ഐ.എസ്.എല്‍ മൂന്നാം സീസണ്‍ ഒക്ടോബര്‍ ഒന്നിന് പന്തുരുളും
ആലപ്പുഴ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ (ഐ.എസ്.എല്‍) മൂന്നാം പതിപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നിന് തുടങ്ങി ഡിസംബര്‍ 18 ന് ഐ.എസ്.എല്‍ മൂന്നാം സീസണ്‍ സമാപിക്കും. പ്രമോട്ടര്‍മാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡാണ് മത്സരപട്ടിക പുറത്തിറക്കിയത്. ആദ്യ മത്സരത്തില്‍ വടക്കുകിഴക്കിന്റെ പ്രതിനിധികളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഏറ്റുമുട്ടുന്നതോടെയാണ് മൂന്നാം സീസണ് തുടക്കമാവുന്നത്. ഒക്ടോബര്‍ ഒന്നിന് അസമിലെ ഗുവാഹത്തി സരൂസജോയി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. രാജ്യത്തെ എട്ടു നഗരങ്ങളിലായി 79 ദിവസം നീണ്ടു നില്‍ക്കുന്ന സൂപ്പര്‍ ഫുട്‌ബോള്‍ പോരില്‍ 61 മത്സരങ്ങളാണ് അരങ്ങേറുന്നത്. ഡിസംബര്‍ നാലിന് കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള പോരാട്ടത്തിലൂടെ പ്രാഥമിക റൗണ്ടിലെ പോരാട്ടങ്ങള്‍ സമാപിക്കും.
ഡിസംബര്‍ 10, 11 തിയതികളില്‍ ആദ്യ പാദ സെമിഫൈനല്‍ നടക്കും. രണ്ടാം പാദ സെമി പോരാട്ടം 13, 14 തിയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിസംബര്‍ 18 നാണ് ഫൈനല്‍. കലാശപ്പോരിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ല. രാത്രി ഏഴിനാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബര്‍ അഞ്ചിനാണ്. ആദ്യ പതിപ്പിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി കൊച്ചിയില്‍ കൊമ്പന്‍മാര്‍ ഏറ്റുമുട്ടും. മത്സരക്രമം പ്രഖ്യാപിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. 2017 ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ വേദികളില്‍ ഒന്നായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെയും തിരഞ്ഞെടുത്തിട്ടുണ്ട്. ലോകകപ്പിനായി സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഒക്ടോബര്‍ അഞ്ചിന് മുന്‍പായി മൈതാനത്ത് പുല്ല് വെച്ചു പിടിപ്പിക്കുന്നത് അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പില്ല. നവീകരണം നീണ്ടു പോയാല്‍ ഒക്ടോബര്‍ അവസാന വാരത്തിലേക്കോ നവംബര്‍ ആദ്യ വാരത്തിലേക്കോ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ നീട്ടേണ്ടി വരും.
തിരുവനന്തപും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കണമെന്ന വാദം ഉയര്‍ന്നെങ്കിലും കളികാണാന്‍ ആളെത്തില്ലെന്നതാണ് കൊച്ചിയില്‍ തന്നെ ഹോം ഗ്രൗണ്ട് ആക്കാന്‍ ബ്ലാസ്റ്റേഴ്‌സിനെ പ്രേരിപ്പിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയുടെ ആദ്യ എതിരാളികള്‍ ഐ.എസ്.എല്ലിലെ പ്രഥമ ചാംപ്യന്മാരായിരുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ്. കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ രണ്ടിനാണ് പോരാട്ടം. ഒക്ടോബര്‍ മൂന്നിന് മഹാരാഷ്ട്ര ഡര്‍ബി അരങ്ങേറും . പൂനെയിലെ ബാലേവാഡി സ്റ്റേഡിയത്തില്‍ എഫ്.സി പൂനെ സിറ്റിയും മുംബൈ സിറ്റി എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും.
നിലവിലെ റണ്ണേഴ്‌സ് അപ്പായ എഫ്.സി ഗോവയുടെ ആദ്യ മത്സരം ഒക്ടോബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഗുവാഹത്തിയിലാണ്. ചെന്നൈയിന്‍ എഫ്.സിയുടെ ആദ്യ ഹോം മത്സരം ഡല്‍ഹി ഡൈനാമോസിനെതിരേ ഒക്ടോബര്‍ ആറിന് നടക്കും. ഒക്ടോബര്‍ 9 ന് ഡല്‍ഹി ഡൈനാമോസ്, 14 ന് മുംബൈ എഫ്.സി, നവംബര്‍ 8 ന് എഫ്.സി ഗോവ, 12 ന് ചെന്നൈയിന്‍ എഫ്.സി, 25 ന് എഫ്.സി പൂനെ സിറ്റി, ഡിസംബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടീമുകളുമായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ പ്രഖ്യാപിച്ച മത്സരക്രമം അനുസരിച്ച് ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."