കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസിനോട് കരുണ കാട്ടണം
ജേക്കബ് ജോര്‍ജ്
തോല്‍വി ഒരു പ്രശ്‌നം തന്നെയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. ഇതു സാധാരണ തോല്‍വിയല്ലെന്നതാണ് പ്രശ്‌നമായത്. മുമ്പൊക്കെ ഒരു തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് തോറ്റാലും പ്രശ്‌നമായിരുന്നില്ല. കാരണം അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണത്തില്‍ തിരികെയെത്തുമെന്ന കാര്യം ഉറപ്പായിരുന്നു. ഇത്തവണയും ആ ഉറപ്പുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനുമെതിരേ ആരോപണങ്ങള്‍ ഒന്നൊന്നായി തൊടുത്തുവിട്ട് പ്രതിപക്ഷം കത്തിക്കയറി. സ്പ്രിംഗ്ലര്‍ മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം വരെ എത്രയെത്ര ആരോപണങ്ങള്‍. പുറമെ സ്വര്‍ണക്കടത്ത് വിവാദവും അതിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ അഴിച്ചുവിട്ട അന്വേഷണങ്ങളും. പിണറായി തകരാന്‍ ഇനിയെന്തു വേണമെന്ന ചിന്ത കനത്തു. അധികാരത്തിലേറുമെന്ന ദൃഢവിശ്വാസവും അവര്‍ക്കുണ്ടായി.
പക്ഷേ, വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ എല്ലാം തകര്‍ന്നു. പിണറായി വിജയനു ഭരണത്തുടര്‍ച്ച. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്. അതും കഴിഞ്ഞ് കുറച്ച് പിന്നിട്ടപ്പോഴാണ് ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍ ആലോചന തുടങ്ങിയത്. പലവട്ടം പല നേതാക്കളുമായും കൂടിയാലോചന നടത്തി. അവസാനവട്ട ചര്‍ച്ച ഡല്‍ഹിയില്‍. അവിടെയും അനിശ്ചിതത്വം. അവസാനം പട്ടിക സോണിയാ ഗാന്ധിയുടെ അംഗീകാരത്തോടെ പുറത്തുവന്നപ്പോള്‍ ആകെ കുഴപ്പം. പ്രതിഷേധവുമായി ആദ്യം മുന്നോട്ടുവന്നത് കെ.പി അനില്‍കുമാര്‍. ഐ ഗ്രൂപ്പിലെ പ്രഗത്ഭനായിരുന്നു അനില്‍കുമാര്‍. അവസാനം രമേശ് ചെന്നിത്തലയുമായി തെറ്റി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കെ.പി.സി.സി ഓഫിസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.
പക്ഷേ, ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അനില്‍കുമാറിനെ ഉടന്‍തന്നെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ തിരിച്ചടിച്ചു. തൊട്ടുപിന്നാലെ മുന്‍ എം.എല്‍.എയും പത്തനംതിട്ട ഡി.സി.സി മുന്‍ അധ്യക്ഷനുമായ കെ. ശിവദാസന്‍ നായര്‍ അതൃപ്തിയുമായി ടെലിവിഷന്‍ ചര്‍ച്ചയില്‍. ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ സ്ഥാനാര്‍ഥിയായിരുന്ന പി.എസ് പ്രശാന്തിനെതിരേയും നടപടി വന്നു. കെ.പി.സി.സി സെക്രട്ടറിയായിരുന്ന പ്രശാന്ത് കെ.സി വേണുഗോപാലിനെതിരേ ആരോപണമുന്നയിച്ചതാണ് കുഴപ്പമായത്. എ.ഐ.സി.സിയുടെ ഓഫിസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പമുള്ളയാളും. 1960കളില്‍ കെ.എസ്.യു പ്രസിഡന്റായതു മുതല്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും കോണ്‍ഗ്രസിലെത്തിയ ഉമ്മന്‍ ചാണ്ടി 1970ല്‍ പുതുപ്പള്ളിയില്‍നിന്ന് നിയമസഭയിലെത്തി. ഉമ്മന്‍ ചാണ്ടി, എ.കെ ആന്റണി, കൊട്ടറ ഗോപാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ചെറുപ്പക്കാരുടെ സംഘം നിയമസഭയിലെത്തിയത് കോണ്‍ഗ്രസില്‍ മാത്രമല്ല, കേരള രാഷ്ട്രീയത്തിലും ഒരു ചരിത്രസംഭവമായി. അവിടെനിന്ന് ഉമ്മന്‍ ചാണ്ടിയുടെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. സമര്‍ഥനായ സംഘടനാ നേതാവെന്ന നിലയ്ക്കും മികച്ച നിയമസഭാംഗമെന്ന നിലയ്ക്കും രാഷ്ട്രീയത്തിലെ തന്ത്രജ്ഞനെന്ന നിലയില്‍ പേരെടുത്തു. എക്കാലത്തും ആന്റണിക്കു താഴെ രണ്ടാമനായി നിന്നു. അവസാനം 2004ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. ഒന്നാമനായി.
അരനൂറ്റാണ്ടിലേറെക്കാലം കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിനെ ബലപ്പെടുത്തി നിര്‍ത്തിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വലുതാണ്. വളരെ വലുതാണ്. 1995ല്‍ കെ. കരുണാകരനെ താഴെയിറക്കുന്നതിന് ഉമ്മന്‍ ചാണ്ടിയാണ് നേതൃത്വം നല്‍കിയത്. ആന്റണിപക്ഷവും കരുണാകരന്റെ ക്യാംപില്‍നിന്ന് അകന്നുമാറി തിരുത്തല്‍വാദി നേതാക്കളായ ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ ഷാനവാസ് എന്നിവരും അതിനു പിന്തുണ നല്‍കി. സി.എം.പി ഒഴികെയുള്ള ഘടകകക്ഷികളെയും കൂടെക്കൂട്ടി. 1967ല്‍ ഒമ്പതംഗങ്ങളുമായി നിയമസഭയിലെത്തിയ കെ. കരുണാകരന്‍ ഉണ്ടാക്കിയെടുത്ത യു.ഡി.എഫിന്റെ നേതൃത്വം അങ്ങനെ ഉമ്മന്‍ ചാണ്ടിയുടെ ചുമലിലായി. പിന്നെ ഉമ്മന്‍ ചാണ്ടി, കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരായി യു.ഡി.എഫിന്റെ ആണിക്കല്ലുകള്‍.
ഇന്നിപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ പുതിയ കോണ്‍ഗ്രസ് നേതൃത്വം കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചതില്‍ തങ്ങളോട് വേണ്ടവണ്ണം ആലോചിച്ചില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കടുത്ത നിലപാട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ചൊടിപ്പിച്ചു. തങ്ങളാണ് നേതാക്കളെന്നും രണ്ടു ഗ്രൂപ്പുകളും തമ്മില്‍ കൂടിയാലോചിച്ച് നേതാക്കളെ നിശ്ചയിക്കുന്ന രീതി ഇനി നടക്കില്ലെന്നു പറഞ്ഞ് സുധാകരനും സതീശും നിലപാട് കടുപ്പിച്ചു. ഗ്രൂപ്പ് മാനേജര്‍മാര്‍ പറയുന്നതുപോലെ ഏഴ്-ഏഴ് എന്ന തരത്തില്‍ സ്ഥാനങ്ങള്‍ പങ്കുവയ്ക്കാനാണെങ്കില്‍ ഞങ്ങള്‍ പിന്നെ ഈ സ്ഥാനത്തിരിക്കുന്നതെന്തിനെന്നായിരുന്നു വി.ഡി സതീശന്റെ ചോദ്യം. സംഘര്‍ഷം പിന്നെയും മുറുകി.
ഇനിയിപ്പോള്‍ എന്താവും സ്ഥിതി? പഴയ നേതൃത്വവും പുതിയ നേതൃത്വവും തമ്മിലുള്ള അകല്‍ച്ച കൂടുകയാണ്. രണ്ടാമത്തെ പരാജയം കൂടിയായപ്പോള്‍ കോണ്‍ഗ്രസ് സംഘടനാപരമായി വളരെയധികം ക്ഷയിച്ചിരിക്കുന്നു. ഇത്ര രൂക്ഷമായൊരു സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും സമ്മര്‍ദം താങ്ങാന്‍ കോണ്‍ഗ്രസിനു കഴിയുമോ എന്ന ചോദ്യം ഉയരുന്നു. മുമ്പൊക്കെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ബലം ശക്തമായ കീഴ്ഘടകങ്ങളും ബലവത്തുള്ള അടിത്തറയുമായിരുന്നു. ഇന്ന് അടിത്തറ അതിലോലമായിരിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളില്‍നിന്ന് ഇടതുപക്ഷത്തേയ്ക്ക് പ്രകടമായൊരു ഒഴുക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രകടമായതാണ്.
ഈ പശ്ചാത്തലത്തില്‍ വേണം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ കാണാന്‍. കോണ്‍ഗ്രസില്‍ എല്ലായ്‌പ്പോഴും ഗ്രൂപ്പുവഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഗ്രൂപ്പുകള്‍ സജീവമായിരുന്നപ്പോഴും ഏറ്റുമുട്ടലുകള്‍ തകൃതിയായി നടന്നുകൊണ്ടിരുന്നപ്പോഴും കോണ്‍ഗ്രസും യു.ഡി.എഫും തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട്. അധികാരത്തില്‍ വന്നിട്ടുണ്ട്. ഓരോ തവണ തോല്‍ക്കുമ്പോഴും അടുത്ത തവണ ജയിക്കുമെന്നുറപ്പുണ്ടായിരുന്നു. ഇപ്പോള്‍ സ്ഥിതി ആകെ മാറിയിരിക്കുന്നു. കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലാകെയും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും രാഷ്ട്രീയമായി വലിയൊരു മുന്നേറ്റത്തിനു പാര്‍ട്ടിയെ സജ്ജമാക്കാന്‍ നേതൃത്വം തയാറാവുന്നില്ല.
കോണ്‍ഗ്രസ് ഒരു കേഡര്‍ പാര്‍ട്ടിയല്ല. പക്ഷേ, തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ജനപിന്തുണ കോണ്‍ഗ്രസിനുണ്ട്. ഉമ്മന്‍ ചാണ്ടിയെപ്പോലെ ജനകീയ നേതാക്കളും കോണ്‍ഗ്രസിനുണ്ട്. പഴയ നേതാക്കളെന്നും പുതിയ നേതാക്കളെന്നും വേര്‍ത്തിരിവുണ്ടാക്കി കലഹം കൂട്ടാനാണ് ഭാവമെങ്കില്‍ പാര്‍ട്ടി പിന്നെയും ക്ഷയിക്കും. 1957നു ശേഷം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ക്ഷയിച്ച് ഇല്ലാതായെങ്കിലും കേരളത്തില്‍ പിടിച്ചുനിന്നു. ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റും നേടി.
കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസിനെ ഓര്‍ക്കണം. പാര്‍ട്ടിയോട് ഒരല്‍പ്പം കരുണ കാണിക്കണം. ഇത്ര കടുത്ത ഉള്‍പ്പാര്‍ട്ടി യുദ്ധം താങ്ങാനുള്ള ശേഷി ഈ പാര്‍ട്ടിക്കില്ലെന്നും പ്രത്യേകമോര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."