സ്വര്‍ണനിധി വില്‍ക്കാമെന്നു പറഞ്ഞ് തട്ടിപ്പ്: മൂന്ന് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍
തൃശൂര്‍: വീടു പണിയാന്‍ പറമ്പു കുഴിച്ചപ്പോള്‍ സ്വര്‍ണനിധി കിട്ടിയെന്നും അത് രഹസ്യമായി വില്‍ക്കാമെന്നും പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഇതരസംസ്ഥാനക്കാരെ തൃശൂര്‍ സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് ശാന്തിനഗര്‍ സ്വദേശി ശങ്കര്‍ (34), ടക്ക നഗര്‍ സ്വദേശി രാജു (30), മൈസൂര്‍ മാണ്ഡ്യ നഗര്‍ സ്വദേശി ഗിരിപ്പട്ട വിനോദ് (35) എന്നിവരെയാണ് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് പിടികൂടിയത്.
നിധി കിട്ടിയതെന്നു പറഞ്ഞ് വിശ്വസിപ്പിക്കാനുപയോഗിക്കുന്ന രണ്ടു കിലോഗ്രാം തൂക്കമുള്ള വ്യാജ സ്വര്‍ണമാല ഇവരില്‍നിന്ന് കണ്ടെടുത്തു. തങ്ങള്‍ക്ക് വലിയ നിധിശേഖരം ലഭിച്ചെന്നും നാട്ടില്‍ വില്‍പ്പനയ്ക്ക് കഴിയാത്തതിനാല്‍ ഇവിടെ വില്‍ക്കാന്‍ സഹായിക്കണമെന്നും മതിയായ ലാഭം നല്‍കാമെന്നും പറഞ്ഞാണ് തട്ടിപ്പ്.
ഇര വലയില്‍ വീണു എന്ന് തോന്നുന്നതോടെ കൈയിലുള്ള മാലയില്‍നിന്ന് ഒരു ചെറിയ കഷണം സ്വര്‍ണം പൊട്ടിച്ചെടുത്ത് പരിശോധനയ്ക്കായി ഇവര്‍ കൈമാറും. ഇടപാടു നടത്തിയാല്‍ തനിക്ക് ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ ഇരയാക്കപ്പെടുന്നവര്‍ പണം നല്‍കി ഇവരില്‍ നിന്ന് നിധി കൈവശപ്പെടുത്താന്‍ ശ്രമിക്കും.
തൃശൂര്‍ സ്വദേശിയായ കച്ചവടക്കാരന്റെ പരാതിയിലാണ് തട്ടിപ്പുകാര്‍ വലയിലായത്. കച്ചവടക്കാരന് ഇവര്‍ ആഭരണം കാണിക്കുകയും ഇടപാട് ഉറപ്പിക്കുകയും ചെയ്തു. ഇടപാടില്‍ സംശയം തോന്നിയ കച്ചവടക്കാരന്‍ പൊലിസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കച്ചവടക്കാരന്‍ ഇവരെ തന്ത്രപൂര്‍വം ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്കു വിളിച്ചുവരുത്തിയപ്പോഴാണ് പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."