഷാക്രമീകരണങ്ങള്‍ ഇനി ഡെസ്റ്റിനേഷന്‍ മാനേജരുടെ കീഴിലാകും. ദൈനംദിന സുരക്ഷാനടപടികളുടെ ഉത്തരവാദിത്തവും ഡെസ്റ്റിനേഷന്‍ മാനേജര്‍ക്കായിരിക്കും. കോവളം തീരമാകെ 24 മണിക്കൂറും സി.സി.ടി.വി നിയന്ത്രണത്തില്‍ കൊണ്ടുവരും. ഇതു സഞ്ചാരികള്‍ക്ക് പൂര്‍ണമായും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തും.
ടൂറിസം സീസണിനു മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ സ്ഥലമേറ്റെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി കേരള ടൂറിസം വിളിച്ചുകൂട്ടിയ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ കോവളത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒട്ടേറെ നടപടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവളം തീരത്ത് വെളിച്ചം ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. എടക്കല്‍ പാറക്കൂട്ടം പോലെ സഞ്ചാരികള്‍ക്കു പ്രിയങ്കരങ്ങളായ സ്ഥലങ്ങളില്‍ തീര സൗന്ദര്യത്തിനു മങ്ങലേല്‍പ്പിക്കാതെ തന്നെ സുരക്ഷാവേലികളും നിര്‍മിക്കും.
ബഹുമുഖ വികസന പദ്ധതികള്‍ക്കായി എട്ടേക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ യു.വി. ജോസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരിക്കും ഇതെന്നും ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി. കുടിവെള്ളം, മാലിന്യ സംസ്‌കരണം, വാഹന പാര്‍ക്കിങ്, സഞ്ചാരികളുടെ സുരക്ഷ എന്നീ പ്രശ്‌നങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തു. കോവളത്ത് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുമെന്നും ഇപ്പോള്‍ നടക്കുന്ന എല്ലാ പദ്ധതികളും ടൂറിസം സീസണിനു മുന്‍പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു.
കോവളത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കാനായി ജല അതോറിറ്റിയുടെ വെള്ളായണി ശുദ്ധീകരണ പ്ലാന്റില്‍നിന്ന് കുടിവെള്ളമെത്തിക്കും. ഇതിനാവശ്യമായ കുടിവെള്ള പൈപ്പ് ലൈനുകളും സ്ഥാപിക്കും. സീസണ്‍ തുടങ്ങുന്ന നവംബര്‍ ആദ്യവാരം തന്നെ ശുദ്ധജല ലഭ്യതയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും ഡയറക്ടര്‍ ഉറപ്പുനല്‍കി. കോവളത്തിന്റെ സ്വാഭാവിക പ്രകൃതിഭംഗി നിലനിര്‍ത്താന്‍ കൂട്ടായ പ്രവര്‍ത്തനമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവളത്തെ മാലിന്യമുക്തമാക്കാനുള്ള ചുമതല ഒരു മാലിന്യസംസ്‌കരണ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ട്.
പക്ഷേ കോവളം സംരക്ഷണ സമിതിയും കേരള ഹോട്ടല്‍ ആന്‍ഡ് റ,സ്റ്റോറന്റ് അസോസിയേഷനും മുന്‍കൈയെടുത്ത് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. കോവളത്തു നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. എം.വിന്‍സന്റ് എം.എല്‍.എ, ടൂറിസം ഡയറക്ടര്‍ യു.വി. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കോവളം സംരക്ഷണ സമിതി, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, കേരളാ ടൂറിസം വികസന കോര്‍പറേഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. കോവളം തീരത്തെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്ന നടപടികള്‍ വേണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."