കോഴിക്കോട്ടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം പി.എസ്.സി ചെയര്‍മാന്‍ സന്ദര്‍ശിച്ചു
കോഴിക്കോട്: ജില്ലാ പി.എസ്.സി ഓഫിസില്‍ പ്രവര്‍ത്തന സജ്ജമായ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാണെന്ന് ഉറപ്പിക്കാനുള്ള അവസാന വട്ട മോക് ടെസ്റ്റും നടത്തി. കേന്ദ്രം ഓണത്തിന് മുന്‍പ് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍മാന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യം പരിഗണിച്ച് തിയതി നിശ്ചയിക്കും. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പി.എസ്.സി ഓഫിസിന് സമീപം പി.ഡബ്യു.ഡി കെട്ടിടത്തിലാണ് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നത്.
മലബാര്‍ മേഖലയിലെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കായാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നത്. കെ.പി.എസ്.സിയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാണ് കോഴിക്കോട്ടേത്. 321 പേര്‍ക്ക് ഒരുമിച്ചിരുന്ന് പരീക്ഷയെഴുതാനുള്ള സൗകര്യമാണ് കേന്ദ്രത്തിലുള്ളത്. അകത്തേക്ക് പ്രവേശനം മാത്രമനുവദിക്കുന്ന കാത്തിരിപ്പ് കേന്ദ്രവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് പൂര്‍ണമായും സി.സി.ടി.വി നിരീക്ഷണത്തിലാണ്. പുറത്തേക്കുള്ള വഴി പരീക്ഷാ കേന്ദ്രത്തില്‍ നിന്നാണ്. പരീക്ഷാ സെന്റര്‍ പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ട്.
ഒന്നേകാല്‍ വര്‍ഷം കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. നിര്‍വഹണ ഏജന്‍സി കെല്ലിനായിരുന്നു. കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി ബജറ്റില്‍ പത്തുകോടി രൂപയാണ് വകയിരുത്തിയിരുന്നത്. സംസ്ഥാനത്ത് നാല് ഓണ്‍ലൈന്‍ കേന്ദ്രങ്ങളായതോടെ 1500പേര്‍ വരെ അപേക്ഷകരായുള്ള പരീക്ഷ നടത്തിയാല്‍ ഒരു മാസത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയും. ഇനി ലിഫ്റ്റിന്റെ പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. ആകെ 8,12,42,920 രൂപയാണ് കേന്ദ്രത്തിന്റെ നിര്‍മാണത്തിന് ചെലവായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."