ലിവ് ഇന്‍ പങ്കാളി ശ്രദ്ധയുടെ മുഖം കൊലയ്ക്കുശേഷം അഫ്താബ് കത്തിച്ചതായി ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയായ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം പ്രതി അഫ്താബ് അമീന്‍ പൂനാവാല മൃതദേഹത്തിന്റെ മുഖം കത്തിച്ചതായി ഡല്‍ഹി പൊലിസ്്. തെളിവുകള്‍ മറയ്ക്കുന്നതിന് പ്രതി ഇന്റര്‍നെറ്റില്‍ മാര്‍ഗങ്ങള്‍ തെരഞ്ഞതായും കണ്ടെത്തി. ഡെക്സ്റ്റര്‍ ഉള്‍പ്പെടെയുള്ള ക്രൈം ഷോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊലനടത്തിയതെന്ന് നേരത്തേ പ്രതി മൊഴി നല്‍കിയിരുന്നു.
കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ 35 കഷണങ്ങളാക്കി ഫഌറ്റിലെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശേഷം 18 ദിവസം കൊണ്ട് മെഹ്‌റൗളി വനത്തില്‍ കുറച്ച് കുറച്ചായി ഉപേക്ഷിക്കുകയായിരുന്നു. ഇതിനായി പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇയാള്‍ ഫഌറ്റില്‍ നിന്നിറങ്ങിയിരുന്നത്. മെയ് 18നായിരുന്നു വധം. മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ചയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഈ മാസം ആദ്യം അഫ്താബിനെ അറസ്റ്റ് ചെയ്തിരുന്നു. വനത്തില്‍ നിന്ന് ഇതുവരെ പത്തോളം ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇവ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ കാണാതായതിനാല്‍ തിരച്ചില്‍ തുടരുകയാണ്.
നഷ്ടപ്പെട്ട ശരീരഭാഗങ്ങള്‍, കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം, കൊലപാതക സമയത്തെ ശ്രദ്ധയുടെ വസ്ത്രങ്ങള്‍ എന്നിവ കേസില്‍ പ്രധാന തെളിവുകളാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, കോള്‍ ഡാറ്റ, സാഹചര്യത്തെളിവുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കേസന്വേഷണം പുരോഗമിക്കുന്നത്. ശ്രദ്ധയുടെ വസ്ത്രങ്ങള്‍ കണ്ടെത്തുന്നതിനായി ഇവര്‍ താമസിച്ചിരുന്ന ഫഌറ്റിലെ മാലിന്യം നിക്ഷേപിക്കുന്ന രണ്ട് സ്ഥലങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. മാതാപിതാക്കള്‍ ശ്രദ്ധയുമായി അകല്‍ച്ചയിലായിരുന്നു. ശ്രദ്ധയുടെ ഫോണ്‍ ഓഫായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പിതാവിനെ അറിയിക്കുകയും മുംബൈയില്‍ നിന്ന് പിതാവെത്തി അന്വേഷിക്കുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലയുടെ വിവരങ്ങള്‍ വെളിച്ചത്തുവന്നത്.
മഹാരാഷ്ട്രയിലെ വസായ് സ്വദേശികളായ ഇവര്‍ ബംബിള്‍ എന്ന ഡേറ്റിങ് ആപിലൂടെയാണ് സുഹൃത്തുക്കളായത്. ശ്രദ്ധയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതോടെ ഇവര്‍ ഡല്‍ഹിയിലേക്ക് താമസം മാറി. വിവാഹം കഴിക്കാന്‍ ശ്രദ്ധ നിര്‍ബന്ധിച്ചതിനെ ചൊല്ലി വഴക്ക് പതിവായി. വീട്ടുചെലവുകള്‍ പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിന്ന് ആരംഭിച്ച വഴക്കിനെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശരീരഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് ദിവസങ്ങളോളം സൂക്ഷിക്കാന്‍ അഫ്താബ് ഫ്രിഡ്ജ് വാങ്ങിയെന്നും പൊലിസ് കണ്ടെത്തിയിരുന്നു. രണ്ട് പേരുള്ള ഒരു വീടിന് ആനുപാതികമല്ലാത്ത ഉപഭോഗം കാണിക്കുന്ന ഒരു വാട്ടര്‍ ബില്ലും പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."